ADVERTISEMENT

മുംബൈ∙ യുവാക്കൾക്കും കുട്ടികൾക്കും ഇടയിൽ ഗെയിമിങ് ആസക്തി വർധിക്കുന്നതിനിടെ ബോധവൽക്കരണ പരിപാടികൾ നടത്താൻ സർക്കാർ തീരുമാനിച്ചു.  ഇതിനു മുന്നോടിയായി സർവേകളും സംഘടിപ്പിക്കും. 18 മുതൽ 45 വയസ്സു വരെ പ്രായമുള്ളവർക്കിടയിലാണ് സർവേ നടത്തുക. ഓൺലൈനിലും ഓഫ് ലൈനിലും ക്യാംപെയ്നുകൾ സംഘടിപ്പിക്കും. ഗെയിമിന് അടിമയാകുന്നവരുടെ അമിതാസക്തി മാനസികാരോഗ്യത്തെയും നിത്യജീവിതത്തെയും ബാധിക്കുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 

ഒഴിവുസമയങ്ങളിൽ യുവാക്കൾ ഓൺലൈൻ ഗെയിമിനെ ആശ്രയിക്കുന്നു. പിന്നീട് പുറത്ത് വരാൻ കഴിയാത്ത സ്ഥിതിയിലേക്ക് ഇവർ മാറുന്നു എന്നാണ് കണ്ടെത്തൽ. ബോധവൽക്കരണ പരിപാടികൾ ആദ്യഘട്ടത്തിൽ നാഗ്പുരിലും ധാരാശിവിലും (ഉസ്മാനബാദ്) നടത്താനാണ് പദ്ധതി. പിന്നാലെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. 

ഗെയിമിങ് ഡിസോർഡർ 
ഗെയിം കളിച്ച് സ്വയം നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് ഗെയിമിങ് ഡിസോർഡർ എത്തിക്കുക. വ്യക്തിപരമായും സാമൂഹികമായും സാമ്പത്തികമായും ഒട്ടേറെ തിരിച്ചടികൾ പലർക്കും ഉണ്ടാകുന്നുണ്ട്. പെരുമാറ്റവൈകല്യം പോലെ ഗെയിമിങ്ങിനെ കാണാമെന്ന്  പഠനങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സർക്കാർ മാനസികാരോഗ്യ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ഓൺലൈൻ ഗെയിം കളിക്കുന്നതിൽ പ്രായപരിധിയോ നിയന്ത്രണമോ ഇല്ലാത്തതിനാൽ പലരുടെയും ചെറുപ്പം മുതലുള്ള ശീലം പിന്നീട് ആസക്തിയായി മാറുന്നതായും വിദഗ്ധർ പറയുന്നു. 

ശ്രദ്ധിക്കാം 
ഗെയിമിനോടുള്ള ആവേശം, സ്വയം നിയന്ത്രണമില്ലായ്മ, ഉത്കണ്ഠ ഇവയെല്ലാം കൗൺസലിങ്ങിലൂടെ ചികിത്സിച്ചു ഭേദമാക്കാം. റമ്മി കളിച്ചും മറ്റും പണം നഷ്ടപ്പെട്ട് തട്ടിപ്പു നടത്തിയ ഒട്ടേറെ കേസുകൾ ഉണ്ടായതിനു പിന്നാലെയാണ് സർക്കാർ ബോധവൽക്കരണ പരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗെയിം അഡിക്‌ഷൻ ഉള്ളവരിലെ  ലക്ഷണങ്ങൾ 
∙ നെഗറ്റീവ് മൂഡ് മാറ്റാൻ എപ്പോഴും ഓൺലൈൻ ഗെയിമുകളെ ആശ്രയിക്കുക 

∙ കളിക്കാതിരിക്കുമ്പോൾ ഉത്കണ്ഠ, ആശങ്ക എന്നിവ മനസ്സിനെ വരിഞ്ഞു മുറുക്കുക 

∙ ജോലി സ്ഥലത്തെയും വീട്ടിലെയും ഉത്തരവാദിത്തങ്ങൾ വിട്ട് ഗെയിമുകളെക്കുറിച്ച് കൂടുതലായി ചിന്തിക്കുക 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com