ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കവെ ബസ് മറിഞ്ഞു; 12 മരണം
Mail This Article
മുംബൈ∙ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ബസ് ഡ്രൈവറുടെ ശ്രമത്തിൽ പൊലിഞ്ഞത് 12 ജീവൻ. ഇന്നലെ ഉച്ചയ്ക്ക് മുംബൈയിൽ നിന്ന് 930 കിലോമീറ്റർ അകലെ ഗോണ്ടിയയിൽ എംഎസ്ആർടിസിയുടെ ശിവ്നേരി ബസാണ് കീഴ്മേൽ മറിഞ്ഞത്. മുപ്പതിൽ അധികം പേർക്കു പരുക്കേറ്റു. നാഗ്പുരിൽ നിന്ന് ഗോണ്ടിയയിലേക്ക് പോവുകയായിരുന്നു ബസ്. വളവ് തിരിയുന്നതിനിടെ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി ബസ് ഡ്രൈവർ വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റവരെ നാഗ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50000 രൂപ വീതവുംനൽകും.