മെട്രോ 3 ബികെസി–കഫ് പരേഡ്; ട്രാക്ക് റെഡി
Mail This Article
മുംബൈ∙ മെട്രോ മൂന്നിന്റെ ബികെസി മുതൽ കഫ് പരേഡ് വരെയുള്ള അവശേഷിക്കുന്ന 21 കിലോമീറ്റർ ഭാഗത്തെ ട്രാക്ക് നിർമാണം പൂർത്തിയായി. മേയ് അവസാനത്തോടെ ഉദ്ഘാടനം നടത്താനാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ആരേ കോളനി മുതൽ ബികെസി വരെയുള്ള 12.3 കിലോമീറ്റർ വരുന്ന ഒന്നാംഘട്ടം നേരത്തേ തുറന്നിരുന്നു.മെട്രോ ലൈൻ 3 എന്നറിയപ്പെടുന്ന ഭൂഗർഭപാതയ്ക്ക് അക്വാലൈൻ എന്നും പേരുണ്ട്. ആകെ 33.5 കിലോമീറ്റർ വരുന്ന പാതയിൽ 27 സ്റ്റേഷനുകളുണ്ട്. ദക്ഷിണമുംബൈയിൽ നിന്ന് ഏറ്റവും കൂടുതൽ കോർപറേറ്റ് സ്ഥാപനങ്ങളും ആസ്ഥാന മന്ദിരങ്ങളും സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുർള കോംപ്ലക്സ് വഴി വ്യവസായമേഖലയായ അന്ധേരി സീപ്സിലേക്ക് നീളുന്ന പാതയെന്ന നിലയിൽ വലിയ പ്രാധാന്യമുണ്ട് പാതയ്ക്ക്. ഇപ്പോൾ മെട്രോ സർവീസ് നടക്കുന്ന ബികെസി–ആരേ കോളനി പാതയിൽ 10 സ്റ്റേഷനുകളാണ് പ്രവർത്തന സജ്ജമായിരിക്കുന്നത്. പ്രതിദിനം 22000 ആളുകളാണ് പാതയെ ആശ്രയിക്കുന്നത്.
രണ്ടാംഘട്ടം: 88% ജോലികൾ പൂർത്തിയായി
രണ്ടാം ഘട്ടത്തിന്റെ 88 ശതമാനം ജോലികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. ചർച്ച് ഗേറ്റ്, സിഎസ്എംടി, മഹാലക്ഷ്മി, മുംബൈ സെൻട്രൽ തുടങ്ങി പ്രധാന ലോക്കൽ സ്റ്റേഷനുകളുമായി മെട്രോയും കൂട്ടിമുട്ടുന്നുണ്ട്. ചർണി റോഡ്, ഗ്രാന്റ് റോഡ്, ദാദർ തുടങ്ങിയ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്കും മെട്രോ 3 പാതയിൽ നിന്ന് എളുപ്പത്തിൽ പ്രവേശിക്കാം.മെട്രോ മൂന്നിന് 2011ൽ ആണ് അംഗീകാരം ലഭിച്ചത്. അന്ന് 23000 കോടി രൂപയായിരുന്ന ബജറ്റെങ്കിലും പിന്നീട് 37000 കോടിയായി ഉയർന്നു. ജപ്പാൻ ഇന്റർനാഷനൽ കോർപറേഷൻ ഏജൻസിയുടെ സഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നത്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതിന് പിന്നാലെ ഡ്രൈവറില്ലാ ട്രെയിനുകൾ ഓടിക്കാനും ശ്രമിക്കുന്നുണ്ട്. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. ആരേ–ബികെസി പാതയിൽ ഇപ്പോൾ ദിവസേന 96 സർവീസുകളാണ് നടത്തുന്നത്. മെട്രോ 3 പൂർണമായും ഉദ്ഘാടനം ചെയ്യുന്നതിന് പിന്നാലെ ദിവസേന 260 സർവീസുകളാണ് ലക്ഷ്യം വയ്ക്കുന്നത്.