വായുവിൽ നൈട്രജൻ ഡയോക്സൈഡിന്റെ അളവ് കൂടുന്നു; എൻഒ2 വില്ലൻ: ജാഗ്രത
Mail This Article
മുംബൈ∙ വായുമലിനീകരണത്തിനൊപ്പം അന്തരീക്ഷത്തിൽ, വിഷാംശമുള്ള നൈട്രജൻ ഡയോക്സൈഡിന്റെ (എൻഒ2) അളവും കൂടിയതോടെ ആരോഗ്യപ്രശ്നങ്ങളിൽ വലഞ്ഞ് നഗരം. തിരക്കേറിയ വാഹന ഗതാഗതമാണ് എൻഒ2വിന്റെ അളവ് കൂടാൻ കാരണമെന്നു സ്വകാര്യ ഏജൻസി നടത്തിയ പഠനം വ്യക്തമാക്കുന്നു. മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ചു മുംബൈയിൽ വിഷാംശ സാന്നിധ്യം വളരെ കൂടുതലാണെന്നാണു കണ്ടെത്തൽ. ലോകാരോഗ്യ സംഘടനകളുടെ മാനദണ്ഡങ്ങളെക്കാൾ ഉയർന്ന നിരക്കാണ് മുംബൈയിലും പുണെയിലും രേഖപ്പെടുത്തുന്നത്.
വിഷാംശം അടങ്ങിയ വാതകമാണ് നൈട്രജൻ ഡയോക്സൈഡ് എന്നതിനാൽ മനുഷ്യർക്കും മൃഗങ്ങൾക്കും പക്ഷികൾക്കും സസ്യങ്ങൾക്കും ഒരുപോലെ ദോഷമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളിൽ ഉൾപ്പെടെ ശ്വാസംമുട്ടൽ പോലെയുള്ള രോഗങ്ങൾ ഉണ്ടാകുമെന്നും ഡോക്ടർമാർ പറഞ്ഞു. 22 എയർക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകളിലും മോശം വായുനിലവാരം രേഖപ്പെടുത്തിയിട്ടും സർക്കാർ നടപടികളെടുക്കില്ല എന്ന് ആരോപണമുയരുന്നു.
രോഗങ്ങൾ പലതരം
വിഷാംശമുള്ള വായു രോഗങ്ങൾക്ക് കാരണമാകും. ആസ്മ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, അലർജികൾ, ശ്വാസകോശത്തിന് വീക്കം, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ.