അവർ ഒരുമിച്ചുപോയി; മരണക്കയത്തിലേക്കും
Mail This Article
മുംബൈ ∙ കെട്ടിപ്പുണർന്നു നിന്നിട്ടും കുതിച്ചെത്തിയ മഴവെള്ളപ്പാച്ചിലിൽ മരണക്കയത്തിലേക്കു തെന്നിവീണ കുടുംബത്തിലെ 5 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. പുണെയ്ക്കടുത്ത് ലോണാവാലയിൽ ഭുഷി അണക്കെട്ടു കാണാനെത്തിയ ഏഴംഗ കുടുംബം ഒന്നാകെ ഞായറാഴ്ച ഉച്ചയ്ക്കാണ് അപ്രതീക്ഷിതമായുണ്ടായ ഒഴുക്കിൽപ്പെട്ടത്. രണ്ടു പേർ ജീവിതത്തിലേക്കു നീന്തിക്കയറി.
കുതിച്ചെത്തിയ മലവെള്ളത്തെ പ്രതിരോധിക്കാൻ ബന്ധുക്കൾ ഒറ്റക്കെട്ടായി നിന്നിട്ടും ഒഴുക്കിന്റെ ശക്തി കൂടിയതോടെ നിലതെറ്റി. വെള്ളച്ചാട്ടത്തിന്റെ ഇരു വശങ്ങളിൽ നിന്ന നൂറുകണക്കിനു പേർക്കു നിസ്സഹായതയോടെ നിലവിളിക്കാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. രണ്ടു കുട്ടികളെ എടുത്ത് മറ്റുള്ളവരെ ചേർത്തുപിടിച്ചു നിന്ന സ്ത്രീയാണ് ആദ്യം ഒഴുക്കിൽപ്പെട്ടത്. ഇതോടെ മറ്റുള്ളവരുടെയും നില തെറ്റി. ചിതറിപ്പോയതിൽ ഷാഹിസ്ത അൻസാരി (40), ആമിന അൻസാരി (13), ഉമേറ അൻസാരി, മറിയ അൻസാരി (9), അഡ്നാൻ അൻസാരി (4) എന്നിവരാണ് മരിച്ചത്.
മുംബൈയിൽ നിന്ന് പുണെയിൽ വിവാഹത്തിനായി എത്തിയ കുടുംബം മിനി ബസിലാണ് ലോണാവാലയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയത്. വാഗമണ്ണിലേതുപോലെ മൊട്ടക്കുന്നുകളാണ് ലോണാവാലയുടെ ആകർഷണം. നൂൽമഴ പെയ്തിറിങ്ങുന്ന സീസണിൽ സന്ദർശകത്തിരക്ക് ഏറെയാണ്. അപകടമുണ്ടായ ഞായറാഴ്ച അൻപതിനായിരത്തോളം പേരാണ് ഇവിടം സന്ദർശിച്ചത്.