മാർക്കറ്റ് പിടിച്ച് മലാവി മാമ്പഴം; 945 പെട്ടികൾ മിനിറ്റുകൾക്കകം വിറ്റുതീർന്നു
Mail This Article
മുംബൈ∙ സംസ്ഥാനത്തു മാമ്പഴ സീസൺ തുടങ്ങുന്നതിന് മുൻപേ ദക്ഷിണാഫ്രിക്കയിലെ മലാവിയിൽ നിന്നുള്ള മാമ്പഴം നവിമുബൈയിലെ എപിഎംസി മാർക്കറ്റിലെത്തി. എല്ലാവർഷവും നവംബർ ആദ്യം മാമ്പഴം എത്താറുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയിലെ കാലാവസ്ഥയിൽ വന്ന മാറ്റമാണ് ഇത്തവണ വൈകാൻ കാരണമെന്ന് കച്ചവടക്കാർ പറഞ്ഞു. ആദ്യഘട്ടത്തിലെത്തിയ 945 പെട്ടികൾ മിനിറ്റുകൾക്കകം വിറ്റുതീർന്നു. ക്രഫോർഡ്, ബ്രീച്ച്കാൻഡി, മാട്ടുങ്ക, ജുഹു, ഘാട്കോപർ, പുണെ മാർക്കറ്റുകളിലേക്കും ഡൽഹി, രാജ്കോട്ട് മാർക്കറ്റുകളിലേക്കുമാണ് ഇവ കയറ്റി അയച്ചത്.
14 വർഷം മുൻപാണ് അൽഫോൻസോ മാമ്പഴത്തിന്റെ തൈകൾ രത്നാഗിരിയിൽ നിന്ന് മലാവിയിലേക്ക് കൊണ്ടുപോയത്. 26 ഏക്കറിൽ അന്നവിടെ ആരംഭിച്ച കൃഷി ഇന്ന് 600 ഏക്കറിലേക്ക് വ്യാപിച്ചു. 2018 മുതൽ മാമ്പഴം മലാവിയിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കാനും തുടങ്ങി. 40 ടൺ മാമ്പഴമാണ് ആ വർഷം വന്നത്. 2019ൽ 70 ടണ്ണുമെത്തി. പിന്നീട് ഓരോ വർഷവും സംസ്ഥാനത്ത് മാമ്പഴ സീസൺ ആംരംഭിക്കുന്നതിന് മുൻപ് മലാവി മാമ്പഴം മുംബൈയിൽ എത്തിത്തുടങ്ങി.
ഡിസംബർ അവസാനം വരെയാണ് മലാവി മാമ്പഴത്തിന്റെ സീസൺ. നാളെ 2500 ബോക്സുകൾ കൂടിയെത്തും. അടുത്ത ആഴ്ച മുതൽ ഓരോ ആഴ്ചയിലും 7000 ബോക്സുകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ മാത്രം വിളയുന്ന ടോമി അത്കിൻ മാമ്പഴവും ഇത്തവണ എത്തിയിട്ടുണ്ട്. മൊത്തവ്യാപാര മാർക്കറ്റിൽ ഒരു പെട്ടി മലാവി മാമ്പഴത്തിന് 3000–5000 രൂപയും ടോമി അത്കിനിന് 3000 രൂപയുമാണ് വില.