പഴയ ബസുകൾക്ക് പകരമില്ല; ദുരിതപ്പെരുവഴിയിൽ ജനം
Mail This Article
മുംബൈ∙ കാലപ്പഴക്കത്തെ തുടർന്ന് പിൻവലിച്ച ബസുകൾക്ക് പകരം കൂടുതൽ ബസുകൾ എത്താത്തതോടെ നഗരത്തിൽ യാത്രാക്ലേശം രൂക്ഷം. തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ച ബസുകൾ തിരിച്ചെത്തിയിട്ടും യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല. 280 ബസുകൾ കൂടി ബെസ്റ്റ് ഉടൻ പിൻവലിക്കും. ഇതോടെ ബസുകളുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകും. ബെസ്റ്റ് ബസുകളുടെ സർവീസ് തോന്നുംപോലെ ആണെന്നും സമയക്രമം പാലിക്കുന്നില്ലെന്നും പരാതി വ്യാപകമാണ്. ബസുകളുടെ കുറവ് ഇടത്തരക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിക്കുകയാണ്. സമയത്ത് ഓഫിസിലെത്താൻ കഴിയാതെ വരുമ്പോൾ ടാക്സി പിടിച്ച് ചെലവ് പല മടങ്ങ് വർധിക്കുകയാണ്.
500 റൂട്ടുകളിലായി 4500 ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 2900 ബസുകളിൽ താഴെയാണുള്ളത്. ചില റൂട്ടുകളിൽ 30 മുതൽ 45 മിനിറ്റ് വരെ ബസ് കാത്ത് നിൽക്കേണ്ട സ്ഥിതി. കാലപ്പഴക്കമായവ പിൻവലിച്ച സ്ഥാനത്ത് പകരം ബസുകളെത്താൻ കാലതാമസം നേരിടുന്നതാണ് പ്രതിസന്ധിക്ക് കാരണം. ബസുകൾ വേഗത്തിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുകയാണെന്നും കരാറുകാരോട് ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നുമാണ് ബെസ്റ്റ് അധികൃതർ പറയുന്നത്.
കരാറുകാർക്ക് നോട്ടിസ്
നേരത്തെ ഓർഡർ നൽകിയ ബസുകൾ എത്താത്തതിൽ കരാറുകാർക്ക് നോട്ടിസ് നൽകിയെന്നും പിഴ ഈടാക്കുമെന്നും ബെസ്റ്റ് അധികൃതർ വ്യക്തമാക്കി. പതിറ്റാണ്ടുകളായി സർവീസ് നടത്തിയിരുന്ന നോൺ എസി ഡബിൾ ഡെക്കർ ബസുകൾ കഴിഞ്ഞ വർഷം സെപ്റ്റംബറോടെ ബെസ്റ്റ് പൂർണമായി പിൻവലിച്ചിരുന്നു. ഇലക്ട്രിക് എസി ഡബിൾ ഡെക്കർ ബസുകൾ ഉടനെത്തുമെന്ന പ്രതീക്ഷയിലാണ് പഴയ നോൺ എസി ഡബിൾ ഡക്കർ ബസുകൾ പൂർണമായും പിൻവലിച്ചത്. പകരം ബസുകൾ എത്താൻ വൈകിയത് വലിയ തിരിച്ചടിയായി. കുറഞ്ഞ ചെലവിൽ നഗരത്തിൽ യാത്ര ചെയ്യാൻ സൗകര്യം ഒരുക്കുന്ന ബെസ്റ്റ് ബസുകൾ ലോക്കൽ ട്രെയിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന പൊതുഗതാഗതമാർഗമാണ്.