ADVERTISEMENT

മുംബൈ ∙ ഇന്നലെയും തുടർന്ന കനത്ത മഴയിൽ മുംബൈയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. താമസമേഖലകളിലും റോഡുകളിലും വെള്ളം കയറിയതോടെ ജനം ദുരിതത്തിലായി. മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം രണ്ടുതവണ നിർത്തിവച്ചു. 15 വിമാനങ്ങൾ അഹമ്മദാബാദ് അടക്കമുള്ള സമീപ വിമാനത്താവളങ്ങളിലേക്കു വഴിതിരിച്ചുവിട്ടു. കനത്ത മഴയ്ക്കിടെ, റൺവേ പ്രവർത്തനങ്ങൾ ഉച്ചയ്ക്ക് 12.12ന് എട്ട് മിനിറ്റും ഉച്ചയ്ക്ക് 1 മുതൽ 1.15 വരെയും നിർത്തിവച്ചു. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, ആകാശ എന്നീ വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു.

മുംബൈ കോർപറേഷന്റെ കണക്കനുസരിച്ച് നഗരത്തിൽ ഇന്നലെ 82 മില്ലിമീറ്ററും കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 96 മില്ലിമീറ്ററും പശ്ചിമ മേഖലയിൽ 90 മില്ലിമീറ്ററും മഴ പെയ്തു. വെസ്റ്റേൺ, മെയിൻ ലൈനുകളിൽ ലോക്കൽ ട്രെയിനുകൾ വലിയ തടസ്സമില്ലാതെ ഓടി. എന്നാൽ, മാൻഖുർദ്, പൻവേൽ, കുർള സ്റ്റേഷനുകൾക്ക് സമീപം വെള്ളക്കെട്ടു മൂലം കാരണം ഹാർബർ ലൈനിൽ ട്രെയിനുകൾ 20 മിനിറ്റ് വരെ വൈകി.

മുംബൈ നഗരത്തിൽ പല ഭാഗങ്ങളിലും വെള്ളം കയറിയതിനാൽ ഏതാനും ബസുകൾ വഴിതിരിച്ചുവിട്ടു. അന്ധേരി, ഖാർ, ട്രോംബെയിലെ മഹാരാഷ്ട്ര നഗർ എന്നിവിടങ്ങളിലെ സബ്‌വേകൾ അടയ്ക്കേണ്ടിവന്നു. ചിലയിടങ്ങളിൽ വാഹനങ്ങൾ തിരിച്ചുവിട്ടു. വഡാലയിലും മാട്ടുംഗയിലും ദാദറിലുമുണ്ടായ വെള്ളക്കെട്ടിൽ ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com