ആയിരത്തിലധികം ഇ– ചാർജിങ് സ്റ്റേഷനുകളുമായി ടാറ്റാ പവർ
Mail This Article
മുംബൈ ∙ ടാറ്റാ പവർ നഗരത്തിൽ ആയിരത്തിലധികം ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു. പാർപ്പിട സമുച്ചയങ്ങൾ, മാളുകൾ, വ്യാപാര കേന്ദ്രങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലാണ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിച്ചത്.
തിരക്കേറിയ റൂട്ടുകളിൽ അതിവേഗം ചാർജ് ചെയ്യാൻ പറ്റുന്ന ചാർജിങ് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. മുംബൈ–പുണെ ഹൈവേയിൽ 19 ചാർജിങ് പോയിന്റുകളും മുംബൈ–ഗോവ ഹൈവേയിൽ 26 പോയിന്റുകളുമാണ് സ്ഥാപിച്ചത്.
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേകം നയം സർക്കാർ 2021ൽ നടപ്പാക്കിയിരുന്നു. 2025ന് അകം റജിസ്റ്റർ ചെയ്ത മൊത്തം വാഹനങ്ങളുടെ 10% ഇലക്ട്രിക് വാഹനങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നയം രൂപീകരിച്ചത്.
മുംബൈ-പുണെ, മുംബൈ-നാസിക്, മുംബൈ-നാഗ്പുർ, പുണെ-നാസിക് എന്നീ പ്രധാന ഹൈവേകളിലായി 2,500 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനും പദ്ധതിയിട്ടിരുന്നു. 2027നകം ബെസ്റ്റ് പൂർണമായും ഇലക്ട്രിക് ബസുകളാക്കാനുള്ള ഒരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. മൂവായിരത്തോളം ഇലക്ട്രിക് ബസുകൾക്കുള്ള കരാറുകൾ നൽകിക്കഴിഞ്ഞു.