കുതിപ്പേകാൻ മൂന്നാം മുംബൈ; മിന്നും വേഗത്തിൽ വളരുന്നു, നഗരം
Mail This Article
മുംബൈ ∙ നഗരത്തിനു മോടിയും ജനജീവിതത്തിനു കൂടുതൽ സൗകര്യങ്ങളും നൽകുന്ന ഒട്ടേറെ പദ്ധതികളാണ് പുരോഗമിക്കുന്നത്. പുതുവർഷത്തിൽ മൂന്നാം മുംബൈയ്ക്കുള്ള നടപടികൾ വേഗത്തിലാകും. അതിനൊപ്പം വാഡ്‌വൻ തുറമുഖത്തിന്റെ നിർമാണം, ജലഗതാഗത മാർഗങ്ങളിൽ പുതിയ മുന്നേറ്റം എന്നിവയും ഉണ്ടാകും. കൂടുതൽ മെട്രോ പാതകൾ തുറക്കുന്ന വർഷം കൂടിയാണ് 2025.
കുതിപ്പേകാൻ മൂന്നാം മുംബൈ
റായ്ഗഡ് ജില്ല കേന്ദ്രീകരിച്ചാണ് മൂന്നാം മുംബൈയ്ക്ക് രൂപം നൽകുന്നത്. ഏപ്രിലിൽ പ്രവർത്തന സജ്ജമാകുന്ന നവിമുംബൈ വിമാനത്താവളം ഉൾപ്പെടുന്ന പ്രദേശങ്ങളെയും ഇതിനു ചുറ്റുമുള്ള 200 ഗ്രാമങ്ങളെയും ഉൾപ്പെടുത്തിയാണ് സർക്കാർ പദ്ധതി തയാറാക്കിയിരിക്കുന്നത്. അതിനായുള്ള സർവേകൾ ഈ വർഷം തന്നെ ആരംഭിക്കും. ന്യൂ ടൗൺ ഡവലപ്മെന്റ് അതോറിറ്റി എന്ന പേരിൽ ഏജൻസി രൂപീകരിച്ചിട്ടുണ്ട്.
പ്രദേശവാസികളിൽ നിന്ന് എതിർപ്പുണ്ടെങ്കിലും ഭൂമിയേറ്റെടുക്കലടക്കമുള്ള ചർച്ചകളിലേക്കു നീങ്ങുന്ന സർക്കാർ മുംബൈയോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നാം മുംബൈയുടെ ഭാഗമാകുന്നതോടെ പെൺ, പൻവേൽ, ഉറൺ, കർജത് മേഖലകളുടെയും മുഖഛായ മാറുമെന്നത് ഉറപ്പാണ്.
പകുതിയിലേറെയും ടെക് ഹബ്ബുകൾ
പുതിയ നഗരത്തിൽ 65 ശതമാനത്തോളം ഇടത്തിൽ ടെക് ഹബ്ബുകൾ ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിനൊപ്പം വിനോദകേന്ദ്രങ്ങളും നിർമിക്കും. വാണിജ്യ സമുച്ചയങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ, ആഡംബര വില്ലകൾ, ഡേറ്റ സെന്ററുകൾ, രാജ്യാന്തര ബിസിനസ് സെന്ററുകൾ എന്നിങ്ങനെ ഒട്ടേറെ പദ്ധതികളാണ് തയാറാകുന്നത്. കൂടുതൽ വിദേശ നിക്ഷേപം എത്തിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 850 കോടി രൂപ മുടക്കി നവിമുംബൈ മേഖലയിൽ ഗൂഗിൾ ഭൂമി വാങ്ങിയിരുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും രാജ്യത്തിന്റെ ജിഡിപിയിലേക്കും നിർണായകമായ സംഭാവനകൾ നൽകാൻ കഴിയുന്ന പദ്ധതിയെന്ന നിലയിലാണ് സർക്കാർ മൂന്നാം മുംബൈയെ നോക്കിക്കാണുന്നത്. ഒട്ടേറെ തൊഴിലവസരങ്ങളും ലഭിക്കും. 2029നകം മേഖലയിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉൽപാദനം 300 ബില്യൻ ഡോളറാക്കുകയെന്ന ലക്ഷ്യവും മൂന്നാം മുംബൈയിലൂടെ നേടാനാകുമെന്ന് സർക്കാർ കരുതുന്നു. വേൾഡ് ഇക്കണോമിക് ഫോറവുമായും ധാരണയിലെത്തിയിട്ടുണ്ട്.
1973ൽ മാൻഖുർദിൽ നിന്ന് നിർമിച്ച പാലത്തിലൂടെയാണ് നവിമുംബൈ ഉദയം കൊള്ളുന്നത്. പിന്നീട് 1992ൽ നിർമിച്ച റെയിൽവേ പാലം നവിമുംബൈയുടെ ചിത്രമാകെ മാറ്റി. 2000ത്തിന്റെ ആദ്യകാലത്ത് ഐടി കമ്പനികൾ നവിമുംബൈ, വാശി, ഐരോളി, ബേലാപുർ, ജുയിനഗർ ഭാഗങ്ങളിലേക്കെത്തിയതോടെ മുംബൈ നഗരത്തിനു തുല്യമായി നവിമുംബൈയും വളരുകയായിരുന്നു.
