ജഡ്ജിയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിക്കുന്നത് തടയുക പ്രയാസമെന്ന് വാട്സാപ്
Mail This Article
ന്യൂഡൽഹി ∙ ജഡ്ജിയും യുവതിയും തമ്മിലുള്ള സ്വകാര്യദൃശ്യങ്ങൾ പ്രചരിക്കുന്നതു തടയുക പ്രയാസമാണെന്നു വാട്സാപ് കമ്പനി ഹൈക്കോടതിയെ അറിയിച്ചു. ഏതൊക്കെ മൊബൈൽ നമ്പറിലാണു ദൃശ്യങ്ങൾ പ്രചരിക്കുന്നതെന്നു വ്യക്തമാക്കുകയും ഇതു തടയാൻ പ്രത്യേക ഉത്തരവിടുകയും ചെയ്താൽ മാത്രമേ ദൃശ്യങ്ങൾ പ്രചരിക്കുന്നത് ഒഴിവാക്കാൻ സാധിക്കൂവെന്നും കമ്പനി അധികൃതർ കോടതിയിൽ വ്യക്തമാക്കി.
റോസ് അവന്യു കോടതിയിലെ ജഡ്ജിയും യുവതിയും തമ്മിലുള്ള സ്വകാര്യദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. മാർച്ച് 9നു കോടതി ചേംബറിലെ മുറിയിൽ നടന്ന ഇടപാടുകളുടെ ദൃശ്യങ്ങൾ കഴിഞ്ഞ മാസം 29നാണു പുറത്തുവന്നത്. ഇതിന്റെ പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണു ജസ്റ്റിസ് യശ്വന്ത് വർമ പരിഗണിച്ചത്. വാട്സാപ്പിലൂടെ കൈമാറ്റം ഏതെങ്കിലും വെബ് ലിങ്ക് വഴിയോ മറ്റോ അല്ലെന്നും ഈ സാഹചര്യത്തിൽ ദൃശ്യങ്ങളുടെ പ്രചാരം തടയുക പ്രയാസമാണെന്നും വാട്സാപ്പിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി. വിഷയം ഫെബ്രുവരി 8നു വീണ്ടും പരിഗണിക്കും.