ADVERTISEMENT

മുംബൈ∙ പകൽ ചുട്ടുപൊള്ളുന്ന സൂര്യനു താഴെ, രാത്രി കൊടുംതണുപ്പിനെ വകഞ്ഞുമാറ്റി, കുന്നും മലയും താണ്ടി ഥാർ മരുഭൂമിയിലൂടെ മലയാളിയും ശിഷ്യയും 28 മണിക്കൂറിനുള്ളിൽ ഓടിത്തീർത്തത് 161 കിലോമീറ്റർ. ഇന്ത്യയിലെ ഏറ്റവും കഠിനമായ അൾട്രാ മാരത്തണുകളിലൊന്നായ രാജസ്ഥാൻ ബോർഡർ റണ്ണിൽ വിജയികളായിരിക്കുകയാണ് താനെ സ്വദേശിയും വിമുക്തഭടനുമായ ഹരിദാസൻ നായരും (56) ശിഷ്യ രേഷ്മ ഗിരീഷ് ഷെട്ടിയും (44). തൃശൂർ ഒല്ലൂരിന് അടുത്ത് മരത്താക്കരയാണ് ഹരിദാസന്റെ കുടുംബവേര്.

1971ൽ പാക്കിസ്ഥാനുമായി നടത്തിയ ലോംഗേവാല യുദ്ധത്തിൽ അംഗബലം കുറഞ്ഞിട്ടും ഇന്ത്യൻ സൈന്യം ജയിച്ചതിന്റെ ഓർമയ്ക്കായാണ് എല്ലാ വർഷവും ഇന്ത്യൻ ആർമിയുടെ പിന്തുണയോടെ ഈ മാരത്തൺ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മാസം 14,15 തീയതികളിലായിരുന്നു മാരത്തൺ നടന്നത്. രാജസ്ഥാനിലെ ജയ്സൽമേറിൽ നിന്ന് ആരംഭിച്ച് ലോംഗേവാലയിലാണ് അവസാനിക്കുന്നത്.  14ന് നട്ടുച്ചയ്ക്ക് 12ന് 47ഡിഗ്രി സെൽഷ്യസ് ചൂടിലാണ് ഓട്ടം ആരംഭിച്ചത്. രാത്രിയിൽ താപനില മൈനസ് ഒരു ഡിഗ്രിയിലേക്ക് എത്തും. കുന്നും മലയും കല്ലും പൊടിയും താണ്ടിയുള്ള ഓട്ടം. ജനവാസ മേഖലയല്ലാത്ത പ്രദേശമാണ് മുഴുവൻ. രാത്രി ഹെഡ്‌ലാംപിന്റെ സഹായത്തോടെയാണ് മുന്നോട്ടുപോകുന്നത്.

10 കിലോമീറ്റർ പിന്നിടുന്നതിനനുസരിച്ച് സംഘാടകർ വെള്ളം നൽകും. 100 കിലോമീറ്റർ പിന്നിട്ടാലാണ് ഭക്ഷണം ലഭിക്കുക. ഇതിനിടയിൽ സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ സഹായം തേടാനും പാടില്ല. അവസാനത്തെ 21 കിലോമീറ്റർ ഏറ്റവും ദുർഘടം പിടിച്ച പാതയായിരുന്നുവെന്ന് ഹരിദാസൻ നായർ പറഞ്ഞു. ഭൂരിഭാഗം പേരും പാതിവഴിയിൽ പിന്മാറിയപ്പോൾ 27 മണിക്കൂർ 18 മിനിറ്റിൽ ഇവർ ലക്ഷ്യം കണ്ടു. 40 വർഷമായി ഓട്ടം ഹരിദാസൻ നായരുടെ പാഷനാണ്. 11 വർഷമായി താനെ, നവിമുംബൈയിലെ പാംബീച്ച് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കായിക പരിശീലന കേന്ദ്രം നടത്തുന്നു. ശിഷ്യ രേഷ്മ ഷെട്ടി മംഗളൂരു സ്വദേശിയാണ്. റിലയൻസ് ജിയോ എന്റർപ്രൈസസ് പ്രോഡക്ട് ടീമിലെ ജനറൽ മാനേജറാണ്. ആറ് വർഷമായി ഹരിദാസന്റെ കീഴിൽ പരിശീലനം നടത്തുന്നു. ദക്ഷിണാഫ്രിക്കയിലെ കോംറേഡ് മാരത്തൺ, ദക്ഷിണാഫ്രിക്കയിലെ കാഡ്ദുംഗ്ല മാരത്തൺ എന്നിവയിൽ ഇരുവരും നേരത്തേ ഒരുമിച്ച് പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.

English Summary:

Haridasan Nair and Reshma Shetty triumphed in the Rajasthan Border Run, a challenging 161-kilometer ultramarathon across the Thar Desert. This incredible feat involved traversing harsh terrain and extreme temperatures, showcasing exceptional endurance and determination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com