കേരള ഹൗസിലേക്ക് കടക്കാൻ സാധാരണക്കാരന്; ‘പിൻവാതിൽ’ പ്രവേശനം
Mail This Article
ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് ചുരുങ്ങിയ ചെലവിൽ പൊതുജനങ്ങൾക്ക് അന്നം നൽകുന്ന കേരള ഹൗസിലേക്ക് പോകാൻ ‘വളഞ്ഞവഴി’ മാത്രം. നേരത്തേ, കേരള ഹൗസിന്റെ പ്രധാന കവാടത്തിലൂടെ തന്നെ ആളുകളെ കയറ്റിവിടുമായിരുന്നെങ്കിൽ കുറേ നാളായി അതില്ല. സുരക്ഷാപ്രശ്നം ഉന്നയിച്ചാണു പൊതുജനസമ്പർക്കത്തിനുള്ള വഴി അടയ്ക്കുന്നത്. പ്രവേശനം കേരള ഹൗസിന്റെ ‘പിൻവാതിലിലൂടെ’ മാത്രമാക്കിയതോടെ കേരളീയ ഭക്ഷണം കഴിച്ചു മനസ്സുനിറയ്ക്കാൻ എത്തുന്നവരുടെ മനസ്സു മടുക്കില്ലേ?
എന്തുകൊണ്ടിങ്ങനെ ?
∙ പൊതുജനങ്ങൾക്കു മുന്നിൽ കേരള ഹൗസിന്റെ മുൻവാതിൽ അടച്ചിടാനുള്ളതു സർക്കാർ തലത്തിലെ തീരുമാനമാണോ ? അതോ കേരള ഹൗസ് ഉദ്യോഗസ്ഥ തലത്തിൽ കൈക്കൊണ്ടതോ ?
∙ വിഐപികൾ ഉള്ളപ്പോൾ ഇതാണു സുരക്ഷിതം എന്നാണു മറുപടിയെങ്കിൽ വർഷത്തിൽ 365 ദിവസവും ഇവിടെ വിഐപിമാർ ഇല്ലല്ലോ എന്ന മറുചോദ്യമാണു പൊതുജനങ്ങൾക്കുള്ളത്.
∙ ഡൽഹിയിലെ അതീവസുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ഭവനുകളിൽ ഇല്ലാത്ത എന്തു സുരക്ഷാഭീഷണിയാണ് കേരള ഹൗസിൽ നിലനിൽക്കുന്നത് ?
∙ പൊതുജനങ്ങൾക്ക് മുൻവാതിൽ വഴി പ്രവേശനം അനുവദിക്കാത്തത് സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ്. അങ്ങനെയെങ്കിൽ മറ്റു പലയിടത്തുമെന്ന പോലെ മെറ്റൽ ഡിറ്റക്ടർ സംവിധാനമോ മറ്റോ ഉപയോഗിക്കാവുന്നതല്ലേ ?
∙ കേരള ഹൗസ് ഡൽഹിയിൽ കേരളത്തിന്റെ അടയാളമാണ്. ഇവിടേക്ക് വന്നെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരെ സ്വീകരിക്കേണ്ടത് ഇങ്ങനെയാണോ? കേരള ഹൗസിനെക്കുറിച്ചുള്ള ആദ്യ പ്രതീതിയിൽ തന്നെ ഈ അലോസരം സൃഷ്ടിക്കേണ്ടതുണ്ടോ ?
∙ കേരള ഹൗസിൽ വിശാലമായ പാർക്കിങ് സൗകര്യമുള്ളപ്പോഴാണ് ആളുകൾക്കും വാഹനങ്ങൾക്കുമുള്ള വിലക്ക്. വഴിയരികിൽ നിർത്തിയിട്ട് അകത്തേക്കു പോയി വരുമ്പോൾ ആ വാഹനം ഡൽഹി പൊലീസ് കൊണ്ടുപോകാനുള്ള സാധ്യതയും ഏറെ.
∙ പിൻവാതിലിലൂടെ കയറിയാലും സമൃദ്ധി കന്റീനിൽ കയറിയിറങ്ങി പോകാൻ മാത്രമാകും സാധാരണക്കാരനു വിധി. കേരള ഹൗസ് വളപ്പിൽ നിന്ന് ഒരു ഓർമച്ചിത്രം എടുക്കുന്നതും സുരക്ഷാപ്രശ്നമാണോ ?
∙ സൂചനാബോർഡിൽ പറഞ്ഞിരിക്കുന്നതു പോലെ ഇതു സ്റ്റാഫ് കന്റീൻ മാത്രമാണോ. പൊതുജനങ്ങളെ രണ്ടാംനിരക്കാരായി പരിഗണിച്ചാണോ കന്റീൻ നടത്തുന്നത് ?
ഇന്നലെ ഉച്ചയ്ക്ക് കേരള ഹൗസിനു മുന്നിൽക്കണ്ട കാഴ്ചകളിലൂടെ...
