ADVERTISEMENT

മുംബൈ∙ യാത്രാക്ലേശം രൂക്ഷമാകുന്നതിനിടെ ബെസ്റ്റ് ബസ് അധികൃതർ 700 എസി ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകൾക്കുള്ള കരാർ റദ്ദാക്കി. കരാർ നൽകി ഒരു വർഷം പിന്നിട്ടിട്ടും ബസുകളൊന്നും നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെയാണ് ബെസ്റ്റ് പിന്മാറിയിരിക്കുന്നത്.രണ്ട് കമ്പനികൾക്കായി 900 ബസുകളുടെ ഓർഡറാണ് നൽകിയിരുന്നത്. ഒരു കമ്പനിക്ക് 200 ബസുകളുടെയും മറ്റൊരു കമ്പനിക്ക് 700 ബസുകളുടേതും.

700 ബസുകളുടെ ഓർഡർ ലഭിച്ച കമ്പനി ഒരു ബസ് പോലും നൽകാത്ത സാഹചര്യത്തിലാണ് കരാറിൽ നിന്ന് ‘ബെസ്റ്റ്’ പിന്മാറിയിരിക്കുന്നത്.  200 ബസുകളുടെ കരാറേറ്റെടുത്ത കമ്പനി 50 ബസുകൾ കൈ മാറി. ഇവരുമായുള്ള കരാർ തുടരും. ഈ സാമ്പത്തിക വർഷത്തിൽ തന്നെ അവശേഷിക്കുന്ന150 ബസുകൾ കൂടി നിരത്തിലിറക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്.

പതിറ്റാണ്ടുകളായി സർവീസ് നടത്തിയിരുന്ന നോൺ എസി ഡബിൾ ഡെക്കർ ബസുകൾ കഴിഞ്ഞ സെപ്റ്റംബറോടെ പൂർണമായി പിൻവലിച്ചിരുന്നു. ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസുകൾ ഉടനെയെത്തുമെന്ന പ്രതീക്ഷയിലാണ് പഴയ ബസുകൾ പൂർണമായും പിൻവലിച്ചത്. പകരം ബസുകൾ എത്താൻ വൈകിയതോടെ യാത്രാക്ലേശം രൂക്ഷമായി.

ആവശ്യം 3000 കോടി; കൈമലർത്തി ബിഎംസി
മുംബൈ കോർപറേഷന്റെ ബസ് സർവീസ് വിഭാഗമായ ‘ബെസ്റ്റ്’, ലോക്കൽ ട്രെയിന‍് കഴിഞ്ഞാൽ പിന്നെ ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. ബെസ്റ്റ് ബസ് സർവീസ് മെച്ചപ്പെടുത്താൻ കോർപറേഷൻ സാമ്പത്തിക സഹായവും നൽകുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം 1200 കോടി രൂപ നൽകി. ഈ സാമ്പത്തിക വർഷത്തിൽ ബസുകൾ വാങ്ങുന്നതിനും മറ്റുമായി 3000 കോടി രൂപയാണ് ബെസ്റ്റ് ആവശ്യപ്പെട്ടത്. എന്നാൽ, ഇത്രയും നൽകാനാവില്ലെന്ന നിലപാടിലാണ് ബിഎംസി.

ബസുകൾ തീരെ കുറവ്
3500ൽ ഏറെ ബസുകളുണ്ടായിരുന്ന ബെസ്റ്റിന് ഇപ്പോൾ ആകെയുള്ളത് 2900 ബസുകൾ  മാത്രമാണ്. ബസുകളുടെ എണ്ണക്കുറവ് മൂലം നേരത്തെ ഓടിക്കൊണ്ടിരുന്ന പല റൂട്ടുകളും വെട്ടിച്ചുരുക്കിയതിൽ വലിയ വിമർശനങ്ങളും നേരിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com