ഇനിയില്ല, സ്നേഹത്തണൽ; ഭാരതത്തിന്റെ രത്നത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
Mail This Article
മുംബൈ∙ ‘ഇനി ഇങ്ങനെ ഒരാളുണ്ടാകുമോ? –ഇന്നലെ രത്തൻ ടാറ്റയ്ക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയ ഭൂരിഭാഗം പേരുടെയും പ്രതികരണം ഇൗ മട്ടിലായിരുന്നു. ഒരുപിടി പൂക്കളും ഒരു റോസാപ്പൂവുമേന്തി നൂറുകണക്കിനു പേരാണ് രത്തനെ അവസാനമായി കാണാൻ നരിമാൻ പോയിന്റിലെ എൻസിപിഎയിലേത്തിയത്. പല രാജ്യങ്ങളിലേക്കും വളർന്ന വ്യവസായിയായിരിക്കുമ്പോൾ തന്നെ സാധാരണ മനുഷ്യർക്കു വേണ്ടി സഹജീവിസ്നേഹത്തിന്റെ തണൽ വിരിച്ച മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹമെന്ന് എല്ലാവരും അനുസ്മരിച്ചു.
‘എന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് രത്തൻ ടാറ്റ. പഠിക്കുമ്പോഴും ജോലിയെക്കുറിച്ച് സ്വപ്നം കാണുമ്പോഴുമെല്ലാം അറിയാതെ മനസ്സിൽ കടന്നുവന്നിട്ടുള്ള മുഖമാണ് അദ്ദേഹത്തിന്റേത്. നമ്മുടെ സ്വന്തം ഒരാളുടെ വേർപാടു പോലെയാണ് തോന്നുന്നത്’ – ആദരാഞ്ജലിയർപ്പിക്കാൻ എൻസിപിഎയിലെത്തിയ മലയാളി നാവിക ഉദ്യോഗസ്ഥന്റെ വാക്കുകൾ.
വിദ്യാർഥികളടക്കം ചെറുപ്പക്കാരുടെ വലിയ നിരയാണ് രത്തൻ ടാറ്റയുടെ ഭൗതിക ശരീരം പൊതുദർശനത്തിനു വച്ചപ്പോൾ കാണാനെത്തിയത്. അവരുടെ ജീവിതത്തെ അദ്ദേഹം എത്രമാത്രം സ്വാധീനിച്ചു എന്നതിനു തെളിവാണിത്.പുതിയ സംരംഭങ്ങൾക്ക് ഇറങ്ങുന്ന ഓരോരുത്തരുടെയും ആത്മബലത്തിന്റെ പേരു കൂടിയായിരുന്നു രത്തൻ ടാറ്റ.
ഇന്നലെ രാവിലെ പത്തിന് കൊളാബയിലെ വസതിയിൽ നിന്ന് പൊലീസുകാരുടെയും ബാൻഡിന്റെയും അകമ്പടിയിലാണ് ഭൗതികശരീരം പൊതുദർശനവേദിയിലേക്ക് ആനയിച്ചത്. വഴിയോരത്ത് നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. വൈകിട്ട് വിലാപയാത്രയിലും ആളുകൾ കൂപ്പുകൈകളുമായ് നിന്നു.
മുംബൈയുടെ മണ്ണിൽ നിന്നാണ് ടാറ്റ ഗ്രൂപ്പ് പടർന്നുപന്തലിച്ചത്. അതിനെ ആഗോള ബ്രാൻഡാക്കിയ ആ മഹാമനുഷ്യൻ ഓർമകളിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ കയ്യൊപ്പുള്ള പദ്ധതികളും സ്ഥാപനങ്ങളും മൂല്യബോധത്തെയും പണംകൊണ്ട് ചെയ്യാവുന്ന നന്മകളെയും നമ്മെ ഓർമിപ്പിച്ചുകൊണ്ടിരിക്കും.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ, റിലയൻസ് ഇൻഡ്സ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാരമംഗലം ബിർള, ആർപിജി ഗ്രൂപ്പ് മേധാവി ഹർഷ് ഗോയങ്ക, ബോളിവുഡ് നടൻ ആമിർ ഖാൻ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ എന്നിവരും അന്തിമോപചാരം അർപ്പിച്ചു.
