26/11 ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവരെ അനുസ്മരിച്ച് മുംബൈ നഗരം
Mail This Article
മുംബൈ ∙ 26/11 ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളെയും ജീവൻ നഷ്ടപ്പെട്ട പൗരന്മാരെയും അനുസ്മരിച്ച് മുംബൈ. ഭീകരാക്രമണത്തിന്റെ 16–ാം വാർഷികമായ ഇന്നലെ സ്മാരകങ്ങളിൽ ഗവർണർ സി.പി.രാധാകൃഷ്ണൻ, മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവർ പുഷ്പാഞ്ജലിയർപ്പിച്ചു. മുംബൈ പൊലീസ് കമ്മിഷണർ ആസ്ഥാനത്തെ സ്മാരകത്തിൽ നടത്തിയ ചടങ്ങിൽ വീരമൃത്യു മരിച്ചവരുടെ കുടുംബാംഗങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഭീകരാക്രമണമുണ്ടായ ഛത്രപതി ശിവാജി ടെർമിനസ്, താജ്, ട്രൈഡന്റ് ഹോട്ടലുകൾ, നരിമാൻ ഹൗസ്, ലിയോപോൾ കഫേ, കാമാ ആശുപത്രി എന്നിവിടങ്ങളിലെല്ലാം അനുസ്മരണച്ചടങ്ങുകൾ നടത്തി. 2008 നവംബർ 26ന് പാക്കിസ്ഥാനിൽ നിന്നു കടൽമാർഗം മുംബൈയിലെത്തിയ 10 ഭീകരർ നടത്തിയ ആക്രമണത്തിൽ 166 പേരാണു മരിച്ചത്. മുന്നൂറിലേറെപ്പേർക്കു പരുക്കേൽക്കുകയും ചെയ്തു.