അതിവേഗം മുന്നേറുന്നു വാഡ്‌വൻ തുറമുഖം
മുംബൈയിൽ നിന്ന് 150 കിലോമീറ്റർ അകലെ ഡഹാണു താലൂക്കിൽ വാഡ്‌വൻ തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങളും അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി തറക്കല്ലിട്ട പദ്ധതിക്ക് 76,000 കോടി രൂപയാണ് മുടക്കുമുതൽ. 12 ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണം പൂർത്തിയാകുമ്പോൾ രാജ്യത്തേറ്റവും ആഴമേറിയ തുറമുഖങ്ങളിലൊന്നായി ഇത് മാറും. മഹാരാഷ്ട്രയ്ക്ക് പുറമേ, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങൾക്കും ഉപകാരപ്പെടുന്ന പദ്ധതിയാണിത്. പദ്ധതി 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സുഗമയാത്രയ്ക്കായി സമൃദ്ധി എക്സ്പ്രസ്‌വേ
നാഗ്പുർ–മുംബൈ സമൃദ്ധി എക്സ്പ്രസ്‌വേയുടെ അവശേഷിക്കുന്ന 76 കിലോമീറ്റർ ഭാഗം ഈ വർഷം തുറക്കും. ജൂണിനു മുൻപേ ഉദ്ഘാടനം നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പാത പൂർത്തിയാകുന്നതോടെ മുംബൈ– നാഗ്പുർ യാത്രയ്ക്കു വെറും 8 മണിക്കൂർ മതിയാകും. നിലവിൽ 12 മണിക്കൂറിലേറെയാണ് യാത്രാസമയം. 701 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് മുംബൈ–നാഗ്പുർ പാത.
പുതുവർഷത്തിലെ പ്രതീക്ഷകൾ
1) നവിമുംബൈ വിമാനത്താവളം
∙ ആദ്യഘട്ട ഉദ്ഘാടനം ഏപ്രിൽ 17ന്
∙ മേയ് മുതൽ ആഭ്യന്തര സർവീസ്, ജൂലൈ മുതൽ രാജ്യാന്തര സർവീസ്.
∙പദ്ധതിയുടെ മുടക്കുമുതൽ 16,800 കോടി രൂപ.
∙ആദ്യഘട്ടത്തിന്റെ 85 ശതമാനവും പൂർത്തിയായി.
∙ട്രാൻസ്ഹാർബർ ലിങ്ക് വഴി മുംബൈക്കാർക്ക് അതിവേഗം നവിമുംബൈ വിമാനത്താവളത്തിൽ എത്താൻ സാധിക്കും.
∙ബേലാപുരിനും ഉൾവെക്കും ഇടയിൽ തർഘറിലാണ് വിമാനത്താവളത്തിലേക്കുള്ള പ്രവേശനകവാടം.
∙സയൺ– പൻവേൽ ഹൈവേയിലൂടെയും എത്താം.
∙പുണെ, കൊങ്കൺ മേഖലകളിലുള്ളവർക്ക് മുംബൈ വിമാനത്താവളത്തെ അപേക്ഷിച്ച് ഒന്നരമണിക്കൂറിലേറെ സമയലാഭം.
2) മെട്രോ 3 (ബികെസി–കഫ് പരേഡ്)
∙ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞു (ആരേ കോളനി മുതൽ ബികെസി വരെ).
∙ അടുത്തഘട്ടം ഉദ്ഘാടനം പ്രതീക്ഷിക്കുന്നത് മേയ് 31ന് മുൻപ്.
∙ നഗരത്തിനുള്ളിലെ വ്യവസായ–വാണിജ്യ സ്ഥാപനങ്ങളെയും കോർപറേറ്റ് ആസ്ഥാനങ്ങളെയും മന്ത്രാലയെയും ബന്ധിപ്പിച്ചുള്ള മെട്രോ, പൂർണമായും ഭൂഗർഭപാത.
∙ആരേ കോളനി മുതൽ കഫ് പരേഡ് വരെ 33.5 കിലോമീറ്റർ.
∙രണ്ടാം ഘട്ടം പൂർത്തിയായതിനു ശേഷം ഡ്രൈവറില്ലാതെയും ട്രെയിൻ ഓടിക്കാൻ പദ്ധതി.
3) മെട്രോ 2 ബി (ഡിഎൻ നഗർ– മാണ്ഡളെ )
∙ ഹാർബർ ലൈനിലെ മാൻഖുർദിൽ നിന്നാരംഭിക്കുന്ന മെട്രോ ബാന്ദ്ര–കുർള കോംപ്ലക്സ് വഴി വെസ്റ്റേൺ ലൈനിലെ അന്ധേരിയിലേക്ക്.
∙ ഉദ്ഘാടനം പ്രതീക്ഷിക്കുന്നത് ജൂൺ 31ന് മുൻപ് ( ആദ്യഘട്ടം).
∙ 23.64 കിലോമീറ്റർ പാത, 72% നിർമാണ പ്രവർത്തനം പൂർത്തിയായി.
∙ പദ്ധതി ചെലവ് –1,100 കോടി രൂപ.
∙വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലേക്കും ഈസ്റ്റേൺ എക്സ്പ്രസ്‌വേയിലേക്കും പോകുന്നവർക്ക് എളുപ്പത്തിൽ യാത്ര ചെയ്യാം.
∙ഹാർബർ ലൈനിൽ നിന്നും വെസ്റ്റേൺ ലൈനിൽ നിന്നും ബികെസിയിലേക്ക് യാത്ര ചെയ്യുന്നവർക്കും എളുപ്പമാകും.