ഇന്ത്യയിലെ രണ്ടാമത്തെ ആപ്പിൾ സ്റ്റോർ സാകേതിൽ
Mail This Article
ന്യൂഡൽഹി∙ ആപ്പിൾ കമ്പനി നേരിട്ടു നടത്തുന്ന രാജ്യത്തെ രണ്ടാമത്തെയും, ഡൽഹിയിലെ ആദ്യത്തേതുമായ സ്റ്റോർ 20ന് സാകേത് സെലക്ട് സിറ്റിവോക്ക് മാളിൽ ആരംഭിക്കും. വെറും രണ്ടു ദിവസത്തെ ഇടവേളയിലാണ് രാജ്യത്തെ 2 ആപ്പിൾ സ്റ്റോറുകൾ ആരംഭിക്കുന്നത്. മുംബൈയിലെ സ്റ്റോർ 18ന് പ്രവർത്തനം തുടങ്ങും.
അതത് നഗരങ്ങളുടെ പ്രത്യേകകൾ ഉൾക്കൊണ്ടാണ് ആപ്പിൾ സ്റ്റോറിന്റെ രൂപകൽപന. ഡൽഹിയിലെ ചരിത്രസ്മാരകങ്ങളുടെ കവാടത്തിന്റെ സമാന രീതിയിലാണ് സിറ്റിവോക് മാളിലെ വർണാഭമായ ബാരിക്കേഡ് രൂപകൽപന ചെയ്തിരിക്കുന്നത്. മുംബൈയിലെ പ്രശസ്തമായ കറുപ്പും മഞ്ഞയും ചേർന്ന ടാക്സികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബാന്ദ്ര കുർള കോംപ്ലക്സിലെ (ബിസികെ) സ്റ്റോർ.
രാജ്യത്തെ സ്മാർട് ഫോൺ വിപണിയിൽ 4 ശതമാനമാണ് നിലവിൽ ആപ്പിളിന്റെ പങ്കാളിത്തം. നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) സംബന്ധിച്ച ചട്ടങ്ങളാണ് ആപ്പിളിന് നേരിട്ട് ഇന്ത്യയിൽ സ്റ്റോർ തുടങ്ങാൻ വിഘാതമായിരുന്നത്. ഇതിൽ 2019ൽ ഭേദഗതി വരുത്തിയതാണ് ആപ്പിളിന്റെ വരവ് എളുപ്പമാക്കിയത്.