സമയം 12.40
കോളജ് വിദ്യാർഥികളായ രണ്ടുപേർ ഇതാദ്യമായിരുന്നു കേരള ഹൗസിലെ മലയാള രുചി നുകരാൻ എത്തിയത്. പട്ടേൽ ചൗക്ക് മെട്രോയിൽ വന്നിറങ്ങി കേരള ഹൗസിലേക്കു ഗൂഗിൾ മാപ്പിട്ടു നടന്നെത്തിയ രണ്ടുപേർക്കും മുന്നിൽ ഗേറ്റ് അടഞ്ഞുകിടന്നു. സെക്യൂരിറ്റിയുടെ കണ്ണിൽപ്പെടും മുൻപേ വഴിയിലുണ്ടായിരുന്ന കേരള ഹൗസിലെ ജീവനക്കാർ ‘സഹായിച്ചു’. പിൻഗേറ്റിലേക്കു പോകാൻ പറഞ്ഞു. 5 മിനിറ്റ് ദൂരമല്ലേയുള്ളൂ പിൻഗേറ്റിലേക്ക്. ഇവർ ചെറുപ്പക്കാരല്ലേ. അവരൽപം നടക്കട്ടെയെന്നു കരുതുന്നതിൽ തെറ്റില്ല. എന്നാൽ, ഇവിടേക്ക് എത്തുന്ന എല്ലാവരുടെയും കാര്യം അങ്ങനെയല്ല. അതു വഴിയേ മനസ്സിലാകും.
സമയം 12.50
താജ്മഹലും ആഗ്രയും കണ്ടുവന്നാൽ മലയാളിയുടെ സ്വന്തം കേരള ഹൗസ് കാണാതെ പോകുന്നതെങ്ങനെ ? ടാക്സി നേരെ കേരള ഹൗസിലേക്കു വിടാൻ പറഞ്ഞു. മുന്നിൽത്തന്നെ പാർക്ക് ചെയ്ത് ഒരു കുടുംബം ഗേറ്റിലേക്കു നടന്നു. കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടി റോഡിൽ നിന്നു തന്നെ കേരള ഹൗസിന്റെ ചിത്രം പകർത്തുന്നു. പക്ഷേ, അകത്തേക്ക് കയറാൻ നേരം സെക്യൂരിറ്റി ഇടപെട്ടു: അന്തർ ആന മനാ ഹേ. അന്തം വിട്ടു നിന്ന മലയാളി കുടുംബത്തോട് പിന്നിലേക്കു വിരൽ ചൂണ്ടി മറ്റൊന്നു കൂടി പറഞ്ഞു: ഉസ് രാസ്തേ സേ ജാവോ. എന്നു പറഞ്ഞാൽ ഈ വഴി നടപ്പില്ല. പിൻവഴി പൊയ്ക്കോളൂ. പാവം തർക്കിക്കാതെ വീണ്ടും വണ്ടിയെടുത്തു. പിൻവാതിലിലൂടെ സമൃദ്ധി കന്റീനിലെ ഭക്ഷണം കഴിക്കാൻ ചെന്നോ എന്നുറപ്പില്ല.
സമയം 12.58
ഇതിനിടയിൽ ഒറ്റയും തെറ്റയുമായി പലരും വരുന്നുണ്ട്. അപ്പോഴെല്ലാം ഈച്ച പോലും പിൻവാതിലിലൂടെ മാത്രമേ കയറൂവെന്ന് ഉറപ്പാക്കിയാണ് സെക്യൂരിറ്റിയുടെ ഇടപെടൽ. അവിടേക്ക് ഓട്ടോയിൽ വന്ന കുടുംബം കാശിന്റെ പേരിൽ തർക്കിക്കുന്നു. ഓട്ടോക്കാരന് 20 രൂപ കൂടുതൽ കിട്ടിയേ തീരു. നടന്നു വാതിലിലെത്തിയപ്പോൾ അടുത്ത ഉടക്ക്. പിൻവാതിൽ തന്നെ പ്രശ്നം. കേരള ഹൗസ് ചുറ്റി പിൻവാതിൽ എത്താൻ അര കിലോമീറ്റർ കൂടി വേണം. ഈ വയ്യാത്ത കാലുമായി ഞാനെങ്ങനെ എന്ന മട്ടിൽ ഓട്ടോയിൽ വന്നിറങ്ങിയ അമ്മ സങ്കടപ്പെടുന്നു. 20 രൂപ കൂടുതൽ കിട്ടിയ ഓട്ടോക്കാരനും അപ്പോഴേക്കും സ്ഥലംവിട്ടു. അവർ പതിയെ പിൻവാതിലിലേക്കു നടക്കുന്നു.
സമയം 1.10
വീണ്ടും ആളുകൾ വരുന്നു. മടങ്ങുന്നു. ഖദറിട്ടെത്തിയ ഒരാൾ വന്നപ്പോൾ സെക്യൂരിറ്റിക്കു ചോദ്യങ്ങളില്ല. അയാൾ ഫോൺ ചെയ്ത് അകത്തേക്കു പോയി. അവിടെ മുറിയുണ്ടോ, അകത്തുള്ള നേതാവിനെ കാണാൻ പോയതാണോ ആർക്കും ഒരു നിശ്ചയവുമില്ല. കൈക്കുഞ്ഞ് ഉൾപ്പെടെ രണ്ടു കുട്ടികളുമായി വന്ന കുടുംബത്തിനും സെക്യൂരിറ്റിയുടെ ഇടപെടലിൽ നിരാശപ്പെടേണ്ടി വന്നു. ഇതെന്തു നീതിയെന്ന ചോദ്യം ഒരാൾ ഉന്നയിച്ചെങ്കിലും ചുമരിൽ പതിച്ച കടലാസിലേക്കു സെക്യൂരിറ്റി ചൂണ്ടിക്കാണിച്ചു. സ്റ്റാഫ് കന്റീൻ ഉപയോഗിക്കണമെങ്കിൽ പിൻഗേറ്റിലൂടെ പോകണം.
മുൻവാതിൽ ആർക്ക്
∙ വിഐപികൾ
∙ കേരള ഹൗസിൽ മുറിയെടുത്തവർ
∙ രാഷ്ട്രീയക്കാരും അണികളും
∙ മാധ്യമ പ്രവർത്തകർ
∙ കേരള ഹൗസ് ജീവനക്കാർ