വിഷ്ണുദാസ് ചപ്കെ ഓർമിക്കുന്നു, പാതിയിൽ നിലച്ച ലോക സഞ്ചാരത്തിന് ചിറകു നൽകിയ ടാറ്റ
മുംബൈ∙ ലോകം ചുറ്റാനുള്ള സ്വപ്നം സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്ന തനിക്ക് കൈത്താങ്ങായത് രത്തൻ ടാറ്റയുടെ അവസരോചിതമായ ഇടപെടലെന്ന് മുൻ പത്രപ്രവർത്തകൻ വിഷ്ണുദാസ് ചപ്കെ പങ്കുവച്ചു. ടാറ്റയുടെ മനുഷ്യസ്നേഹത്തിന്റെ സ്പർശനമേറ്റ അനേകായിരങ്ങളിൽ ഒരാൾ.
‘ക്രൗഡ് ഫണ്ടിങ്ങിലാണ് യാത്ര തുടങ്ങിയത്. എന്നാൽ ചിലിയിൽ എത്തിയപ്പോൾ പണം തീർന്നു. ഇൗ വിവരം വാർത്തയായി. എന്തുചെയ്യണമെന്ന് അറിയാതെ തകർന്നിരിക്കുമ്പോഴാണ് മുൻപോട്ടുള്ള യാത്രയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് ടാറ്റാ ട്രസ്റ്റിൽ നിന്ന് ഫോൺവിളി വന്നത്. യാത്രയെക്കുറിച്ച് വായിച്ചറിഞ്ഞ രത്തൻ ടാറ്റ എന്നെ ബന്ധപ്പെടാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നു – വിഷ്ണുദാസ് പറഞ്ഞു. മാൻഖുർദിൽ താമസിക്കുന്ന വിഷ്ണുദാസ് ടാറ്റ ട്രസ്റ്റ് നൽകിയ സഹായത്തോടെ 35 രാജ്യങ്ങളിൽ സന്ദർശനം നടത്തി. ലോകസന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി ഒട്ടേറെ തവണ ടാറ്റയെ നേരിട്ടു കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിലേഷ് മൊഹിതെയുടെ ഓർമച്ചിത്രം: തെരുവിലെ ചിത്രകാരന് താജ് ഹോട്ടലിൽ വേദി
മുംബൈ∙ ദക്ഷിണ മുംബൈയിലെ ചേരിയിൽ താമസിക്കുന്ന തനിക്ക് താജ് ഹോട്ടലിൽ ചിത്രപ്രദർശനത്തിന് അനുമതി നൽകിയ രത്തൻ ടാറ്റയെ ഓർത്ത് 30 വയസ്സുകാരനായ നിലേഷ് മൊഹിതെ വിങ്ങിപ്പൊട്ടി. ‘കോവിഡ് രാജ്യത്ത് വ്യാപിക്കുന്നതിന് മുൻപാണ് രത്തൻ ടാറ്റയെ കണ്ടുമുട്ടാൻ അവസരം ലഭിച്ചത്.
ഞാൻ വരച്ച ചിത്രം അന്ന് അദ്ദേഹത്തിന് സമ്മാനമായി നൽകി. സ്നേഹത്തോടെ ഒരു ചെക്ക് സമ്മാനിച്ചെങ്കിലും ഞാനത് നിരസിച്ചു. കഴിയുമെങ്കിൽ ഒരു ജോലി തരപ്പെടുത്തി തരണമെന്ന് ആവശ്യപ്പെട്ടു. ജോലി ലഭിച്ചില്ലെങ്കിലും കോവിഡ് കഴിഞ്ഞതിന് ശേഷം കൊളാബയിലെ താജ് ഹോട്ടലിൽ ഒരാഴ്ചത്തേക്ക് ചിത്രപ്രദർശനം നടത്താൻ അദ്ദേഹം അനുമതി നൽകി. ഈയൊരു അവസരം എന്നെപ്പോലൊരു ചിത്രകാരന് സങ്കൽപിക്കാൻ പോലും കഴിയുന്നതായിരുന്നില്ല’– നിലേഷ് പറഞ്ഞു.