മലയാളികളും വിനോദസഞ്ചാരത്തിന് എത്തുന്ന എലിഫന്റാ ദ്വീപ്; സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ യാത്ര
Mail This Article
മുംബൈ∙ സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയ കടൽയാത്ര; എലിഫന്റയിലേക്കുള്ള ബോട്ട് കടലിൽ മുങ്ങിയുണ്ടായ അപകടത്തിൽ 13 പേർക്കു ജീവൻ നഷ്ടപ്പെട്ട ദുരന്തം. ആവശ്യത്തിന് ലൈഫ് ജാക്കറ്റില്ലാതെ, ഉള്ളവ യാത്രക്കാർക്ക് അണിയാൻ നൽകാതെ നടത്തിയ സർവീസ്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് എലിഫന്റാ ദ്വീപ്. ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് കടലിലൂടെ ഒരു മണിക്കൂറിലേറെ സമയം നീളുന്ന ബോട്ടുയാത്രയാണ് ഏക ആശ്രയം. ദിവസവും ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ഇവിടേക്കുള്ള യാത്ര പക്ഷേ, സുരക്ഷാ മുൻകരുതലുകളൊന്നും ഉറപ്പാക്കാതെയാണ് എന്നത് ഞെട്ടിക്കുന്നു.
യാത്രക്കാരെ നിർബന്ധമായും ലൈഫ് ജാക്കറ്റ് അണിയിക്കുന്ന പതിവ് ഇവിടെയില്ല. ചില ബോട്ടിന് മുകളിൽ ജാക്കറ്റുകൾ കെട്ടിവച്ചിരിക്കുന്നത് കാണാം. പേരിനുപോലും ജാക്കറ്റില്ലാതെ പ്രവർത്തിക്കുന്ന ബോട്ടുകളും ഉണ്ട്. അവധി ദിവസങ്ങളിൽ തിരക്കു കൂടും. ബോട്ടുകളുടെ എണ്ണവും കൂടും. ചില ബോട്ടിൽ രണ്ടാംനിലയും ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്കിടയിൽ കടൽപക്ഷികൾക്ക് തീറ്റ എറിഞ്ഞുകൊടുക്കുന്നത് ബോട്ടിലെ പതിവാണ്. അത് തിന്നാനെത്തുന്ന പക്ഷികളുടെ ദൃശ്യം പകർത്താൻ യാത്രക്കാർ ഒരു ഭാഗത്തേക്ക് ഒരുമിച്ചുകൂടുന്നതും അപകടം വിളിച്ചുവരുത്തും. ശക്തമായ തിരമാലയിൽപ്പെട്ട് ബോട്ട് ഉലയാനുള്ള സാധ്യത ഉള്ളതുകൊണ്ട് മറ്റു ബോട്ടുകളോട് ചേർന്ന് യാത്ര നടത്തുന്നതും അപകടകരമാണ്.
മുംബൈയിലെ ബോട്ട് അപകടങ്ങൾ
∙ 2024 സെപ്റ്റംബർ 22
ഗണേശവിഗ്രഹം നിമജ്ജനം ചെയ്യാൻ പോകുന്നതിനിടെ വെർസോവ ബീച്ചിൽ ബോട്ട് മുങ്ങി. ആളപായമില്ല. ഒരാളുടെ നില ഗുരുതരം.
∙ 2022 മേയ് 15
ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് എലിഫന്റാ ദ്വീപിലേക്ക് യാത്രക്കാരെ കൊണ്ടുപോകാറുള്ള ‘മുശ്താഖീൻ’ ബോട്ട് ബല്ലാർഡ് പിയറിൽ മുങ്ങി. ആളപായമില്ല
∙ 2020 മാർച്ച് 14
88 യാത്രക്കാരുമായി റായ്ഘഡിലെ മാണ്ട്‌വയ്ക്കടുത്ത് അറബിക്കടലിൽ ബോട്ട് മറിഞ്ഞു. ആളപായമില്ല.
നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ച് യാത്രാബോട്ട് മുങ്ങി മരണം 13
മുംബൈ ∙ വിനോദസഞ്ചാരികളുമായി പുറപ്പെട്ട യാത്രാബോട്ടിലേക്കു നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 99 പേരെ രക്ഷപ്പെടുത്തി. മുംബൈ തീരത്ത് ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്ക് സമീപം ഇന്നലെ വൈകിട്ട് 4നാണ് അപകടം. വിനോദസഞ്ചാരകേന്ദ്രമായ എലിഫന്റാ ദ്വീപിലേക്കു പുറപ്പെട്ട ‘നീൽകമൽ’ എന്ന യാത്രാബോട്ടിലേക്കാണ് നാവികസേനയുടെ സ്പീഡ് ബോട്ട് പാഞ്ഞുകയറിയത്.
സ്പീഡ് ബോട്ടിൽ പുതിയ എൻജിൻ വച്ചതിനു ശേഷമുള്ള പരീക്ഷണയാത്രയ്ക്കിടെ വേഗം നിയന്ത്രിക്കാനാകാതെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഒരു നാവികസേനാംഗവും എൻജിൻ നിർമിച്ച കമ്പനിയുടെ 2 ഉദ്യോഗസ്ഥരുമുണ്ട്. ആശുപത്രിയിലുള്ള ഏതാനും പേരുടെ നില ഗുരുതരമാണെന്നും കടലിൽ രാത്രി വൈകിയും തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച വിനോദസഞ്ചാരകേന്ദ്രമായ എലിഫന്റാ ദ്വീപിലേക്ക് ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്ന് ഒരു മണിക്കൂറിലേറെ ബോട്ട് യാത്ര ചെയ്യേണ്ടതുണ്ട്. എല്ലാ യാത്രക്കാർക്കും ലൈഫ് ജാക്കറ്റ് നൽകണമെന്നത് അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, ആളുകളെ കുത്തിനിറച്ച് ഇവിടേക്കു ബോട്ടുകൾ പോകുന്നതു പതിവാണ്. 11 നാവികസേനാ ബോട്ടുകൾ, 3 മറൈൻ പൊലീസ് ബോട്ടുകൾ, 4 ഹെലികോപ്റ്ററുകൾ എന്നിവയുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.