വെളുത്തുള്ളി കയ്ക്കും; ഒരു കിലോ 550 രൂപ!
Mail This Article
മുംബൈ ∙ വെളുത്തുള്ളി വില കിലോഗ്രാമിന് 550 രൂപ പിന്നിട്ടു. നിലവാരം കുറഞ്ഞയിനം 420 രൂപയ്ക്ക് ലഭ്യമാണ്. കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവും മൂലം ഉൽപന്നവരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിനു കാരണം. മധ്യപ്രദേശ്, ഗുജറാത്ത്, യുപി രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്നാണ് വെളുത്തുള്ളി കൂടുതലും എത്തുന്നത്.
മഹാരാഷ്ട്രയിലും ചിലയിടങ്ങളിൽ കൃഷിയുണ്ട്. വില കുത്തനെ കൂടിയതോടെ വീടുകളിൽ പലരും വെളുത്തുള്ളി ഉപയോഗം കുറച്ചു. അതേസമയം, വിഭവങ്ങളിൽ ഏറിയ പങ്കിനും വെളുത്തുള്ളി നിർബന്ധമായും ഉപയോഗിക്കേണ്ടതിനാൽ ഹോട്ടലുകൾക്ക് വെളുത്തുള്ളി ഒഴിവാക്കാനാകില്ല.
പ്രതിദിനം 900 രൂപയുടെ അധികച്ചെലവാണ് വെളുത്തുള്ളി വിലയിലെ വർധന മൂലം വന്നിരിക്കുന്നതെന്ന് ദക്ഷിണ മുംബൈ ഫോർട്ടിലെ മലയാളി ഹോട്ടലുടമ പറഞ്ഞു. വെളുത്തുള്ളിയുടെ വില കേട്ട് വാങ്ങാതെ മടങ്ങിപ്പോകുന്നവർ ഏറെയാണെന്ന് ചില്ലറ വ്യാപാരികൾ വ്യക്തമാക്കി.
വില ദേശവ്യാപകമായി വർധിച്ചിട്ടുണ്ടെന്നും പുതിയ വിളവ് ഒരു മാസത്തിനകം എത്തുന്നതോടെ വില കുറയുമെന്നും വാശി എപിഎംസി മൊത്തവിപണിയിലെ കച്ചവടക്കാർ ചൂണ്ടിക്കാട്ടി.