ADVERTISEMENT

ത്രിലോക് ചന്ദ് സിങ് മലയാളം ആദ്യം കേൾക്കുന്നതു പുസ ഇൻസ്റിറ്റ്യൂട്ടിൽ ജോലി ചെയ്തിരുന്ന കാലത്താണ്. അടുപ്പുള്ള ഒരു തകരപ്പെട്ടിക്കുള്ളിൽ കല്ല് ഇട്ടു കുലുക്കിയാൽ ഉണ്ടാകുന്നതു പോലൊരു ശബ്ദമായിട്ടാണ് ആദ്യം തോന്നിയതെന്നു ഈ 78കാരൻ ചിരിച്ചുകൊണ്ടു പറയുന്നു. ഒപ്പം ജോലി ചെയ്തിരുന്ന മലയാളികൾ മാതൃഭാഷയിൽ സംസാരിക്കുന്നതു കേട്ടപ്പോൾ കൗതുകമായി. ഒന്നും പിടികിട്ടിയില്ല. പക്ഷേ, മലയാളം പഠിക്കാനുള്ള ആഗ്രഹം അന്ന് ഒപ്പംകൂടി. 

ഒരു തെക്കേ ഇന്ത്യൻ ഭാഷ പഠിക്കണമെന്ന ആഗ്രഹം കുട്ടിക്കാലം മുതൽക്കേ ഉണ്ടായിരുന്നു. പക്ഷേ, 1993ലെ പുസ കാലത്താണ് അതു മലയാളമാക്കാമെന്ന് ഉറപ്പിച്ചത്. അന്നു മുതൽ സ്വന്തമായി പഠനം തുടങ്ങി. അക്ഷരമാലയിൽ തന്നെ തുടക്കം. കാലം കടന്നുപോയതനുസരിച്ച് മലയാളവും ത്രിലോക് ചന്ദ് സിങ്ങിനൊപ്പം ചേർന്നു. 

2018ലാണു മയൂർ വിഹാർ ഫേസ് 1ലെ മലയാള ഭാഷാ പഠനകേന്ദ്രത്തിൽ ചേർന്നത്. 4 വർഷം കൊണ്ട് എഴുതാനും വായിക്കാനുമെല്ലാം നന്നായി പഠിച്ചു. ഇന്നലെ മലയാള ഭാഷാ പഠനകേന്ദ്രത്തിന്റെ സൂര്യകാന്തി പരീക്ഷയെഴുതാനാണു കാനിങ് റോഡ് സ്കൂളിലെത്തിയത്. പഞ്ചാബിൽ ജനിച്ച്, കുട്ടിക്കാലത്തു തന്നെ ഡൽഹിയിലെത്തിയ ഇദ്ദേഹത്തിനു പഞ്ചാബി, ഹിന്ദി, ഇംഗ്ലിഷ് എന്നീ ഭാഷകളും നന്നായി വഴങ്ങും. ഇപ്പോൾ മലയാളവും. 

പൂമ്പാറ്റപ്പാട്ടും ജയജയ കോമള കേരള ധരണിയുമെല്ലാം ഹൃദ്യം. പ്രായം ഏറെയുണ്ടെങ്കിലും പഠനം തുടരാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം. വർഷങ്ങൾക്കു മുൻപ് സുഹൃത്തിന്റെ കല്യാണത്തിനു കോഴിക്കോട് മുക്കത്തൊക്കെ പോയിട്ടുണ്ട്. ഇനിയും പോകാൻ ആഗ്രഹം. മലയാളത്തിനൊപ്പം കേരളത്തെയും മനസ്സുതുറന്ന് സ്നേഹിക്കുകയാണ് ഈ മറുനാടൻ ഭാഷ സ്നേഹി. 

കൂട്ടുകാരോട് മനസ്സ് തുറക്കാൻ മലയാളം

വീട്ടിൽ സംസാരിക്കാൻ പല ഭാഷകളുണ്ട്. പക്ഷേ സ്കൂളിൽ കൂട്ടുകാരോടു മനസ്സ് തുറക്കണമെങ്കിൽ മലയാളം വേണം. സഹോദരങ്ങളായ ഹേമന്ത് താപ്പയും പ്രേം താപ്പയും മലയാളം പഠിച്ചുത്തുടങ്ങുന്നത് അങ്ങനെയാണ്. വികാസ്പുരി കേരള സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നപ്പോഴായിരുന്നു ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. സംസാരിക്കാൻ നേരത്തേ പഠിച്ചെങ്കിലും എഴുതാനും വായിക്കാനും പഠിക്കാൻ വേണ്ടിയാണു മലയാള ഭാഷാ പഠനകേന്ദ്രത്തിലെത്തുന്നത്. 

വികാസ്പുരി– ഹസ്താൽ പഠനകേന്ദ്രത്തിന്റെ ഭാഗമായ ഇരുവരും സൂര്യകാന്തി പരീക്ഷയെഴുതാനാണു കാനിങ് റോഡ് സ്കൂളിലെത്തിയത്.  ഇവരുടെ പിതാവ് നേപ്പാൾ സ്വദേശിയാണ്. മലയാളത്തോട് ഇരുവർക്കും നന്നേയിഷ്ടം. ‘വെള്ളം’ എന്ന വാക്കിനോടും സൗഹൃദത്തിന്റെ ആഴം നിറഞ്ഞ ‘എടാ’ വിളിയോടും ഏറെ പ്രിയം. ഭാഷയ്ക്കൊപ്പം കേരള രുചികളും ഏറെ പ്രിയപ്പെട്ടത്. കേരളം കാണണമെന്ന ആഗ്രഹമാണ് ഇനിയുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com