അക്ഷരാമൃതം നുകർന്ന് പൊന്നോമനകൾ
Mail This Article
മുംബൈ ∙ അരിയിൽ ഹരിശ്രീ കുറിച്ചും നാവിൽ അക്ഷരാമൃതു നുകർന്നും അറിവിന്റെ ലോകത്തേക്കുള്ള യാത്രയ്ക്ക് തുടക്കം. മലയാള മനോരമ മുംബൈയിൽ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ ഒട്ടേറെ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. ദാദർ ഹിന്ദു കോളനിയിലെ പ്രചാര്യ വൈദ്യ സഭാഗൃഹിലായിരുന്നു ചടങ്ങുകൾ. ഗുരുക്കൻമാരായ പ്രശസ്ത ഇംഗ്ലിഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ, ഡി.വൈ. പാട്ടീൽ സർവകലാശാല മുൻ വൈസ് ചാൻസലറും മുഖ്യ ഉപദേഷ്ടാവുമായ കാർഡിയോളജിസ്റ്റ് ഡോ. ജയിംസ് തോമസും കുരുന്നുകളെ എഴുത്തിനിരുത്തി.
കേരളീയത്തനിമയിലും പരമ്പരാഗത രീതിയിലുമാണ് വേദിയൊരുക്കിയത്. ഗുരുക്കൻമാരും മലയാള മനോരമ മാർക്കറ്റിങ് ചീഫ് റസിഡന്റ് ജനറൽ മാനേജർ ശ്രീകുമാർ മേനോനും ചേർന്ന് തിരി തെളിച്ചതോടെ വിദ്യാരംഭത്തിന് തുടക്കമായി. ആദ്യാക്ഷരം കുറിക്കുന്ന ഫോട്ടോ പതിച്ച്, മലയാള മനോരമ ചീഫ് എഡിറ്റർ ഒപ്പിട്ട സർട്ടിഫിക്കറ്റ് പിന്നീട് വിതരണം ചെയ്യും. വിതരണ തീയതി പത്രത്തിലൂടെ അറിയിക്കും.
പാരമ്പര്യത്തനിമ ചോരാതെ
മുംബൈ ∙ മുംബൈയിലെ യാത്രാദൂരവും സമയവും വെല്ലുവിളിയായിട്ടും അതെല്ലാം അതിജീവിച്ചാണ് കുട്ടികളെ ആദ്യാക്ഷരം കുറിപ്പിക്കാനായി ആളുകൾ ദാദറിലെ മലയാള മനോരമ വേദിയിലെത്തിയത്. മലയാളികൾക്കൊപ്പം ഇതരസംസ്ഥാനക്കാരും നന്മയാർന്ന സംസ്കാരത്തിന്റെ കൈപിടിച്ചു കുഞ്ഞുങ്ങളെ ഹരിശ്രീ എഴുതിക്കാനെത്തി.
കേരളത്തനിമയിൽ പട്ടു നെയ്ത പാവാടയണിഞ്ഞാണ് ഭൂരിഭാഗം പെൺകുട്ടികളും ആദ്യാക്ഷരം കുറിക്കാനെത്തിയത്; കുട്ടിമുണ്ടുടുത്ത് ആൺകുട്ടികളും. ഗുരുവിന്റെ വിരൽ പിടിച്ച് ഐശ്വര്യമായ അരിയിൽ ആദ്യാക്ഷരം എഴുതുമ്പോൾ കുട്ടികൾ ഹരിശ്രീ എന്നുച്ചരിച്ചു. അറിവിന്റെ വഴിയിലൂടെ, തെളിമയാർന്ന മനസ്സോടെ, നന്മയാർന്ന ജീവിത ഉയരങ്ങളിലേക്ക് എത്തണേയെന്ന പ്രാർഥനയുമായി സമീപത്തിരിക്കുന്ന മാതാപിതാക്കളുടെ മുഖത്ത് തിളക്കം...ദക്ഷിണയേകി, ഗുരുക്കൻമാരെ വന്ദിച്ച് മടങ്ങുമ്പോൾ മിഠായിയും സമ്മാനങ്ങളും കുരുന്നുകളെ തേടിയെത്തി.
