ഉയർന്നുവരുന്നു, അംബരചുംബികളായ കെട്ടിടങ്ങൾ, പുതിയ ടൗൺഷിപ്പുകൾ: മുഖം മിനുക്കാൻ ധാരാവി
Mail This Article
മുംബൈ ∙ നഗരം വളരുന്നതിനൊപ്പം പുതിയ ടൗൺഷിപ്പുകളും രൂപം കൊള്ളുകയാണ്. അംബരചുംബികളായ ഒട്ടേറെ കെട്ടിടങ്ങളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. നഗരത്തിൽ 40 നിലയിൽ കൂടുതൽ ഉയരമുള്ള 154 കെട്ടിടങ്ങളാണുള്ളത്. 2030 ആകുമ്പോഴേക്കും ഇത്തരം കെട്ടിടങ്ങളുടെ എണ്ണം 200 ആയി ഉയരും. ഭൂമിക്ക് അടിയിലേക്കുള്ള സാധ്യതകൾ തുറന്നതിനൊപ്പം ഉയരം കൂടിയ കെട്ടിടങ്ങളുടെയും നിർമാണവും വലിയ തോതിൽ പുരോഗമിക്കുന്നുണ്ട്. ദക്ഷിണ മുംബൈയിൽ 103 ടവറുകളാണ് നിർമാണത്തിലുള്ളത്.
മധ്യമുംബൈയിൽ 40 നിലകളിലായി 87 ഉയർന്ന കെട്ടിടങ്ങളുണ്ട്. ഇതിൽ 42 എണ്ണം പൂർത്തിയാകുകയും 45 ടവറുകളുടെ നിർമാണം പുരോഗമിക്കുകയും ചെയ്യുന്നു. നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലും ഉയരം കൂടിയ ടവറുകളുടെ നിർമാണം നടക്കുന്നു. ഇത്തരം കെട്ടിടങ്ങൾ സാമ്പത്തികശക്തിയുടെ പ്രതിഫലനമാണെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. കടൽ കടന്ന് ഭൂമിക്കടിയിലേക്കും മുകളിലേക്കും നഗരം അതിവേഗം വളരുകയാണ്. 2030ൽ മുംബൈയുടെ മുഖമാകെ മാറും.
മാറ്റത്തിനൊപ്പം കുതിക്കുന്ന മലയാളി
മലയാളികൾ ഉൾപ്പെടെയുള്ളവർ പുതിയ സ്ഥലങ്ങളിലേക്ക് തട്ടകം മാറ്റുന്നുണ്ട്. ഒരു കാലഘട്ടത്തിൽ നെരുൾ, സീവുഡ്സ്, പൻവേൽ മേഖലയിൽ ഉണ്ടായിരുന്ന പലരും ഉൾവേ മേഖലയിൽ നിക്ഷേപം നടത്തി. ഇവിടെ ആദ്യഘട്ടങ്ങളിൽ ഫ്ലാറ്റുകൾ സ്വന്തമാക്കിയ പലർക്കും ഇരട്ടി ലാഭമാണ് ലഭിച്ചിട്ടുള്ളത്. മാറ്റത്തിനൊപ്പം കുതിക്കുകയാണ് ബദലാപുർ, അംബർനാഥ് മേഖലകൾ. ഒട്ടേറെ ഭവനപദ്ധതികളാണ് മേഖലയിൽ അടുത്തകാലത്ത് വന്നിട്ടുള്ളത്. കുടിയേറ്റവും വർധിച്ചു. കല്യാൺ അടക്കം മലയാളികളുടെ ആദ്യകാല കുടിയേറ്റ മേഖലയും മാറ്റത്തിന്റെ പാതയിലാണ്. റെയിൽവേ സ്റ്റേഷന്റെ വികസനവും കല്യാൺ–ഡോംബിവ്‌ലി മേഖലയിലേക്കുള്ള മെട്രോ പദ്ധതികളുടെ വരവും മേഖലയിൽ വലിയ കുതിപ്പിനു വഴിയൊരുക്കും. പ്രദേശത്തെ നവിമുംബൈയുമായി ബന്ധിപ്പിക്കുന്ന മെട്രോ പാത പുതിയ വികസനവഴി തുറക്കും.
പുത്തൻ ധാരാവി
മഹാനഗരത്തിന്റെ ഹൃദയഭാഗത്താണ് ധാരാവി. 8 ലക്ഷത്തിലേറെ പേർ താമസിക്കുന്ന ചേരിയും മുഖം മിനുക്കുകയാണ്. ചേരിപ്രദേശത്തെ നിലവിലുള്ള കെട്ടിടങ്ങളും കുടിലുകളും പൊളിച്ചുനീക്കി പുതിയ ഫ്ലാറ്റുകൾ നിർമിച്ചു നൽകുമ്പോൾ പാർപ്പിട, വാണിജ്യ സമുച്ചയങ്ങൾ നിർമിച്ച് വിൽക്കാനും കരാറേറ്റെടുത്തിരിക്കുന്ന അദാനി ഗ്രൂപ്പിന് കഴിയും. നഗരത്തിലെ ധാരാളം ചെറുകിടക്കച്ചവടക്കാർ താമസിക്കുന്ന പ്രദേശം പ്രധാനവാണിജ്യ കേന്ദ്രങ്ങളിലൊന്നായും മാറും.