മദ്യം നൽകും മുൻപേ പ്രായം ഉറപ്പാക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കി ബാറുകൾ
Mail This Article
മുംൈബ ∙ 25 വയസ്സിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ മുംബൈ, പുണെ നഗരങ്ങളിലെ പല ബാറുകളും മദ്യഷോപ്പുകളും സർക്കാർ തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കി. പ്രായപൂർത്തിയാകാത്തവർ മദ്യപിച്ച് വാഹനാപകടങ്ങൾ ഉണ്ടാക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്.
കഴിഞ്ഞ മാസം പുണെയിൽ മദ്യലഹരിയിലായിരുന്ന കൗമാരക്കാരൻ ഓടിച്ച ആഡംബര കാറിടിച്ച് 2 ഐടി ജീവനക്കാർ മരിച്ച സംഭവം വലിയ വിവാദമായിരുന്നു. തുടർന്ന്, പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നു സംസ്ഥാന എക്സൈസ് വകുപ്പ് വ്യക്തമാക്കിയിരുന്നു.
ബീയറും വൈനും ഉപയോഗിക്കാൻ സംസ്ഥാനത്തെ പ്രായപരിധി 21 വയസ്സാണ്. വീര്യം കൂടിയ മറ്റു മദ്യത്തിന് 25 വയസ്സും. മദ്യപിക്കാനെത്തുന്നവരുടെ വയസ്സ് 25ൽ താഴെയാണെന്നു സംശയം തോന്നിയാൽ, പ്രായം തിരിച്ചറിയാൻ സഹായിക്കുന്ന സർക്കാർ രേഖകൾ തങ്ങൾക്കു കീഴിലുള്ള ബാർ ഹോട്ടലുകളിലെ സ്റ്റാഫ് ചോദിക്കുന്നുണ്ടെന്ന് ബാർ ഹോട്ടലുകളുടെ സംഘടനയായ ‘ആഹാറി’ന്റെ പ്രസിഡന്റ് സുരേഷ് ഷെട്ടി പറഞ്ഞു.
വോട്ടർ ഐഡി, പാൻ, ആധാർ, ഡ്രൈവിങ് ലൈസൻസ് എന്നിവയിലൊന്നാണ് നോക്കുക. കൂടാതെ, വിദേശമദ്യം വാങ്ങാനും കൈവശം വയ്ക്കാനും ഉപയോഗിക്കാനും പെർമിറ്റ് എടുക്കണമെന്ന നിയമവും സംസ്ഥാനത്ത് നിലവിലുണ്ട്. ഇത് പലരും പാലിക്കാറില്ല. അതിനാൽ നടപടികൾ കർശനമാക്കാനും എക്സൈസ് വകുപ്പ് ആലോചിക്കുന്നുണ്ട്. ഒരു ദിവസത്തേക്ക് (5 രൂപ), വർഷത്തേക്ക് (100 രൂപ), ആജീവനാന്തം (1000 രൂപ) എന്നിങ്ങനെ മൂന്നു വിധത്തിലുള്ള പെർമിറ്റുകളുണ്ട്.