തുറന്നു, ആദ്യ ഭൂഗർഭ മെട്രോ; കുറഞ്ഞ നിരക്ക് 10 രൂപ, ഏറ്റവും ഉയരമുള്ള എസ്കലേറ്റർ, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
Mail This Article
മുംബൈ∙ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന മുംബൈയിൽ പശ്ചിമ മേഖലയെയും ദക്ഷിണ മുംബൈയെയും ബന്ധിപ്പിക്കുന്ന മെട്രോ 3 പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ആരേ കോളനിയിൽ നിന്ന് ബാന്ദ്ര–കുർള കോംപ്ലക്സ് (ബികെസി) വരെയുള്ള 12.44 കിലോമീറ്റർ പാതയാണ് തുറന്നത്. മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ പാതയാണിത്. ഇന്നു മുതൽ സർവീസ് ആരംഭിക്കും. ഇൗ പാതയുടെ തുടർച്ചയായി ബികെസിയിൽ നിന്ന് കൊളാബയിലേക്കുള്ള 21 കിലോമീറ്റർ പാത അടുത്ത വർഷം പകുതിയോടെ തുറക്കും. അതോടെ, മെട്രോ 3 പാതയുടെ ദൈർഘ്യം 33.5 കിലോമീറ്ററാകും. പൂർണപാതയുടെ ചെലവ് 37,000 കോടി രൂപയാണ്.
സമയലാഭം
ആരേ കോളനിയിൽ നിന്ന് ബികെസിയിലേക്ക് അര മണിക്കൂർ കൊണ്ട് എത്താമെന്നാണ് പുതിയ മെട്രോപാത കൊണ്ടുള്ള നേട്ടം. നിലവിൽ റോഡ് മാർഗം ഒരു മണിക്കൂറിലേറെ വേണ്ടിവരുന്നതാണ് പകുതിയായി കുറയുക.
രാവിലെ 6.30 മുതൽ രാത്രി 10.30 വരെ
പ്രവൃത്തിദിവസങ്ങളിൽ രാവിലെ 6.30 മുതൽ രാത്രി 10.30 വരെയായിരിക്കും സർവീസ്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8.30 മുതലായിരിക്കും സർവീസ്. രാവിലെയും വൈകിട്ടും ഓഫിസ് സമയങ്ങളിൽ 6.5 മിനിറ്റിന്റെ ഇടവേളകളിൽ ട്രെയിൻ സർവീസുണ്ടാകും.
നിരക്ക് 10–50 രൂപ
10 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ആരേ കോളനി മുതൽ ബികെസി വരെ 50 രൂപയാണ് (പരമാവധി) നിരക്ക്. പ്രതിദിനം 96 സർവീസുകളാണുണ്ടാകുക.
ഏറ്റവും ഉയരമുള്ള എസ്കലേറ്റർ
രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള എസ്കലേറ്റർ ഇൗ മെട്രോ പാതയിലാണ് – 19.15 മീറ്റർ ഉയരം. ഇന്റർനാഷനൽ എയർപോർട്ട് സ്റ്റേഷനിലാണിത്.
മുഖ്യമന്ത്രിയുടെ തട്ടകത്തിൽ പദ്ധതിപ്പെരുമഴ
താനെ∙ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ തട്ടകമായ താനെയിൽ 32,800 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിച്ചു. 12,200 കോടി രൂപയുടെ ഇന്റഗ്രൽ മെട്രോ റെയിൽ പദ്ധതി ഇതിലുൾപ്പെടും. 22 സ്റ്റേഷനുകളുള്ള 29 കിലോമീറ്റർ വരുന്ന മെട്രോ പാതയാണിത്. ഇൗസ്റ്റേൺ ഫ്രീവേ മുംബൈയിലെ ചെഡാനഗറിൽ നിന്ന് താനെയിലെ ആനന്ദ് നഗറിലേക്ക് നീട്ടുന്ന 3310 കോടി രൂപയുടെ പദ്ധതിക്കും കല്ലിട്ടു.
താനെയിൽ പുതിയ മുനിസിപ്പൽ കോർപറേഷൻ മന്ദിരത്തിനുള്ള ശിലാസ്ഥാപനവും നിർവഹിച്ചു – 700 കോടി രൂപയാണ് പദ്ധതിയുടെ െചലവ്. നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തോടു ചേർന്നു വരുന്ന നൈന മേഖലയിൽ റോഡുകൾ, മേൽപാലങ്ങൾ, പാലങ്ങൾ, കാൽനടപ്പാത എന്നിവ നിർമിക്കുന്നതിനുള്ള 2550 കോടി രൂപയുടെ പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിട്ടു.
10 സ്റ്റേഷനുകൾ
ആരേ കോളനി, അന്ധേരി സീപ്സ്, എംഐഡിസി, മരോൾ നാക്ക, ഇന്റർനാഷനൽ എയർപോർട്ട്, സഹാർ റോഡ്, സാന്താക്രൂസ്, ഡൊമസ്റ്റിക് എയർപോർട്ട്, വിദ്യാനഗരി, ബികെസി. രാജ്യാന്തര, ആഭ്യന്തര വിമാനത്താവളങ്ങളിൽ ഇൗ മെട്രോയിൽ ചെന്നിറങ്ങാം.