കുരുക്കില്ലാതെ കുതിക്കാൻ ഉദ്ഘാടനം കാത്ത് മെട്രോ നഗരം
Mail This Article
മുംബൈ ∙ ഭൂഗർഭ പാതയുൾപ്പെടുന്ന മുംബൈയിലെ ആദ്യത്തെ മെട്രോ പദ്ധതിക്ക് ഇൗ മാസം തുടക്കമാകും. മെട്രോ 3 എന്നറിയപ്പെടുന്ന ആരേ കോളനി–കൊളാബ പാതയിൽ (33.5 കിലോമീറ്റർ), ആരേ കോളനി മേഖലയിൽ നിന്ന് ബാന്ദ്ര–കുർള കോംപ്ലക്സ് (ബികെസി) വരെയുള്ള ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം വൈകാതെ ഉണ്ടാകും. 9.63 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 10 സ്റ്റേഷനുകളാണുള്ളത്. ബികെസി മുതൽ കൊളാബ വരെയുള്ള ശേഷിച്ച രണ്ടാംഘട്ട പാത ഡിസംബറിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
ഇൗ മാസം തുറക്കുന്ന ആരേ കോളനി–ബികെസി പാത മുംബൈ വിമാനത്താവളത്തിലെ ആഭ്യന്തര, രാജ്യാന്തര ടെർമിനലുകളെ ബന്ധിപ്പിച്ചാണ് കടന്നുപോകുന്നത്. ബികെസിയിൽ നിന്ന് മെട്രോയിൽ കയറുന്നവർക്ക് നേരിട്ട് വിമാനത്താവളത്തിനടുത്ത് ഇറങ്ങാമെന്നതാണ് സൗകര്യം. ബികെസി മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനാകുമെന്നതാണ് ഇൗ മെട്രോ പാത കൊണ്ടുള്ള മറ്റൊരു നേട്ടം. നിലവിൽ ഓഫിസ് വിടുന്ന സമയത്ത് ഒരു മണിക്കൂറിൽ അധികമാണ് ബികെസിയിൽ നിന്നു ബാന്ദ്ര റെയിൽവേ സ്റ്റേഷനിലേക്ക് റോഡ്മാർഗം എത്താൻ വേണ്ടത്.
തിരക്കില്ലാത്ത സമയത്ത് 10 മിനിറ്റ് കൊണ്ട് എത്താവുന്ന ദൂരമാണിത്. ഗതാഗതക്കുരുക്ക് ഒരു പരിധിവരെ അഴിക്കാൻ ആരേ കോളനി – ബികെസി മെട്രോ പദ്ധതി സഹായിക്കും. മുംബൈ സർവകലാശാല വഴിയാണ് മെട്രോ പാത കടന്നുപോകുന്നത്. ആയിരക്കണക്കിനു വിദ്യാർഥികളുടെ യാത്രാദുരിതത്തിനും പരിഹാരമാകും. അന്ധേരി സീപ്സിലെ വ്യവസായ മേഖലയിലേക്ക് പ്രതിദിനം വന്നുപോകുന്നവർക്കും മെട്രോയുടെ ഒന്നാംഘട്ടപാത സഹായകരമാകും.
ഡിസംബറിൽ തുറക്കുന്ന രണ്ടാംഘട്ട പാതയിലെ (ബികെസി–കൊളാബ) സ്റ്റേഷനുകൾ:
ബികെസി, ധാരാവി, ശിത്ളാദേവി, ദാദർ, സിദ്ധിവിനായക്, വർളി, ആചാര്യ ആത്രേ ചൗക്ക്, സയൻസ് മ്യൂസിയം, മഹാലക്ഷ്മി, മുംബൈ സെൻട്രൽ, ഗ്രാന്റ് റോഡ്, ഗിർഗാവ്, കൽബാദേവി, സിഎസ്എംടി, ഹുതാത്മാ ചൗക്ക്, ചർച്ച്ഗേറ്റ്, വിധാൻ ഭവൻ, കഫ് പരേഡ്,
ആരേ കോളനി – ബികെസി മെട്രോ
∙ ആകെ ദൈർഘ്യം: 9.63 കിലോമീറ്റർ
∙ നിലവിലുള്ള റേക്കുകൾ: 19 എണ്ണം
സ്റ്റേഷനുകൾ
∙ ആരേ കോളനി
∙ അന്ധേരി സീപ്സ്
∙ എംഐഡിസി
∙ മരോൾ നാക്ക
∙ സഹാർ ഇന്റർനാഷനൽ എയർപോർട്ട്
∙ സാന്താക്രൂസ് ഡൊമസ്റ്റിക് എയർപോർട്ട്
∙ വിദ്യാനഗരി
∙ ബികെസി