6 വർഷത്തിന് ശേഷം താനെ റിങ് മെട്രോ പദ്ധതി വീണ്ടും ഓൺ: ഒരുക്കങ്ങൾ അതിവേഗം; മണ്ണ് പരിശോധന പൂർണം
Mail This Article
മുംബൈ ∙ താനെ നഗരത്തിന്റെ ഗതാഗതരീതികൾ മാറ്റിയെഴുതുമെന്ന് കരുതപ്പെടുന്ന റിങ് മെട്രോ പദ്ധതിക്കായുള്ള മണ്ണ് പരിശോധന പൂർത്തിയായി.നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനത്ത് അടുത്തയിടെ പ്രഖ്യാപിക്കപ്പെട്ട പ്രധാനപദ്ധതികളിലൊന്നാണിത്. 2018ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിക്കു തറക്കല്ലിട്ടെങ്കിലും ചെലവേറെയാകുമെന്നതിനാൽ പിന്നീട് അതു നിർത്തിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിസഭ പദ്ധതിക്കു വീണ്ടും അംഗീകാരം നൽകിയതോടെയാണ്, പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടത് റിങ് മെട്രോ പദ്ധതിക്ക് പുതുജീവൻ ലഭിച്ചത്.താനെ നിവാസിയായ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അഭിമാനപദ്ധതി കൂടിയാണിത്. പ്രാരംഭ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കി നിർമാണം ഉടൻ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
12,200 കോടിയുടെ പദ്ധതി
12,200 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കു കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചേർന്നാണ് പണം മുടക്കുക. 29 കിലോമീറ്റർ പാതയിൽ 26 കിലോമീറ്റർ എലിവേറ്റഡ് പാതയും 3 കിലോമീറ്റർ ഭൂഗർഭ പാതയുമായിരിക്കും. 5 വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
മഹാരാഷ്ട്ര മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിനാണ് പദ്ധതിയുടെ നിർമാണച്ചുമതല. മെട്രോ 4 (വഡാല– കാസർവാഡാവ്‌ലി), മെട്രോ 5 (ഭിവണ്ടി– കല്യാൺ) എന്നിവയുമായി സംഗമിക്കുന്ന രീതിയിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 6 ലക്ഷം യാത്രക്കാരെയും 2035നകം 7 ലക്ഷം യാത്രക്കാരെയുമാണ് പ്രതീക്ഷിക്കുന്നത്.
22 സ്റ്റേഷനുകൾ
താനെ ജംക്‌ഷൻ, ന്യു താനെ എന്നീ ഭൂഗർഭ സ്റ്റേഷനുകൾ ഉൾപ്പെടെ 22 സ്റ്റേഷനുകളാണ് പാതയിലുള്ളത്. മറ്റ് പ്രധാന സ്റ്റേഷനുകളിൽ ചിലത്: റബോഡി, ബാൽകം, മനോരമ ജംക് ഷൻ, കൊൽഷേഠ്, പട്‌ലിപാഡ, വാഗ്‌ബിൽ, വിജയ്നഗരി, മാൻപാഡ, ശിവാജി നഗർ, വാഗ്ലെ എസ്റ്റേറ്റ്.