തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ സിഎൻജി വില കൂട്ടി; ടാക്സി നിരക്ക് കൂട്ടണമെന്ന് ആവശ്യം
Mail This Article
മുംബൈ∙ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ സിഎൻജി നിരക്കു കൂട്ടി. ലാഡ്കി ബഹിൻ പദ്ധതിയിൽ തുക ലഭിച്ച അനർഹരായ സ്ത്രീകളെ ഒഴിവാക്കാനും സർക്കാർ പദ്ധതിയിടുന്നു. വാഗ്ദാനങ്ങളുടെ പെരുമഴയുമായി തിരഞ്ഞെടുപ്പു കളത്തിലിറങ്ങുകയും സർക്കാർ വൻവിജയം നേടുകയും ചെയ്തതിനു പിന്നാലെയാണ് മഹാനഗർ ഗ്യാസ് ലിമിറ്റഡ് സിഎൻജി നിരക്ക് 2 രൂപ വർധിപ്പിച്ചത്. ഇതോടെ 75 രൂപയിൽ നിന്ന് 77 രൂപയായി വില ഉയർന്നു.
മുംബൈയിൽ 4 ലക്ഷത്തോളം ഓട്ടോറിക്ഷകളും 70000 ടാക്സി കാറുകളും സിഎൻജി ഇന്ധനമായി ഉപയോഗിക്കുന്നുണ്ട്. 5 ലക്ഷം സ്വകാര്യവാഹനങ്ങളും ഇത്തരത്തിൽ ഓടുന്നു. വില കൂട്ടിയതിന് പിന്നാലെ ടാക്സി നിരക്കിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ നേതാക്കൾ രംഗത്തെത്തിക്കഴിഞ്ഞു. കിലോമീറ്ററിന് രണ്ടര രൂപയെങ്കിലും വർധിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇതു സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും.
പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടി കൂടുന്നതിനാൽ രക്ഷ തേടി സിഎൻജി വാഹനങ്ങൾ എടുത്തവർക്കും തിരിച്ചടിയാണ്. ഡീസലുമായി സിഎൻജിക്ക് 12 രൂപയുടെ വ്യത്യാസം മാത്രമേയുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കഴിഞ്ഞ മാർച്ചിൽ രണ്ടര രൂപ വില കുറച്ചിരുന്നു. അന്ന് 73.50 രൂപയ്ക്ക് ഒരു കിലോ സിഎൻജിക്ക് ലഭിക്കുമായിരുന്നു. ശേഷം 75 രൂപയായി വില ഉയർന്നു. 2022ൽ 86 രൂപയായിരുന്നു വില.
ലാഡ്കി ബഹിൻ:അനർഹരെ ഒഴിവാക്കിയേക്കും
ലാഡ്കി ബഹിൻ പദ്ധതിയിൽ അനർഹരായ ഒട്ടേറെ സ്ത്രീകൾ ഇടം പിടിച്ചിട്ടുണ്ടെന്നും ഇതിൽ കൃത്യമായ പരിശോധനകൾ ഉണ്ടാകുമെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. 2024 ജൂലൈ മുതൽ 2025 മാർച്ച് ലാഡ്കി ബഹിനിലൂടെ മാത്രം സർക്കാരിന് 33,000 കോടി രൂപയാണ് അധികച്ചെലവ് വരുന്നത്. 7 ലക്ഷം കോടിയിലേറെ രൂപ കടമുള്ള സർക്കാരിന് വലിയ ബാധ്യതയാകും പദ്ധതിയെന്ന് കണക്കാക്കിയാണ് കൂടുതൽ പരിശോധനകൾ നടത്തി 21നും 65നും ഇടയിൽ പ്രായമുള്ള അനർഹരായ സ്ത്രീകളെ ഒഴിവാക്കുന്നത്.
വർഷം രണ്ടര ലക്ഷം രൂപയിൽ കുറവ് വരുമാനം ഉള്ള സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ നൽകുന്ന പദ്ധതിയാണ് ലാഡ്കി ബഹിൻ. തുക 2100 രൂപയാക്കുമെന്നാണ് എൻഡിഎയുടെ വാഗ്ദാനം. ആനുകൂല്യം നൽകുന്ന 2.5 കോടി സ്ത്രീകൾക്കും 2100 രൂപ വീതം നൽകിയാൽ അത് സർക്കാരിനെ വീണ്ടും കടക്കെണിയിലാക്കുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.