ദയാൽ സിങ് പബ്ലിക് ലൈബ്രറി ലഹോറിൽ തുടങ്ങിയ ചരിത്രം
Mail This Article
സ്വാതന്ത്ര്യം, വിഭജനം എന്നിവയുമായി ബന്ധപ്പെട്ട ചരിത്രം പങ്കുവയ്ക്കുന്നൊരു അക്ഷര ഇടമുണ്ട് ഡൽഹിയിൽ; ദീൻദയാൽ ഉപാധ്യയ മാർഗിലെ ദയാൽ സിങ് പബ്ലിക് ലൈബ്രറി. പാക്കിസ്ഥാനിലെ ലഹോറിൽ നിന്നു തുടങ്ങുന്നു ഇതിന്റെ കഥ. സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന സർദാർ ദയാൽ സിങ് മജീദിയയുടെ വിൽപത്രത്തിലെ നിർദേശം അനുസരിച്ചു 1928ൽ ലഹോറിലാണ് ലൈബ്രറിയുടെ ആരംഭം. സ്വാതന്ത്ര്യത്തിനും വിഭജനത്തിനും പിന്നാലെ പഞ്ചാബ് സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ദിവാൻ ആനന്ദ് കുമാറിന്റെ ശ്രമങ്ങളെ തുടർന്നാണു 1954ൽ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ഇൻസ്റ്റിറ്റ്യൂഷനൽ ഏരിയയിൽ ലൈബ്രറി പറിച്ചുനടുന്നത്. ദയാൽ സിങ് ലൈബ്രറി ട്രസ്റ്റ് സൊസൈറ്റിയുടെ കീഴിലാണു പ്രവർത്തനം.
സാഹിത്യം, സോഷ്യൽ സയൻസ്, ചരിത്രം, ഇന്റർനാഷനൽ റിലേഷൻസ്, മാനേജ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു ലക്ഷക്കണക്കിനു പുസ്തകങ്ങളുണ്ട് ഇന്നു ലൈബ്രറിയിൽ. ഇംഗ്ലിഷ്, ഹിന്ദി, ഉറുദു, പഞ്ചാബി ഭാഷകളിലുള്ള പുസ്തകങ്ങളുടെ കലവറ. 100ലേറെ മാഗസിനുകൾ, 23 ദിനപ്പത്രങ്ങൾ എന്നിവയും ഇപ്പോൾ ലൈബ്രറിയിൽ പതിവായെത്തുന്നു. പൊതുവിഭാഗത്തിനു സൗജന്യമായി ലൈബ്രറിയിലെത്തി വായിക്കാൻ അവസരമുണ്ട്. എന്നാൽ പുസ്തകം കൊണ്ടുപോകാൻ അംഗത്വമെടുക്കണം. 500 രൂപ റീഫണ്ടബിൾ സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകണം. ആഴ്ചയിൽ ആറു ദിവസം രാവിലെ 9.30 മതൽ 5.30 വരെയാണു പ്രവർത്തനം. ഞായറാഴ്ചകളിൽ അവധി.