യാത്രക്കാർ റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നത് തടയാൻ ഗ്രീസ് തന്ത്രം!
Mail This Article
മുംബൈ ∙ യാത്രക്കാർ ട്രാക്കിനു കുറുകെ കടക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി, മധ്യറെയിൽവേയിലെ പ്ലാറ്റ്‌ഫോമുകളുടെ രണ്ടറ്റത്തും ഗ്രീസ് പുരട്ടുന്നു. യാത്രക്കാർ പ്ലാറ്റ്ഫോമിൽ നിന്ന് ഇറങ്ങാനോ കയറാനോ ശ്രമിച്ചാൽ ദേഹത്ത് ഗ്രീസ് പുരളുന്ന വിധമാണ് സംവിധാനം. പ്ലാറ്റ്ഫോമുകളുടെ അറ്റത്ത് ഗ്രിൽ സ്ഥാപിച്ച സ്ഥലങ്ങളിൽ ഗ്രില്ലുകളിലും ഗ്രീസ് പുരട്ടും.
യാത്രക്കാർ ട്രാക്കിനു കുറുകെ കടക്കുന്നത് മൂലമുള്ള അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. സബേർബൻ പാതകളിലെ 60 ശതമാനത്തിലധികം മരണങ്ങളും ട്രാക്കിനു കുറുകെ കടക്കുമ്പോഴാണ് സംഭവിക്കുന്നതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. മധ്യറെയിൽവേയുടെ മുംബൈ ഡിവിഷനിൽ 2022ൽ മാത്രം ഇത്തരം അപകടങ്ങളിൽ 124 പേർ മരിച്ചിട്ടുണ്ട്.
പ്ലാറ്റ്‌ഫോമുകളുടെ ഉയരം വർധിപ്പിക്കുക, പ്ലാറ്റ്‌ഫോമുകളും ട്രെയിനുകളും തമ്മിലുള്ള വിടവ് കുറയ്ക്കുക, മുൾവേലികൾ സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ കുറഞ്ഞിട്ടില്ല. റെയിൽവേയുടെ പുതിയ പരീക്ഷണത്തിൽ യാത്രക്കാർക്ക് സമ്മിശ്ര പ്രതികരണമാണ് ഉള്ളത്. ചില യാത്രക്കാർ സ്വാഗതം ചെയ്തപ്പോൾ മറ്റു ചിലർ വിമർശിച്ചു.
പ്ലാറ്റ്‌ഫോമിന്റെ അറ്റത്ത് ഗ്രീസ് പുരട്ടുന്നത് യാത്രക്കാർ തെന്നിവീഴാൻ ഇടയാക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടി. ‘ട്രാക്കിനു കുറുകെ കടക്കുന്നവരെ പിടികൂടി പിഴ ഈടാക്കുകയാണ് വേണ്ടത്. എന്തിനാണ് ഗ്രീസ് പുരട്ടി മറ്റ് ജനങ്ങളുടെ ജീവൻ കൂടി അപകടത്തിലാക്കുന്നത്’- കല്യാൺ നിവാസി മാത്യു കെ.വർഗീസ് ചോദിച്ചു.