ADVERTISEMENT

മുംബൈ∙ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയിൽ ഭൂചലന മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു.  ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനം ഭൂചലനം ഉണ്ടാകുന്നതിന് മുൻപേ മുന്നറിയിപ്പ് നൽകും. രാജ്യത്താദ്യമായാണൊരു പദ്ധതിയിൽ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. 28 സീസ്മോ മീറ്ററുകൾ ഇരുസംസ്ഥാനങ്ങളിലും സ്ഥാപിക്കും. ട്രെയിനുകൾ ഓടുന്നതിനിടെ ഭൂചലനം ഉണ്ടായാലുള്ള അപകടസാധ്യത പരിഗണിച്ചാണ് സീസ്മോമീറ്ററുകൾ ഘടിപ്പിക്കുന്നത്.  ഭൂചലനങ്ങൾ  ഉണ്ടായാൽ പ്രാഥമിക തരംഗങ്ങൾ തിരിച്ചറിഞ്ഞ് ഓട്ടമാറ്റിക്കായി വൈദ്യുതി നിലയ്ക്കുകയും ട്രെയിൻ നിൽക്കുകയും ചെയ്യും. 

മഹാരാഷ്ട്രയിൽ മുംബൈ, താനെ,വിരാർ, ബോയ്സർ എന്നിവിടങ്ങളിലും ഗുജറാത്തിൽ വാപി, ബിൽമോറ,സൂറത്ത് , ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ വിവിധ സബ് സ്റ്റേഷനുകളിലുമായാണ് 22 എണ്ണം സ്ഥാപിക്കുന്നത്. 6 സീസ്മോമീറ്ററിൽ നാലെണ്ണം മഹാരാഷ്ട്രയിലെ  ഖേഡ്, രത്‌നാഗിരി, ലാത്തൂർ, പാംഗ്രി, എന്നിവിടങ്ങളിലും രണ്ടെണ്ണം ഗുജറാത്തിലെ കച്ച്, ഭുജ് എന്നിവിടങ്ങളിലും സ്ഥാപിക്കും. 100 വർഷത്തിനിടെ ഭൂകമ്പ മാപിനിയിൽ 5.5ന് മുകളിൽ തീവ്രത രേഖപ്പെടുത്തിയ സ്ഥലങ്ങൾ എന്നത് കണക്കിലെടുത്താണ് ഇവിടെ സീസ്മോമീറ്റർ സ്ഥാപിക്കുന്നത്.

സുരക്ഷ മുഖ്യം
മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള ബുള്ളറ്റ് ട്രെയിൻ പാതയിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരത്തിലൊരു നീക്കം. വൈദ്യുതി നിലച്ച് ട്രെയിൻ നിന്നാൽ ഉടൻ തന്നെ എമർജൻസി വാതിലുകൾ തുറക്കും. ഇതിലൂടെ യാത്രക്കാരെ പുറത്തെത്തിക്കാനും കഴിയും.

1,10,000 കോടിയുടെ പദ്ധതി
മുംബൈയിൽ നിന്ന് അഹമ്മദാബാദ് വരെ 508 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് അതിവേഗ റെയിൽപാത. 1,10,000 കോടി രൂപയാണ് പദ്ധതിച്ചെലവ്. 88,000 കോടി രൂപ നൽകുന്നത് ജപ്പാനാണ്.  2 മണിക്കൂറിൽ താഴെ സമയം കൊണ്ട് മുംബൈയിലെ ബികെസിയിൽ നിന്ന് ഗുജറാത്തിലെ അഹമ്മദാബാദിലെത്താം. 12 സ്റ്റേഷനുകളാണ് പാതയിലുള്ളത്. 2017ൽ തറക്കല്ലിട്ട പദ്ധതി 2027നകം പൂർത്തിയാക്കുമെന്നാണ് കരുതുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com