ത്രിതല പരിശോധന: തട്ടിപ്പ് തടയാൻ മഹാ-റേറ
Mail This Article
മുംബൈ∙ വീടു വാങ്ങുന്നവർ വഞ്ചിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ റിയൽ എസ്റ്റേറ്റ് രംഗത്തെ റഗുലേറ്ററി ഏജൻസിയായ മഹാ-റേറ ത്രിതല സൂക്ഷ്മ പരിശോധനാ സംവിധാനം നടപ്പാക്കുന്നു. കെട്ടിട നിർമാണ പദ്ധതികളുടെ റജിസ്ട്രേഷനു സമീപിക്കുന്ന നിർമാതാക്കൾ സമർപ്പിക്കുന്ന അപേക്ഷകളുടെ സാമ്പത്തികവും നിയമപരവും സാങ്കേതികവുമായ വശങ്ങൾ വിലയിരുത്താൻ 3 സ്വതന്ത്ര പാനലുകളെ നിയമിക്കും. നിർദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്ത പദ്ധതികൾക്ക് റജിസ്ട്രേഷൻ നമ്പർ നൽകില്ല. കെട്ടിട നിർമാതാക്കൾക്ക് മാനദണ്ഡങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിന് ശിൽപശാലകളും സംഘടിപ്പിക്കും.
ഫ്ലാറ്റുകൾ ബുക്ക് ചെയ്തപ്പോൾ പ്രതീക്ഷിച്ചിരുന്ന ഗുണനിലവാരം ഫ്ലാറ്റ് ലഭിച്ചപ്പോൾ ഇല്ലെന്ന പരാതികൾ ഒഴിവാക്കാനും മഹാ-റേറ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫ്ലാറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക ഏജൻസിയെ നിയമിക്കാനാണ് തീരുമാനം. നിർമാണഘട്ടത്തിൽ തന്നെ ഏജൻസിക്ക് പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ കഴിയും. നിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ചാണ് നിർമാണം നടത്തുന്നതെങ്കിൽ തടയാനുള്ള അധികാരവും ഏജൻസിക്കുണ്ടാകും.