മുംബൈ രുചിക്ക് അഞ്ചാം സ്ഥാനം
Mail This Article
മുംബൈ∙ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന ലോകത്തെ 100 നഗരങ്ങളുടെ കൂട്ടത്തിൽ മുംബൈയ്ക്ക് അഞ്ചാം സ്ഥാനം. ലോകത്തെ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന, ക്രൊയേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടേസ്റ്റ് അറ്റ്ലസ് ഗൈഡാണ് 2024–25 വർഷത്തെ ലോക ഭക്ഷണ അവാർഡിൽ മുംബൈയെ അഞ്ചാമതായി തിരഞ്ഞെടുത്തത്.
അമൃത്‌സർ (43), ന്യൂഡൽഹി (45), ഹൈദരാബാദ് (50), കൊൽക്കത്ത (71), ചെന്നൈ (75) എന്നിവയാണ് ലിസ്റ്റിൽ വന്ന മറ്റു ഇന്ത്യൻ നഗരങ്ങൾ. ഇറ്റലിയിലെ നഗരങ്ങളായ നേപ്പിൾസ്, മിലാൻ, ബൊലോഗ്‌ന, ഫ്ലോറൻസ് എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ ഇടം നേടിയത്. ഭക്ഷണ വൈവിധ്യങ്ങൾക്ക് പേരുകേട്ട ലോകത്തിലെ 17,073 നഗരങ്ങളുടെ കൂട്ടത്തിൽ നിന്നാണ് മികച്ച 100 എണ്ണം തിരഞ്ഞെടുത്തത്. മുംബൈയിലെ ഭേൽപുരി, പാവ്ബജി, വടാപാവ്, റാഗ്ഡ പട്ടീസ് എന്നീ വിഭവങ്ങൾ നിർബന്ധമായും രുചിക്കണമെന്ന് അറ്റ്ലസ് ഗൈഡ് വെബ്സൈറ്റിൽ കുറിച്ചു.