രക്ഷാബന്ധൻ ഉത്സവം; ആവേശത്തിൽ മുംബൈ നഗരം
Mail This Article
മുംബൈ ∙ സഹോദരസഹോദരീ ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടുന്ന രക്ഷാബന്ധൻ ഉത്സവം ഇന്ന്. ശ്രാവണ മാസത്തിലെ പൗർണമി നാളിലാണ് രക്ഷാബന്ധൻ. സഹോദരി സഹോദരന്റെ കയ്യിൽ രാഖി കെട്ടുന്നതാണ് പ്രധാന ചടങ്ങ്. തുടർന്ന് മധുരപലഹാര വിതരണവും വിഭവസമൃദ്ധമായ ഭക്ഷണവുമെല്ലാമായി ആഘോഷം.
ഉത്തരേന്ത്യക്കാർക്കിടയിലാണ് രക്ഷാബന്ധൻ വിപുലമായി ആഘോഷിക്കുന്നതെങ്കിലും മറുനാട്ടിലുള്ള മലയാളി കുടുംബങ്ങളിലെ പുതുതലമുറയും ആഘോഷത്തിൽ സജീവമാണ്. ഓരോ വർഷവും വ്യത്യസ്തതരം രാഖികൾ വിപണിയിലെത്തും. 6 രൂപ മുതൽ 1,000 രൂപ വരെ വിലയുള്ള രാഖികൾ വിപണിയിലുണ്ട്. അമേരിക്കൻ ഡയമണ്ട് രാഖി, സൂപ്പർ ഹീറോ തീമിലുള്ള രാഖി എന്നിവയ്ക്ക് ആവശ്യക്കാരേറെയാണ്.
സ്നേഹച്ചരടുകൾ ജയിലിൽ നിന്നും
മുംബൈ ∙ രക്ഷാബന്ധൻ ആഘോഷത്തിനായി രാഖികൾ നിർമിച്ച് സത്താറ ജയിലിലെ അന്തേവാസികളായ സ്ത്രീകൾ. രാഖികൾ വാങ്ങാൻ ജയിൽ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. ജയിലിൽ കഴിയുന്ന സ്ത്രീകളിൽ സാഹോദര്യത്തിന്റെ സന്ദേശം എത്തിക്കുകയാണ് രാഖി നിർമാണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു. അന്തേവാസികൾക്ക് ഒരു തൊഴിൽ പഠിക്കാനുള്ള അവസരം കിട്ടുമെന്നും പറഞ്ഞു.