ADVERTISEMENT

മുംബൈ∙ ഏപ്രിലിൽ തുറക്കുന്ന നവിമുംബൈ വിമാനത്താവളത്തെയും മുംബൈ രാജ്യാന്തര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന എയർപോർട്ട് എക്സ്പ്രസ്‌ലൈൻ മെട്രോയ്ക്കുള്ള ടെൻഡർ നടപടികൾ വേഗത്തിലാക്കുന്നു.വിമാനത്താവളത്തിന്റെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 17ന് നടക്കാനിരിക്കെയാണ് പുതിയ മെട്രോ പദ്ധതിക്കും ജീവൻ വച്ചത്. വിമാനത്താവളം പൂർണമായും പ്രവർത്തന സജ്ജമാകുന്ന 2032ന് മുൻപേ മെട്രോപാതയും തുറക്കാനാണ് ലക്ഷ്യമിടുന്നത്.

33 കിലോമീറ്റർ പാത
2 വിമാനത്താവളങ്ങൾ ബന്ധിപ്പിച്ച് 33 കിലോമീറ്റർ പാതയിലാണ് മെട്രോ വരുന്നത്. നിലവിൽ റോഡ് മാർഗം മുംബൈ വിമാനത്താവളത്തിൽ നിന്ന് നവിമുംബൈ വിമാനത്താവളത്തിലെത്താൻ രണ്ട് മണിക്കൂറോളം സമയം വേണം. പുതിയ മെട്രോ വരുന്നതോടെ ഇത് 30 മിനിറ്റായി കുറയും. 15 മിനിറ്റ് ഇടവേളയിൽ ട്രെയിനുകൾ ഓടിക്കാനാണ് ആലോചിക്കുന്നത്. 

എംഎംആർഡിഎയും സിഡ്കോയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് മാൻഖുർദ് വരെയുള്ള ഭാഗം എംഎംആർഡിഎയും ഇവിടെ നിന്ന് നവിമുംബൈ വിമാനത്താവളം വരെയുള്ള ഭാഗം നിർമിക്കുന്നത് സിഡ്കോയുമാണ്. കരാർ നടപടികൾ വേഗത്തിലാക്കി അതിവേഗം പാത പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

15000 കോടിയുടെ പദ്ധതി
​15000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.  പൂർണ സജ്ജമാകുന്നതോടെ 9 ലക്ഷത്തോളം യാത്രക്കാർ മെട്രോയെ ആശ്രയിക്കുമെന്നാണ് കരുതുന്നത്. മെട്രോ 2 ബിയുമായും (ഡിഎൻനഗർ–മാണ്ഡളെ) മെട്രോ 3 (ആരേ കോളനി–കഫ് പരേഡ്)  എന്നീ പാതകളുമായും ബന്ധിപ്പിക്കാനും ആകും. ഇത് ഹാർബർ ലൈനിലെയും വെസ്റ്റേൺ ലൈനിലെ യാത്രക്കാർക്കും പ്രയോജനമാകും.

ഇഴഞ്ഞ് നീങ്ങുന്ന മെട്രോ നിർമാണം
​11 വർഷമായിട്ടും കേവലം 58 കിലോമീറ്റർ മാത്രമാണ് മെട്രോ സർവീസ് നടത്തുന്നത്. രാജ്യത്ത് ആദ്യമായി ട്രെയിൻ ഓടിച്ച നഗരം മെട്രോയുടെ കാര്യത്തിൽ ഏറെ പിന്നിലാണെന്ന് പഴി കേൾക്കുകയാണ്. മെട്രോ 3ന്റെ ശേഷിക്കുന്ന ഭാഗം തുറക്കുന്നതോടെ നഗരത്തിലെ മെട്രോ സർവീസ് 90 കിലോമീറ്ററായി ഉയരും. 2014 ജൂണിലാണ് നഗരത്തിൽ ആദ്യ മെട്രോയുടെ (ഘാട്കോപ്പർ–വെർസോവ)  ഉദ്ഘാടനം നടത്തിയത്. 

അന്ധേരി മുതൽ ഘാട്കോപ്പർ വരെ ഭൂമിക്കടിയിലൂടെ
ജനവാസമേഖലകളിൽ ഭൂമിക്കടിയിലൂടെയും അല്ലാത്തയിടങ്ങളിൽ എലിവേറ്റഡ് പാതയിലൂടെയുമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. അന്ധേരി മുതൽ ഘാട്കോപ്പർ വരെ ഭൂമിക്കടിയിലൂടെയും അവിടെ നിന്ന് ഘാട്കോപ്പർ–മാൻഖുർദ് ലിങ്ക് റോഡ് വഴി നവിമുംബൈ വരെ എലിവേറ്റഡ് പാതയും നിർമിക്കും.

നിലവിലെ മെട്രോ സർവീസുകൾ
മെട്രോ 1: ഘാട്കോപ്പറിൽ നിന്ന് വെർസോവയിലേക്ക് 11.4 കിലോമീറ്റർ
മെട്രോ 2 എ: ദഹിസറിൽ നിന്ന് ഡിഎൻ നഗറിലേക്ക് 18.6 കിലോമീറ്റർ
മെട്രോ 7: അന്ധേരിയിൽ നിന്ന് ദഹിസറിലേക്ക് 16.4 കിലോമീറ്റർ
നവിമുംബൈ: തലോജയിൽ നിന്ന് ബേലാപുരിലേക്ക് 11 കിലോമീറ്റർ
മെട്രോ 3: ആരേ കോളനിയിൽ നിന്ന് ബികെസി വരെ 12.5 കിലോമീറ്റർ

English Summary:

Navi Mumbai Airport's Express Metro line is rapidly progressing. The tendering process is being expedited to ensure the metro is operational before the airport reaches full capacity in 2032.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com