ADVERTISEMENT

മുംബൈ ∙ ഗണേശോത്സവ നാളുകൾക്കായി കാത്തിരിക്കുന്നവരിൽ ഒട്ടേറെ മലയാളികളുമുണ്ട്. വസായ് വെസ്റ്റിലെ ശാന്തിനഗർ ഗിർനാർദർശൻ അപ്പാർട്മെൻ്റിലെ ഫ്ലാറ്റിൽ ഇത്തവണയും ഗണപതിയെ പ്രതിഷ്ഠിക്കുമെന്ന് ഗുജറാത്തിലെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് ഉദ്യോഗസ്ഥനും ആലപ്പുഴ അമ്പലപ്പുഴ കരൂർ സ്വദേശിയുമായ ഋഷികേശ് രാധാകൃഷ്ണപിള്ള പറഞ്ഞു. 19നാണ് പ്രതിഷ്ഠ നടത്തുക. 

തുടർന്ന് കുടുംബാംഗങ്ങൾ വ്രതം നോറ്റ് ഗണപതി ഭഗവാന് നിവേദ്യങ്ങളും ആരതികളും അർപ്പിച്ച് ഭജന നടത്തും. ജീവിതത്തിലെ വിഘ്നങ്ങൾ അകറ്റുന്ന ഭഗവാനാണ് ഗണപതി. ഭഗവാനെ ദർശിച്ച് അനുഗ്രഹം തേടാൻ കൂടെ ജോലി ചെയ്യുന്നവരും സുഹൃത്തുക്കളും വീട്ടിലെത്തുക പതിവാണ്. പണ്ടൊക്കെ ഒന്നര ദിവസത്തെ പൂജകൾക്ക് ശേഷമാണ് വിഗ്രഹനിമജ്ജനം നടത്തിയിരുന്നത്. സമീപവർഷങ്ങളിൽ 5 ദിവസത്തിനു ശേഷമാണ് നിമജ്ജനം നടത്തുന്നത്. കഴിഞ്ഞ 20 വർഷമായി തങ്ങളുടെ കുടുംബം മുടങ്ങാതെ ഗണേശോത്സവത്തിന്റെ ഭാഗമായിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.  

മൂന്നു പതിറ്റാണ്ട് മുൻപ് മകൻ രാമന് 7 വയസ്സുള്ളപ്പോൾ അവന്റെ പ്രേരണയിലാണ് ഗണേശ പ്രതിഷ്ഠ നടത്തിയതെന്ന് വസായ് നിവാസി ഗോപാല കൃഷ്ണ അയ്യർ പറഞ്ഞു. പിന്നീട് ഇക്കാലം വരെ അതു മുടക്കമില്ലാതെ നടത്തിയെന്നും അതുപോലെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 19 മുതൽ 28 വരെയാണ് ഈ വർഷത്തെ ഗണേശോത്സവം.

അടയാളം വേണമെന്ന വ്യവസ്ഥ നീക്കി

ഗണേശ വിഗ്രഹങ്ങളിൽ നിർമിക്കാനുപയോഗിച്ച വസ്തു ഏതെന്ന് അടയാളപ്പെടുത്തണമെന്ന വ്യവസ്ഥ ഗണേശ മണ്ഡലുകളുടെ എതിർപ്പിനെ തുടർന്ന് ബിഎംസി നീക്കി. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഗണേശ വിഗ്രഹത്തിന്റെ പിൻഭാഗത്ത് ചുവപ്പ് അടയാളവും കളിമണ്ണിൽ നിർമിച്ചവയുടെ പിൻഭാഗത്ത് പച്ച അടയാളവും പതിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇത് ഭക്തരുടെ വികാരങ്ങൾ വ്രണപ്പെടുത്തുമെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് നിബന്ധന നീക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com