മുംബൈ നഗരയാത്ര: റെക്കോർഡ് പിന്നിട്ടത് 10 വർഷം കൊണ്ട്, 100 കോടി തൊട്ട് മെട്രോ 1
Mail This Article
മുംബൈ∙ നഗരത്തിലെ ആദ്യത്തെ മെട്രോ ട്രെയിൻ സർവീസായ മെട്രോ വൺ (ഘാട്കോപ്പർ–വെർസോവ) സുവർണനേട്ടത്തിൽ. പ്രവർത്തനം തുടങ്ങി പത്തുവർഷം പൂർത്തിയായതിനു പിന്നാലെ 100 കോടി യാത്രക്കാരെന്ന നാഴികക്കല്ലു കടന്നു. നിലവിൽ, പ്രതിദിനം അഞ്ചുലക്ഷത്തോളം യാത്രക്കാരാണ് മെട്രോ1 പാതയിലുള്ളത്. അന്ധേരി, സാക്കിനാക്ക, ഘാട്കോപ്പർ സ്റ്റേഷനുകളിൽ നിന്നാണ് കൂടുതൽ യാത്രക്കാർ.
സർവീസ് 4 മിനിറ്റ് ഇടവേളയിൽ
2014 ജൂണിൽ അന്നത്തെ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് ഘാട്കോപ്പർ–വെർസോവ മെട്രോ 1 സർവീസ് ഫ്ലാഗ് ഓഫ് ചെയ്തത്. പ്രതിദിനം 430 സർവീസുകൾ നടത്തുന്നു. തിരക്കുള്ള സമയങ്ങളിൽ 3.30 മിനിറ്റ് ഇടവേളയിലും അല്ലാത്ത സമയങ്ങളിൽ 7 മിനിറ്റ് ഇടവേളയിലുമാണ് സർവീസ്. രാജ്യത്ത് ക്യുആർ കോഡ് അധിഷ്ഠിത ടിക്കറ്റിങ് സംവിധാനം (2017) കൊണ്ടുവന്ന ആദ്യ മെട്രോ സർവീസാണിത്. വാട്സാപ് വഴി ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം. സോളർ മേൽക്കൂരയുള്ള ഇന്ത്യയിലെ ആദ്യ മെട്രോയെന്ന പ്രത്യേകതയുമുണ്ട്.
നിലവിൽ 16 റേക്കുകളാണ് മെട്രോ വണ്ണിൽ സർവീസ് നടത്തുന്നത്. രണ്ട് റേക്കുകൾ റിസർവ് ചെയ്തിരിക്കുന്നു. നാലു കോച്ചുകളുള്ള റേക്കുകളാണ് പാതയിൽ ഉപയോഗിക്കുന്നത്. അനിൽ അംബാനിയുടെ റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചറിന് നടത്തിപ്പ് ചുമതലയുള്ള വെർസോവ–അന്ധേരി–ഘാട്കോപ്പർ മെട്രോ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നതാണ്. ബാങ്കുകളിൽ നിന്നെടുത്ത വായ്പ വീട്ടാൻ സർക്കാർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.