ഉഷ്ണതരംഗത്തിന് പിന്നാലെ മഴയെത്തുന്നു
Mail This Article
ന്യൂഡൽഹി ∙ നഗരത്തിൽ ഇന്നലെ ഒറ്റപ്പെട്ട ഉഷ്ണതരംഗം രേഖപ്പെടുത്തി. അതേസമയം, ഇന്നു മഴയ്ക്കു സാധ്യതയുണ്ടെന്നും കഠിനമായ ചൂടിന് അൽപം ശമനമുണ്ടായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. നഗരത്തിലെ പ്രധാന നിരീക്ഷണ കേന്ദ്രമായ സഫ്ദർജങ്ങിൽ ഇന്നലെ ഉയർന്ന താപനില 40.4 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. ശരാശരിയെക്കാൾ 3 ഡിഗ്രി കൂടുതലാണിത്. കുറഞ്ഞ താപനില 22 ഡിഗ്രിയും രേഖപ്പെടുത്തി.
പിതംപരുരയിൽ 41.9 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. നജഫ്ഗഡിൽ 42 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ സ്പോർട്സ് കോംപ്ലക്സ് സ്റ്റേഷനിൽ 42.4 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. ഹിമാലയൻ റീജന്റെ പശ്ചിമ പ്രദേശത്തു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെന്നും ഇതു മഴയായി മാറിയേക്കാമെന്നുമാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയത്തു ശരാശരിയെക്കാൾ കൂടുതൽ താപനില അനുഭവപ്പെടുമെന്നായിരുന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുൻകൂർ പ്രവചനം.
1951നു ശേഷമുള്ള ഏറ്റവും ചൂടേറിയ ഏപ്രിൽ മാസം കഴിഞ്ഞ വർഷത്തെതായിരുന്നു. അന്നു ശരാശരി ഉയർന്ന താപനില 40.2 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 9 ഉഷ്ണതരംഗമാണു നഗരത്തിൽ രേഖപ്പെടുത്തിയത്. ആദ്യ 10 ദിവസത്തിൽ തന്നെ 4 എണ്ണമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 28, 29 തീയതികളിൽ ഉയർന്ന താപനില 43.5 ഡിഗ്രിയാണു രേഖപ്പെടുത്തിയത്.