ADVERTISEMENT

മുംബൈ∙ നഗരത്തിൽ വായുമലിനീകരണത്തോത് പരിധിവിട്ട് ഉയരുന്നത് തടയാനുള്ള നടപടികളുമായി ബിഎംസി രംഗത്ത്. ഒരു മാസമായി മോശം വളരെ മോശം എന്നീ നിലവാരത്തിലാണ് വായുമലിനീകരണത്തോത്. വായുമലിനീകരണം ലഘൂകരിക്കുന്നതിന് 28 നിർദേശങ്ങളും ബിഎംസി മുന്നോട്ട് വച്ചിട്ടുണ്ട്. 

78 പദ്ധതികൾക്ക് സ്റ്റോപ് വർക്ക് നോട്ടിസ്
ചട്ടങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 78 നിർമാണ ഇടങ്ങൾക്ക് സ്റ്റോപ് വർക്ക് മെമ്മോ നൽകി. ബൈക്കുളയിൽ 33, ബോറിവ്‌ലി 45 എന്നിങ്ങനെയാണ് നോട്ടിസ് നൽകിയത്. നവംബർ ഒന്നിനും ഡിസംബർ 31നും ഇടയിൽ 877 നിർമാണ ഇടങ്ങൾക്ക് നോട്ടിസ് നൽകിയെന്നും അധികൃതർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകും.

റോഡുകൾ കുഴിക്കുന്നത് നിരോധിച്ചു
വിവിധ ഡിപാർട്മെന്റുകൾ റോഡ് കുഴിച്ച് നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തൽക്കാലം നിർത്തി വയ്ക്കാനുള്ള നോട്ടിസ് നൽകിയെന്ന് ബിഎംസി അധികൃതർ പറഞ്ഞു. റോഡ് കുഴിക്കുന്നത് ഒരു പരിധി വരെ വായുമലിനീകരണം രൂക്ഷമാക്കുന്നതിന്  കാരണമാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ജലവിതരണത്തിനായുള്ള പൈപ്പുലൈനുകൾ പരിശോധിക്കുന്നതിനും ഒട്ടേറെയിടങ്ങളിൽ  കുഴികൾ എടുക്കുന്നുണ്ട്. നേരത്തെ അനുമതി നൽകിയതൊഴികെ പുതിയതായി ഇനി അനുമതി നൽകരുതെന്ന നിർദേശവും ഉണ്ട്.

കാഴ്ച മറച്ച് പൊടി പടലം
അന്തരീക്ഷ മലിനീകരണം കൂടിയതിനൊപ്പം കാറ്റിന്റെ വേഗം കുറഞ്ഞത് വായുനിലവാരം മോശമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. താപനില കുറയുകയും ഈർപ്പം കൂടുകയും ചെയ്തതോടെ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കെട്ടി നിൽക്കുകയാണ്. വാഹനത്തിൽ നിന്നുണ്ടാകുന്ന പുകയും മലിനീകരണത്തോത് കൂട്ടുന്നു. ബികെസി മേഖലയിൽ വൈകിട്ട് 5 കഴിയുന്നതോടെ ദൂരക്കാഴ്ച മറയ്ക്കുന്ന വിധത്തിലാണ് പൊടിപടലങ്ങൾ കെട്ടിനിൽക്കുന്നത്.

ബുള്ളറ്റ് ട്രെയിൻ, മെട്രോ പാതകളുടെ നിർമാണം, കെട്ടിടനിർമാണം എന്നിവയാണ് മലിനീകരണം രൂക്ഷമാക്കുന്നത്. മഴക്കാലത്ത് പൊതുവേ വായുനിലവാരം മെച്ചപ്പെട്ട നിലയിലാണെങ്കിലും ഒക്ടോബർ മുതൽ മേയ് വരെ അതീവഗുരുതരാവസ്ഥയിലേക്ക് എത്തും. ബാന്ദ്ര കുർള കോംപ്ലക്സ്, മലാഡ്, മസ്ഗാവ്, ബൈക്കുള, നേവിനഗർ തുടങ്ങി നഗരത്തിന്റെ വിവിധ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണ്.

നവിമുംബൈയിലും രക്ഷയില്ല
നിർദിഷ്ട നവിമുംബൈ വിമാനത്താവളത്തിന്റെ ചുറ്റളവിൽ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ കെട്ടി നിൽക്കുന്നത് മേഖലയാകെ അസ്വാരസ്യം പടർത്തുന്നുണ്ട്.  ചട്ടങ്ങളൊന്നും പാലിക്കാതെയാണ് ഇവിടെ തിരക്കിട്ട നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന ആക്ഷേപവും ഉണ്ട്. രണ്ട് കിലോമീറ്ററോളം  ദൂരത്തിലാണ് ഇവിടെ പൊടിപടലങ്ങൾ കെട്ടിനിൽക്കുന്നത്.

കുറച്ച് നാളുകളായി ശ്വാസം മുട്ടലിനെത്തുടർന്ന് ചികിത്സയിലായിരുന്നു. 1980ൽ ആണ് മുംബൈയിലെത്തുന്നത്. പിന്നീട് ഗൾഫിൽ പോയെങ്കിലും തിരിച്ചെത്തി. സ്ഥിരമായി ശ്വാസകോശ സംബന്ധമായ രോഗം ഉണ്ടാകുന്നതിനെ തുടർന്ന് ഡോക്ടർമാരുടെ നിർദേശം അനുസരിച്ച്  ഇവിടത്തെ താമസം ഉപേക്ഷിക്കുകയാണ്. തൃശൂരിൽ വീടുനിർമാണം പുരോഗമിക്കുന്നു. ഏപ്രിലിന് മുൻപ്  അവിടേക്ക് മാറും. ഇവിടെ കഴിയാനായിരുന്നു ഇഷ്ടമെങ്കിലും കാലാവസ്ഥയും മലിനീകരണവും സമ്മതിക്കുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com