പെർമിറ്റ് പുതുക്കുന്നില്ല; സർവീസ് കുറയുന്നു കാലിയാകുമോ കാലിപീലി?
Mail This Article
മുംബൈ∙ നഗരത്തിൽ കാലിപീലി ടാക്സികളുടെ എണ്ണം കുറയുന്നു. വർഷാരംഭത്തിൽ 16,200 കാലി–പീലി ടാക്സികൾ ഉണ്ടായിരുന്നത് 13,000 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം 18.000 കാറുകളാണ് നിരത്തിലോടിയിരുന്നത്. ഓല, ഉൗബർ അടക്കമുള്ള ആപ് അധിഷ്ഠിത ടാക്സികൾ സജീവമായതോടെയാണ് കാലിപീലി ടാക്സികളുടെ നിറം മങ്ങിത്തുടങ്ങിയത്. ഡ്രൈവർമാർ കാലിപീലി ടാക്സികളുടെ പെർമിറ്റ് പുതുക്കാൻ തയാറാകുന്നില്ലെന്നും പുതുതലമുറ കാലിപിലീയിൽ ആകൃഷ്ടരല്ലെന്നുള്ളതും ടാക്സികളുടെ എണ്ണം കുറയാൻ കാരണമായി.
പണ്ട് പ്രിമിയർ പദ്മിനി കാറുകളായിരുന്നു കാലിപീലി ടാക്സിയായി നിരത്ത് കീഴടക്കിയിരുന്നത്. ഇപ്പോഴത് ഹ്യുണ്ടായ് സാൻട്രോ കാറാണ്. ഇതിനൊപ്പം മാരുതിയുടെ ഒമ്നി, വാഗൺ ആർ മോഡലുകൾ നിരത്തിൽ കാലിപീലിയായി ഓടുന്നുണ്ടെങ്കിലും കുറഞ്ഞ നിരക്കിൽ എസി യാത്ര വാഗ്ദാനം ചെയ്യുന്ന ആപ് അധിഷ്ഠിത ടാക്സികൾ എത്തിയതോടെ ഡിമാൻഡ് കുറഞ്ഞു.
2010ൽ 38000 കാലിപീലി ടാക്സികൾ സർവീസ് നടത്തിയിരുന്നു. പ്രിമിയർ പദ്മിനി ടാകിസിയിലെ അവസാനത്തെ വാഹനം കഴിഞ്ഞ വർഷം ഒക്ടോബറിൽ പിൻവലിച്ചിരുന്നു. 2003ൽ റജിസ്റ്റർ ചെയ്ത വാഹനമാണ് കഴിഞ്ഞ വർഷം പിൻവലിച്ചത്.ഓട്ടോറിക്ഷകൾ കൂടുന്നു.
കാലിപീലി ടാക്സികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ഓട്ടോറിക്ഷകളുടെ എണ്ണം കൂടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2010ൽ 1.1 ലക്ഷം ഓട്ടോറിക്ഷകളാണ് ടാക്സിയായി ഓടിയിരുന്നത്. എന്നാൽ, ഇപ്പോൾ അത് 2.6 ലക്ഷമായി ഉയർന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ സബ്സിഡി വഴി ഓട്ടോറിക്ഷകൾ വാങ്ങി ടാക്സി മേഖലയിലേക്ക് കടന്നു വരുന്നുണ്ട്.