ADVERTISEMENT

ഹാരുക എന്നാൽ ജാപ്പനീസ് ഭാഷയിൽ ‘വസന്തത്തിന്റെ സുഗന്ധം’ എന്നർഥം. കോട്ടയം ആറുമാനൂർ സ്വദേശി പ്രഫ. ഡോ. പി.എ. ജോർജ് ഏക മകൾക്ക് ഹാരുക ജോർജ് എന്നു പേരിട്ടതിനു പിന്നിൽ ജപ്പാനോടും ആ രാജ്യത്തെ ഭാഷയോടുമുള്ള ആത്മബന്ധത്തിന്റെ കഥയുണ്ട്. ഇന്ത്യൻ സർവകലാശാലയിൽ നിന്ന് ജാപ്പനീസ് ഭാഷയിൽ എംഎയും പിഎച്ച്ഡിയും നേടിയ ആദ്യ മലയാളിയായ ഡോ. പി.എ. ജോർജിനു (64) ജാപ്പനീസ് സാഹിത്യത്തെ മലയാളികൾക്കു പരിചയപ്പെടുത്താനും നിയോഗമുണ്ടായി. 

ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെഎൻയു) ജാപ്പനീസ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ വിഭാഗത്തിൽ പ്രഫസറാണ്. ജെഎൻയുവിലെ സെന്റർ ഫോർ ജാപ്പനീസ് സ്റ്റഡീസ്, സ്കൂൾ ഓഫ് ലാംഗ്വേജ്, ലിറ്ററേച്ചർ ആൻഡ് കൾചറൽ സ്റ്റഡീസ് എന്നിവയുടെ ചെയർപഴ്സനായും സേവനമനുഷ്ഠിക്കുന്നു. 

പ്രീഡിഗ്രിക്ക് സയൻസ് ഗ്രൂപ്പെടുത്ത് പഠനം ആരംഭിച്ചപ്പോൾ ജാപ്പനീസ് ഭാഷയും ജപ്പാനുമൊന്നും ഡോ. പി.എ. ജോർജിന്റെ വിദൂര സ്വപ്നങ്ങളിൽ പോലുമുണ്ടായിരുന്നില്ല. ജെഎൻയുവിൽ പിഎച്ച്ഡി ചെയ്തിരുന്ന സഹോദരനാണ് ജാപ്പനീസ് ഭാഷ പഠിച്ചാലുള്ള ജോലി സാധ്യതകൾ ബോധ്യപ്പെടുത്തിയത്. 

1977ൽ ജെഎൻയുവിൽ ബിരുദവും പിജിയും ഉൾക്കൊള്ളിച്ചുള്ള ജാപ്പനീസ് ലാംഗ്വേജ് ഇന്റഗ്രേറ്റഡ് എംഎ കോഴ്സിനു ചേർന്നു. പിജി കഴിഞ്ഞതോടെ 1983ൽ ഗുരുഗ്രാമിലെ മാരുതി കമ്പനിയിൽ ഇന്റർപ്രറ്റർ കം ട്രാൻസ‍്‍ലേറ്ററായി ജോലിക്കു കയറി. 

മാരുതി കാർ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് 250ലേറെ ജപ്പാൻകാരായ എൻജീനീയർമാരും സാങ്കേതിക വിദഗ്ധരുമാണ് അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്നത്. ഇവരുടെ ഭാഷാ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത് ഡോ. പി.എ. ജോർജ് ഉൾപ്പെടെ ജാപ്പനീസ് ഭാഷ പഠിച്ചിറങ്ങിയ ചെറുപ്പക്കാരുടെ സംഘമായിരുന്നു. 1990ലാണ് ജെഎൻയുവിൽ അസിസ്റ്റന്റ് പ്രഫസറായി ജോലിക്കു ചേരുന്നത്. 

ജാപ്പനീസ് ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ചയ്ക്കു നൽകിയിട്ടുള്ള സംഭാവനകൾ മാനിച്ച് ജപ്പാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പുരസ്കാരം, മിയാസാവ കെൻജി ഷൊരെയ്ഷോ അവാർഡ് എന്നിവ  ലഭിച്ചിട്ടുണ്ട്.  ജപ്പാനിലെ വിവിധ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറാണ്. ജാപ്പനീസ് ഭാഷയോടും സാഹിത്യത്തോടുമുള്ള അഭിനിവേശം പ്രമുഖ ജാപ്പനീസ് എഴുത്തുകാരുടെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിനും പ്രേരണയായി. 

സിഗ്നലുകളുടെ പ്രേമഗാഥ, കുട്ടികൾക്ക് നാലു ജപ്പാൻ കഥകൾ, ആകാശ ഗംഗയിലൂടെ ഒരു തീവണ്ടി യാത്ര (രചയിതാവ്– മിയാസാവ കെൻജി), 551 കവിതകളുടെ സമാഹാരമായ ഒരു പിടി മണൽ (ഇഷികാവ താകുബോകു), മൂന്നു ജാപ്പനീസ് കഥകൾ (കാവബാത യാസുനാരി, അകുതഗാവ ര്യൂണൊസുകെ), മനസ് (നത്സുമെ സോസെകി), അഗാധനദി (എൻദോ ഷൂസാകു) എന്നിവയാണ് ജാപ്പനീസ് ഭാഷയിൽ നിന്നു വിവർത്തനം ചെയ്ത് മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. പി.എ. ജോർജിന്റെ പുസ്തകങ്ങൾ. മനസ്, അഗാധനദി എന്നിവ നോവലുകളാണ്. ഇംഗ്ലിഷിൽ എൻലൈറ്റ്മെന്റ് ഓഫ് വിമൻ ആൻഡ് സോഷ്യൽ ചേഞ്ച് എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഡൽഹി ജെഎൻയു ക്യാംപസിലെ ദക്ഷിണപുരത്ത് ഹൗസ് നമ്പർ 4ൽ താമസിക്കുന്ന ഡോ. പി.എ. ജോർജിന്റെ ജാപ്പനീസ് സാഹിത്യ സപര്യയ്ക്കു പിന്തുണയുമായി ഭാര്യ സോഫിയ ജോർജ് ഒപ്പമുണ്ട്. മകൾ ഹാരുക ജോർജ് യുഎസിൽ എംഎസ് ഡേറ്റാ സയൻസ് വിദ്യാർഥിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com