ഇനിയെങ്ങും ആഘോഷക്കാഴ്ചകൾ; നവരാത്രിയുടെ നിറപ്പകിട്ടിലേക്ക്
Mail This Article
മുംബൈ ∙ പാട്ടും നൃത്തവും പ്രാർഥനകളുമായി നവരാത്രി ആഘോഷത്തിരക്കിലേക്ക് നഗരം നീങ്ങുന്നു. നാളെ ആഘോഷത്തിനു തുടക്കമാകും. തുടർന്ന് ഒൻപത് രാത്രികളിൽ ഗർബ, ദാണ്ഡിയ നൃത്തങ്ങളിൽ സ്ത്രീ–പുരുഷ വ്യത്യാസമില്ലാതെ നഗരവാസികൾ അണിചേരും. കുട്ടികൾ മുതൽ മുതിർന്നവർ വരെ നവരാത്രി പന്തലുകളിൽ ചുവടുവയ്ക്കും.ആഘോഷങ്ങൾക്കു മുന്നോടിയായി പന്തലുകളിൽ ഇന്നു വൈകിട്ട് ദുർഗാദേവിയെ പ്രതിഷ്ഠിക്കും. ഓരോ മേഖലകളിലെയും മൈതാനങ്ങളിൽ ദാണ്ഡിയ പന്തലുകളുണ്ട്. അതോടൊപ്പം ഹൗസിങ് സൊസൈറ്റികളിലും താമസക്കാർ ഒന്നുചേർന്നുള്ള നവരാത്രി ആഘോഷം പതിവാണ്. ഓരോ ദിവസവും ഓരോ നിറത്തിലുള്ള വസ്ത്രങ്ങളിലേക്ക് നഗരവാസികൾ മാറുന്നതും ആവേശം കൂട്ടും. ലോക്കൽ ട്രെയിൻ യാത്രകളിലും ഓഫിസുകളിലുമെല്ലാം നവരാത്രി ഡ്രസ് കോഡ് പിന്തുടരുന്നവരേറെയാണ്.
ഗുജറാത്തികൾ ഏറെയുള്ള മേഖലകളിലാണ് ആഘോഷത്തിന് പൊലിമ കൂടുതൽ. ഗർബ, ദാണ്ഡിയ നൃത്തങ്ങൾക്ക് അണിയാനുള്ള പ്രത്യേക വസ്ത്രങ്ങൾ വിപണിയിലും നിറഞ്ഞുകഴിഞ്ഞു. വർണപ്പകിട്ടാർന്ന ചോളി അണിഞ്ഞ് സ്ത്രീകളും കുർത്ത ധരിച്ച് പുരുഷൻമാരും രാഗതാളങ്ങൾക്കൊപ്പം പ്രത്യേക ചുവടുവയ്പോടെ വട്ടത്തിൽ ചുറ്റിക്കറങ്ങിയാണ് ഗർബ, ദാണ്ഡിയ നൃത്തങ്ങൾ ചെയ്യുന്നത്. മലയാളികളും നവരാത്രി നൃത്തവേദികളിൽ സജീവമായി എത്താറുണ്ട്. നവിമുംബൈ, താനെ, ഡോംബിവ്‌ലി, ബോറിവ്‌ലി, ചെമ്പൂർ, വസായ് തുടങ്ങിയ മേഖലകളിലെ ഗർബ, ദാണ്ഡിയ പന്തലുകളിൽ മലയാളികൾഎത്തുക പതിവാണ്. നവരാത്രിയോട് അനുബന്ധിച്ച് വിവിധ ഓഫറുകൾ മാളുകളും ഇ–കൊമേഴ്സ് സൈറ്റുകളും പ്രഖ്യാപിച്ചത് വിപണിയിലും ഉണർവുണ്ടാക്കുന്നുണ്ട്.
ഗർബ നൃത്തത്തിന് അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന്വിഎച്ച്പി
∙ നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന ഗർബ നൃത്തപരിപാടിക്കു ഹിന്ദു മതസ്ഥരല്ലാത്തവരെ പ്രവേശിപ്പിക്കരുതെന്ന് വിഎച്ച്പി മഹാരാഷ്ട്ര– ഗോവ മേഖലാ സെക്രട്ടറി ഗോവിന്ദ് ഷെൻഡെ സംഘാടകരോട് ആവശ്യപ്പെട്ടു. ഭഗവതിയിൽ വിശ്വാസമില്ലാത്തവരെ ഗർബയ്ക്ക് പ്രവേശിപ്പിക്കരുതെന്ന് കാലങ്ങളായി ഞങ്ങൾ ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ആധാർ കാർഡ് പരിശോധിച്ചതിനു ശേഷം മാത്രമേ ആളുകളെ പരിപാടിയിലേക്ക് പ്രവേശിപ്പിക്കാവൂ. വരുന്നവർ നെറ്റിയിൽ തിലകം ചാർത്തിയിട്ടുണ്ടോ എന്നു ഉറപ്പുവരുത്തണം. ദേവിയുടെ ചിത്രത്തിന് മുന്നിൽ തൊഴുതതിനു ശേഷമേ അകത്തേക്ക് കടത്തിവിടാവൂ’– തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്.
നവരാത്രി ആഘോഷത്തിന്റെ ഡ്രസ് കോഡ് അറിയാമോ?
∙ വ്യാഴം: മഞ്ഞ
∙ വെള്ളി: പച്ച
∙ ശനി: ചാരനിറം
∙ ഞായർ: ഓറഞ്ച്
∙ തിങ്കൾ: വെള്ള
∙ ചൊവ്വ: ചുവപ്പ്
∙ ബുധൻ: നീല
∙ വ്യാഴം: പിങ്ക്
∙ വെള്ളി: പർപ്പിൾ