കുറയുന്നില്ല കൊടുംചൂട്
Mail This Article
ന്യൂഡൽഹി ∙ ഉഷ്ണതരംഗത്തിൽ വലഞ്ഞ് ഡൽഹി. ഇന്നലെ നജഫ്ഗഡിൽ ഉയർന്ന താപനില 46.3 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. പാലം നിരീക്ഷണ കേന്ദ്രത്തിൽ 43.8 ഡിഗ്രിയായിരുന്നു ഉയർന്ന താപനില. പിതംപുര, നരേല എന്നിവിടങ്ങളിൽ 45 ഡിഗ്രിയും ആയാ നഗറിൽ 44 ഡിഗ്രിയുമായിരുന്നു ഉയർന്ന താപനില. അതേസമയം നഗരത്തിലെ ശരാശരി താപനില 43 ഡിഗ്രിയാണു രേഖപ്പെടുത്തിയത്.
സീസണിലെ ശരാശരി നിലയെക്കാൾ 3 ഡിഗ്രി കൂടുതലാണിത്. കുറഞ്ഞ താപനില 24 ഡിഗ്രിയാണു രേഖപ്പെടുത്തിയത്. ഉഷ്ണതരംഗ സാഹചര്യം വരും ദിവസങ്ങളിലും തുടരുമെന്നാണു വിലയിരുത്തൽ. ഇന്നു നഗരത്തിൽ അന്തരീക്ഷം മൂടിക്കെട്ടി കിടക്കുമെന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചൂടുകാറ്റ് സാഹചര്യം ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്. 25–35 കിലോമീറ്റർ ശക്തിയുള്ള കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. ഈയാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നു പ്രവചനമുണ്ട്.
അതേസമയം താപനിലയിൽ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണു വിലയിരുത്തൽ. ഈയാഴ്ച നഗരത്തിൽ ഉഷ്ണതരംഗമുണ്ടാകില്ലെന്നായിരുന്നു ഏതാനും ദിവസം മുൻപുള്ള കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. എന്നാൽ ഈ വിലയിരുത്തൽ തെറ്റിച്ചാണു താപനില 45 ഡിഗ്രിക്കു മുകളിൽ പലയിടത്തും രേഖപ്പെടുത്തിയത്. ഹരിയാന, യുപി, രാജസ്ഥാൻ, ദേശീയതലസ്ഥാന മേഖല എന്നിവിടങ്ങളിലെല്ലാം ശക്തമായ പൊടിക്കാറ്റ് വീണ്ടും അനുഭവപ്പെട്ടേക്കാമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. കാലവർഷം ജൂൺ പകുതിക്കു ശേഷം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തുമെന്നാണു കരുതപ്പെടുന്നത്.
ശുദ്ധജല പ്രതിസന്ധി രൂക്ഷം
കടുത്ത ചൂടിനിടെ ജനങ്ങളെ വലച്ച് ശുദ്ധജല പ്രതിസന്ധിയും. സൗത്ത് ഡൽഹിയുടെ പല ഭാഗങ്ങളിലും ശുദ്ധജല വിതരണം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്കു ശേഷം ജങ്പുര, ലജ്പത് നഗർ, സൗത്ത് എക്സ്റ്റൻഷൻ തുടങ്ങിയ ഭാഗങ്ങളിലെല്ലാം ജലവിതരണം തടസപ്പെട്ടുവെന്നാണു വിവരം. കടുത്ത വേനൽ സമയത്തു ജലവിതരണത്തിൽ തടസമുണ്ടാകരുതെന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്നും ജനങ്ങൾ പറയുന്നു.