‘ മുംബൈയിൽ ജനിച്ചുവളർന്നയാളാണ്. അമ്മ കാഞ്ഞങ്ങാട് സ്വദേശി. അന്ധേരിയിലെ വീട്ടിൽ മനോരമ പത്രം വരുത്തുന്നു. അതിൽ നിന്ന് അറിഞ്ഞ് അമ്മയാണ് വിദ്യാരംഭത്തിന് പേര് റജിസ്റ്റർ ചെയ്തത്. മികച്ച ക്രമീകരണങ്ങൾ. നാട്ടിലെത്തിയ പ്രതീതിയിലാണ് ചടങ്ങുകളും വേദിയുമെല്ലാം. പ്രഗത്ഭരായ ഗുരുക്കൻമാർ. ഏറെ സന്തോഷത്തോടെയും തൃപ്തിയോടെയുമാണ് മടങ്ങുന്നത് – മകളെ നിയ പാട്ടാലിയെ എഴുത്തിനിരുത്തിയ ദാസ്‌വിജിത് പറഞ്ഞു.
മനോരമ വേദിയിൽ എഴുത്തിനിരുത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു കല്യാണിനടുത്ത് വിഠൽവാഡയിൽ നിന്ന് പേരക്കുട്ടിയുമായി വിദ്യാരംഭത്തിനെത്തിയ വിജയകുമാർ പ്രതികരിച്ചു. വിഠൽവാഡി സമാജം ഉപദേശക സമിതി അംഗമാണ് അദ്ദേഹം. മറുനാട്ടിൽ മലയാളികളെ നമ്മുടെ പൈതൃകത്തിൽ വളർത്താൻ പ്രേരിപ്പിക്കുന്നതാണു മനോരമയിലെ വിദ്യാരംഭമെന്ന് കുഞ്ഞിനെ എഴുത്തിനിരുത്താനെത്തിയ ഇരിങ്ങാലക്കുട സ്വദേശിയും കുർള വെസ്റ്റ് നിവാസിയുമായ എയ്ഡൻ സൈമൺ പറഞ്ഞു.
തങ്ങൾ അടുത്തിടെയാണ് മുംബൈയിലേക്ക് സ്ഥലംമാറി എത്തിയതെന്നും താമസസ്ഥലത്തിനടുത്ത് വിദ്യാരംഭം എവിടെയുണ്ടെന്ന അന്വേഷണമാണ് മനോരമ വേദിയിൽ എത്തിച്ചതെന്നും മകൻ മാധവിനെ എഴുത്തിനിരുത്തിയ ഒഎൻജിസി ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി എസ്. അരുണും യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ അർച്ചനയും വ്യക്തമാക്കി.
മലയാളികൾക്കു പുറമേ, ഇതരസംസ്ഥാനക്കാർക്കിടയിൽ മനോരമയുടെ വിദ്യാരംഭത്തെക്കുറിച്ച് കൂടുതൽ പ്രചാരണം നൽകണമെന്ന് മകൻ സൻവീർ സിങ്ങിനെ എഴുത്തിനിരുത്താനെത്തിയ പവയ് നിവാസിയായ പഞ്ചാബ് സ്വദേശിയും ആക്സിസ് ബാങ്ക് ഉദ്യോഗസ്ഥനുമായ ഗുർപ്രീത് സിങ് പറഞ്ഞു. ‘‘ഞങ്ങളുടെ മലയാളി സുഹൃത്താണ് കുഞ്ഞിനെ ഉടുപ്പിക്കാൻ മുണ്ട് സമ്മാനിച്ചത്. നല്ല ചടങ്ങാണിത്. ഇവിടെ മകന് ആദ്യാക്ഷരം പകരാനായതിൽ സന്തോഷമുണ്ട് –ഗുർപ്രീതിന്റെ ഭാര്യ റിംപി കൗർ പ്രതികരിച്ചു.