’കർഷകന് എന്നും കഞ്ഞി കുമ്പിളിൽ തന്നെ’
Mail This Article
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും ശക്തമായ കർഷക പ്രക്ഷോഭത്തിനാണു കുറച്ചുനാൾ മുൻപു രാജ്യം സാക്ഷ്യംവഹിച്ചത്. സ്വാതന്ത്ര്യം നേടി 75 വർഷം തികയുമ്പോഴും ഇന്ത്യയിലെ കർഷക സമൂഹത്തിന് അഭിവൃദ്ധി നേടാനാവാത്തതിന്റെ കാരണങ്ങൾ വിലയിരുത്തുകയാണു കർഷക സമരമുഖങ്ങളിൽ ശ്രദ്ധേയ സാന്നിധ്യമായ യുവ നേതാവും ഓൾ ഇന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണൻ. ജെഎൻയുവിൽ എംഎ, എംഫിൽ, പിഎച്ച്ഡി വിദ്യാർഥിയായിരിക്കെ എസ്എഫ്ഐയിലാണു രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് ബെംഗളൂരു സെന്റ് ജോസഫ്സ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയായി. ഇതിനു ശേഷം സിപിഎമ്മിന്റെ കർഷക സംഘടനയായ ഓൾ ഇന്ത്യ കിസാൻ സഭയിൽ മുഴുവൻ സമയ പ്രവർത്തകനായി. സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി, സെൻട്രൽ സെക്രട്ടേറിയറ്റ് അംഗമാണ്.
∙ ബ്രിട്ടിഷ് ഭരണകാലവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ കർഷകരുടെ അവസ്ഥയിൽ എന്തെങ്കിലും മാറ്റമുണ്ടോ ?
യഥാർഥ കർഷകനു ഭൂമി നൽകും എന്ന വാഗ്ദാനം ഭരണകൂടം നടപ്പിലാക്കിയില്ല. ജൻമിത്തം അവസാനിപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചു . സാമ്രാജ്യത്വ ഭരണം അവസാനിച്ച് ജനാധിപത്യ സംവിധാനത്തിലേക്കു മാറുമ്പോൾ കർഷകർക്ക് അനുകൂലമായി വലിയ മാറ്റവും ജന്മിത്തത്തിന് അറുതി വരേണ്ടതുമാണ്. ജമ്മു കശ്മീർ, കേരളം, ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണു ഭൂപരിഷ്കരണം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞത്. എന്നിരുന്നാലും ഉൽപാദനം വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. കർഷകരുടെ സ്ഥിതിയിൽ ചെറിയ തോതിൽ മെച്ചമുണ്ടായി. എങ്കിലും 1991 മുതൽ കർഷകന്റെ ദുരിതങ്ങൾ മുൻപില്ലാത്ത രീതിയിൽ വർധിച്ചു.
∙ കൃഷി നിയമങ്ങൾക്കെതിരായ സമരത്തിൽ നിന്നു ലഭിച്ച പാഠം എന്താണ്?
കർഷകരും കർഷക തൊഴിലാളികളും യോജിച്ചു നടത്തിയ ഐതിഹാസിക സമരത്തിനാണു രാജ്യം സാക്ഷ്യംവഹിച്ചത്. ആദ്യമായാണു കർഷകരും തൊഴിലാളികളും ഇത്രയേറെ ഐക്യത്തോടെ സമരത്തിൽ അണിചേരുന്നത്. ജനസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ വിശാല സഖ്യത്തിനു വിജയം നേടാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണു കർഷക സമരം.
∙ പൊതുവിഷയങ്ങളിൽ യോജിച്ച പ്രക്ഷോഭം തുടരുമോ ?
തീർച്ചയായും. അഗ്നിപഥ് പദ്ധതിക്കെതിരെ നടന്ന സമരങ്ങളിൽ കർഷകരും പങ്കെടുത്തു. കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാണു സേനകളിലേക്ക് അപേക്ഷിക്കുന്നവരിൽ ഏറെയും. യുവജന സംഘടനകളോടൊപ്പം കർഷക സംഘടനകളും രംഗത്തിറങ്ങിയതിന്റെ കാരണം ഇതാണ്. തൊഴിലാളി- കർഷക ഐക്യം ശക്തിപ്പെടുത്തി സമരങ്ങൾ ഊർജിതമാക്കും.
∙ ഇന്ത്യയിലെ യുവാക്കൾ കൃഷി ഉപജീവനമാർഗമാക്കാത്തത് എന്തുകൊണ്ടാണ് ?
കൃഷി ലാഭകരമല്ലാത്ത സാഹചര്യവും ഉന്നത പഠനത്തിനു ശേഷം മറ്റ് അവസരങ്ങൾ ലഭിക്കുന്നതും സ്വാഭാവികമായി യുവാക്കൾ മറ്റു മേഖലകളിലേക്ക് പോകാൻ കാരണമാകുന്നു. എന്നാൽ ഇന്നു ചെറുപ്പക്കാർ സ്വമേധയാ കൃഷിയിലേക്കു തിരിയുന്ന പ്രവണത വർധിക്കുന്നുണ്ട്. ഉൽപാദനം വർധിപ്പിക്കുന്നതോടൊപ്പം, ഉൽപാദന രീതിയിൽ മാറ്റം വരുത്തുകയും വരുമാനം കൂട്ടാൻ നടപടിയുണ്ടാവുകയും ചെയ്താൽ കൂടുതൽ ചെറുപ്പക്കാർ കൃഷി മേഖലയിലേക്കു കടന്നുവരും. ഉൽപാദനം വർധിപ്പിക്കാൻ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായം തേടാമെങ്കിലും തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം. കർഷക കൂട്ടായ്മകൾ സംസ്കരണത്തിലും മൂല്യ വർധനത്തിലും മാർക്കറ്റിങ്ങിലും ഇടപെട്ടാൽ കോർപറേറ്റ് ചൂഷണത്തിന് അറുതിവരുകയും കർഷകരുടെ വരുമാനം വൻതോതിൽ കൂടുകയും ചെയ്യും.
∙ കാർഷിക മേഖലയ്ക്കു പിന്തുണ നൽകുന്നതിൽ നിന്നു സർക്കാർ പിൻമാറുന്നതായി അഭിപ്രായമുണ്ടോ ?
1943ലെ ബംഗാൾ ക്ഷാമത്തിൽ നിന്നു പാഠമുൾക്കൊണ്ടാണ് ഇന്ത്യയിൽ കാർഷിക മേഖലയുടെ പുരോഗതിക്കു സർക്കാർ ഇടപെടലുണ്ടാവുന്നത്. വൈദ്യുതീകരണം, ഹരിതവിപ്‍ളവം, ജലസേചന സൗകര്യങ്ങൾ വർധിപ്പിക്കൽ, ബാങ്കുകളിൽ നിന്നുള്ള വായ്പാ വിതരണം, സബ്സിഡി,
കാർഷിക ഗവേഷണം എന്നിവയെല്ലാം രാജ്യത്തെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കു നയിച്ച ഘടകങ്ങളാണ്. എന്നാൽ 1991നു ശേഷം മാറി മാറി വന്ന കോൺഗ്രസ്, ബിജെപി സർക്കാരുകൾ കാർഷിക മേഖലയുടെ കോർപറേറ്റ്‍വൽക്കരണം അതിവേഗം നടപ്പാക്കുകയാണു ചെയ്തത്. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ഇതു കടുത്ത ഭീഷണിയാണ്.
∙ കാർഷിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ് ?
1991ൽ കോൺഗ്രസ് സർക്കാർ തുടക്കമിട്ട, ബിജെപി അതിവേഗം നടപ്പിലാക്കുന്ന ഉദാരവൽക്കരണ നയങ്ങളാണ് ഏറ്റവും വലിയ വെല്ലുവിളി.
ഈ നയങ്ങൾ കാരണം ഒരു ഭാഗത്ത് ഉൽപാദന ചെലവുകൾ വർധിക്കുകയും മറുഭാഗത്ത് വിളകൾക്കു ന്യായമായ വില ഉറപ്പുവരുത്താൻ സാധിക്കാത്ത സ്ഥിതിയും കാരണം കടക്കെണിയിൽപെട്ട് കർഷകർ ജീവനൊടുക്കാൻ നിർബന്ധിതരായി. കർഷക വിഷയങ്ങളിൽ രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഏവരെയും ഒരേ കുടക്കീഴിൽ അണിനിരത്താനുള്ള ശ്രമങ്ങളാണ് ഓൾ ഇന്ത്യ കിസാൻ സഭ നടത്തുന്നത്. വർഗീയത, ജാതീയത എന്നിവയോട് വിട്ടുവീഴ്ച ചെയ്യാതെയാവും ഇത്തരമൊരു കൂട്ടായ്മ രൂപപ്പെടുക.
∙ കയറ്റുമതി കേന്ദ്രീകരിച്ചുള്ള നയം എത്രത്തോളം പ്രയോജനപ്പെടും ?
കോർപറേറ്റുകളുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിൽ ജാഗ്രത വേണം. വികസിത പാശ്ചാത്യ രാജ്യങ്ങളുടെ സങ്കുചിതമായ ആവശ്യങ്ങൾക്ക് ഭക്ഷ്യോൽപന്നങ്ങൾ നിർമിച്ചു നൽകാനുള്ള ഫാക്ടറിയായി ഇന്ത്യ മാറരുത്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയിട്ടു മാത്രമേ കയറ്റുമതി പരിഗണിക്കാവൂ.
∙ കർഷക പ്രസ്ഥാനങ്ങളുടെ ഭാവി പ്രവർത്തനം ?
കർഷകരുടെ ജീവൻമരണ പ്രശ്നങ്ങളിൽ ഇടപെട്ട്, വിള അടിസ്ഥാനത്തിൽ കർഷകരെ സംഘടിപ്പിച്ച് അവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഓൾ ഇന്ത്യ കിസാൻ സഭയുടെ യൂണിറ്റ് തുടങ്ങാനാണു ലക്ഷ്യമിടുന്നത്. കാർഷിക മേഖല കേന്ദ്രീകരിച്ചുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും തൊഴിലാളിവർഗ സമരങ്ങളിലൂടെയും ശക്തിപ്പെടുന്ന ബദൽ നയങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ കരുത്താർജിക്കാൻ കഴിയുമെന്നാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതീക്ഷ.