76000 കോടിയുടെ സ്വപ്ന പദ്ധതി ഒരുങ്ങുന്നു; ഏറ്റവും ആഴമേറിയ തുറമുഖം, 12 ലക്ഷം തൊഴിലവസരം
Mail This Article
മുംബൈ ∙ വാഡ്‌വൻ തുറമുഖത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടത് മത്സ്യത്തൊഴിലാളികളുടെ കടുത്ത പ്രതിഷേധത്തിനിടെ. സർക്കാരിന്റെ സ്വപ്ന പദ്ധതികളിലൊന്നായ 76000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വാഡ്‌വൻ തുറമുഖം മുംബൈയിൽ നിന്ന് 150 കിലോമീറ്റർ അകലെ ഗുജറാത്തിന് ചേർന്ന് ഡഹാണു താലൂക്കിലാണ്. സംസ്ഥാനത്തിനും രാജ്യത്തിനായും വൻതോതിൽ ഗുണം ചെയ്യുന്ന പദ്ധതിയാണ് വാഡ്‌വൻ തുറമുഖമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള പ്രയാണത്തിൽ ചരിത്രദിനമാണിത്.
2020ൽ തുറമുഖം നിർമിക്കാൻ തീരുമാനിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രിക്ക് താൽപര്യമില്ലായിരുന്നു.12 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിക്ക് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോൾ എതിരുനിന്നു. ചില ആളുകൾ സംസ്ഥാനത്തെ പിന്നോട്ട് നടത്താനാണ് ആഗ്രഹിക്കുന്നതെന്നും പദ്ധതിയുടെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും ആഴമേറിയ തുറമുഖം
തുറമുഖം പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും ആഴമേറിയ തുറമുഖങ്ങളിലൊന്നാകുമിത്. മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയ പദ്ധതിയാണ്. ലോകത്തെ ഏറ്റവും മികച്ച 10 തുറമുഖങ്ങളിലൊന്നായി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നിർമാണം. മഹാരാഷ്്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്കും പ്രയോജനകരമാകും. ഡഹാണു കടൽത്തീരത്ത് നിന്ന് 4.5 നോട്ടിക്കൽ മൈൽ ദൂരെയാണ് നിർദിഷ്ട തുറമുഖം. 1000 മീറ്റർ നീളമുള്ള ഒൻപത് കണ്ടെയ്നർ ടെർമിനലുകളും നാല് വിവിധോപയോഗ ബെർത്തുകളും ലിക്വിഡ് കാർഗോ ബെർത്തുകളും കോസ്റ്റൽ ഗാർഡിന് പ്രത്യേക ബെർത്തുകളും ഉണ്ടാകും. ജവാഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിന് (ജെഎൻപിടി) 74 ശതമാനവും മഹാരാഷ്ട്ര മാരിടൈം ബോർഡിന് 26 ശതമാനവും പങ്കാളിത്തമുള്ള വാഡ്‌വൻ പോർട്ട് പ്രൊജക്ട് ലിമിറ്റഡ് എന്ന സംരംഭമാണ് തുറമുഖ നിർമാണ പദ്ധതി നടപ്പാക്കുന്നത്.
കറുത്ത ബലൂണുമായി മത്സ്യത്തൊഴിലാളികൾ
വാഡ്‌വൻ തുറമുഖ പദ്ധതിക്കെതിരെ മത്സ്യതൊഴിലാളികളുടെയും ഗ്രാമവാസികളുടെയും നേതൃത്വത്തിൽ നടത്തിയത് വലിയ പ്രതിഷേധം. ബോട്ടുകളിൽ കറുത്ത ബലൂണുകൾ കെട്ടി. പ്രധാനമന്ത്രിക്കെതിരെ ഗോബാക്ക് മുദ്രാവാക്യം വിളികൾ ഉയർത്തി. കരിങ്കൊടിയുമായി ഒട്ടേറെ പേർ റോഡിലിറങ്ങി. കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരുന്നതെങ്കിലും അതിനെ അവഗണിച്ചാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചത്.
മുംബൈ, താനെ, പാൽഘർ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളി കുടുംബളുടെ നിത്യവൃത്തി തുറമുഖം ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം. മീനുകളുടെ ഗോൾഡൻ ബെൽറ്റ് എന്നറിയപ്പെടുന്ന പ്രദേശത്ത് തുറമുഖം വരുന്നതോടെ തങ്ങൾ പട്ടിണിയിലാകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രധാനമന്ത്രി ശിലാസ്ഥാപനത്തിനെത്തിയ പ്രദേശത്തുൾപ്പെടെ വിവിധ കടലോര ഗ്രാമങ്ങളിൽ പ്രകടനങ്ങൾ നടന്നു. കോൺഗ്രസ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എൻസിപി, സിപിഎം പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കാളികളായി. മുംബൈ അഹമ്മദാബാദ് ദേശീയ പാതയിൽ പാൽഘറിനും ഡഹാണുവിനും മധ്യേ റോഡ് ഉപരോധിച്ചതു മൂലം മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. വസായ്, മീരാഭയന്ദർ മേഖലകളിലെ മത്സ്യത്തൊഴിലാളികളും പ്രതിഷേധ പ്രകടനം നടത്തി.
വസായ് മത്സ്യബന്ധന തുറമുഖത്ത് നിന്ന് തഹസിൽദാർ കാര്യാലയം വരെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി വനിതകളടക്കം പ്രതിഷേധറാലി നടത്തി. മീരാറോഡിൽ കരിങ്കൊടികളുമായി പ്രതിഷേധിക്കാൻ എത്തിയവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
10 വർഷം; 12 ലക്ഷം തൊഴിലവസരം
തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ 10 വർഷത്തിനകം 12 ലക്ഷം തൊഴിലവസരം പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. പാൽഘർ ജില്ലയിലെയും ഗുജറാത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെയും വികസനമുന്നേറ്റത്തിനും പദ്ധതി സഹായകമാകും.
സവിശേഷതകൾ
∙ 18 മുതൽ 20 മീറ്റർ വരെ സ്വാഭാവിക ആഴം.
∙ 24,000 കണ്ടെയ്നർ ശേഷിയിൽ കൂടുതലുള്ള കപ്പലുകൾക്ക് നങ്കൂരമിടാം.
∙ ലോകത്തിലെ ഏറ്റവും മികച്ച 10 തുറമുഖങ്ങളിൽ ഒന്നായി മാറും.