സാധാരണ ലോക്കലിന് പകരമെത്തിയത് എസി ലോക്കൽ; ‘തണുപ്പിക്കാൻ’ നോക്കി, പ്രതിഷേധത്തീ ആളിക്കത്തി
Mail This Article
മുംബൈ ∙ സാധാരണ ലോക്കൽ ട്രെയിനിനു പകരം എസി ലോക്കൽ സർവീസിന് എത്തിയതോടെ ഭയന്ദർ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധം ഉയർന്നു. രാവിലെ 8.24ന് ഭയന്ദറിൽ നിന്നു ചർച്ച്േഗറ്റിലേക്കുള്ള ഫാസ്റ്റ് ലോക്കൽ ട്രെയിനാണ് എസി സർവീസാക്കിയത്. എന്നാൽ, വിദ്യാർഥികൾ, ചെറുകിട വ്യാപാരികൾ, തൊഴിലാളികൾ എന്നിവരടക്കം ഒട്ടേറെ സാധാരണക്കാർ പതിവായി സഞ്ചരിച്ചിരുന്ന ലോക്കലിനു പകരം ഉയർന്ന നിരക്കുള്ള എസി ലോക്കൽ ഏർപ്പെടുത്തിയത് മിക്കവരുടെയും എതിർപ്പിനിടയാക്കി.
തുടർന്ന്, എസി ട്രെയിൻ പിൻവലിച്ച് പഴയ ഫാസ്റ്റ് ലോക്കൽ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ നടത്തിയ പ്രതിഷേധത്തിൽ ശിവസേനാ നേതാക്കളും പ്രവർത്തകരും അണിചേർന്നു. പിന്നാലെ, വിഷയത്തിൽ ഇടപെടണമെന്നു താനെ എംപി നരേഷ് മസ്കെ റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചു.
സാധാരണ ലോക്കലുകളിൽ ഇപ്പോൾ തന്നെ തിക്കിത്തിരക്ക് പതിവാണെന്നിരിക്കേ, അവയിലൊന്നിനു പകരമായി എസി ട്രെയിൻ ഏർപ്പെടുത്താതെ, അധിക സർവീസായി എസി ട്രെയിൻ ഉൾപ്പെടുത്താമെന്നാണ് യാത്രക്കാർ നിർദേശിക്കുന്നത്. അല്ലാത്തപക്ഷം എസിയിലെ നിരക്ക് താങ്ങാനാകാത്തവർ കൂടി നിലവിലുള്ള സാധാരണ സർവീസുകളിലേക്കു മാറുമെന്നും അത് തിരക്കു കൂടാനിടയാക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി.