38% മലിനീകരണവും കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതിനാൽ
Mail This Article
ന്യൂഡൽഹി ∙ സംസ്ഥാനത്തെ വായു മലിനീകരണത്തിന്റെ 38% കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെ തുടർന്നെന്ന് കണക്കുകൾ. ശ്വാസകോശത്തെ ബാധിക്കുന്ന പാർട്ടിക്കുലേറ്റ് മാറ്റർ 2.5ന്റെ നില അപകടനിലയിലെത്താൻ കാരണം പഞ്ചാബ്, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങളാണെന്നാണു വിലയിരുത്തൽ. ബുധനാഴ്ച പഞ്ചാബിൽ മാത്രം 3,634 കത്തിക്കൽ സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തത്. സീസണിലെ ഏറ്റവും വലിയ കണക്കാണിത്. ചൊവ്വാഴ്ച്ചയിതു 1,842 ആയിരുന്നു. തിങ്കളാഴ്ച 2,131, ഞായറാഴ്ച 1,761. ദീപാവലി ദിവസമായ ഒക്ടോബർ 24നു പിഎം 2.5ന്റെ 8% മാത്രമായിരുന്നു കത്തിക്കുന്നതിനെ തുടർന്നുള്ള പൊടി. ഇതാണ് ഏതാനും ദിവസങ്ങൾ കൊണ്ടു വർധിച്ചത്. അതേസമയം ഹരിയാനയിൽ 112 സംഭവങ്ങളും യുപിയിൽ 43 സംഭവങ്ങളുമാണു ഇന്നലെ സ്ഥിരീകരിച്ചത്
വലഞ്ഞ് ജനം, രാഷ്ട്രീയ ആയുധമാക്കി പാർട്ടികൾ
വായു മലിനീകരണത്തിൽ നഗരവാസികൾ വലയുമ്പോഴും വിഷയത്തിൽ രാഷ്ട്രീയപ്പോര്. ആംആദ്മി പാർട്ടിക്കെതിരെ കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനു മറുപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ തിരിച്ചടിച്ചു.
പഞ്ചാബിൽ കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്ന സംഭവങ്ങൾ വർധിക്കാൻ കാരണം കേന്ദ്രസർക്കാരാണെന്നും വായു മലിനീകരണം നിയന്ത്രിക്കാനായില്ലെങ്കിൽ കേന്ദ്രസർക്കാർ രാജിവയ്ക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിലെ കത്തിക്കൽ സംഭവങ്ങൾ മുൻവർഷത്തെക്കാൾ കൂടുതലാണെന്ന് കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വായു മലിനീകരണ നിയന്ത്രണ കമ്മിഷനും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.