മെട്രോ ടിക്കറ്റെടുക്കാൻ ഇനി യുപിഐ പേയ്മെന്റ് മതി
Mail This Article
ന്യൂഡൽഹി ∙ മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലെയും ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ നിന്നു ഇനി യുപിഐ പേയ്മെന്റ് സംവിധാനത്തിലൂടെ ടിക്കറ്റെടുക്കാം. ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ സ്റ്റേഷനുകളിലെയും ടിക്കറ്റ് കൗണ്ടറുകളിലും യുപിഐ സംവിധാനം ഏർപ്പെടുത്തുമെന്നു ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ നിന്നു യുപിഐ ഉപയോഗിച്ച് സ്മാർട്ട് കാർഡുകളും റീചാർജ് ചെയ്യാം.
ടിക്കറ്റ് വെൻഡിങ് മെഷീനുകളിലെ യുപിഐ പേയ്മെന്റ് സംവിധാനം രാജീവ് ചൗക്കിൽ ഡിഎംആർസി എംഡി ഡോ.വികാസ് കുമാർ ഉദ്ഘാടനം ചെയ്തു.2018ൽ നോയിഡയിലെയും ഗാസിയാബാദിലെയും ചില സ്‌റ്റേഷനുകളിലെ ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ യുപിഐ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ 125 സ്‌റ്റേഷനുകളിൽ കൂടി ഈ സംവിധാനം ഏർപ്പെടുത്തുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ മുഴുവൻ സ്റ്റേഷനുകളിലെയും ടിക്കറ്റ് വെൻഡിങ് മെഷീനുകളിൽ യുപിഐ സംവിധാനം നടപ്പാക്കുമെന്നും ഡൽഹി മെട്രോയുടെ കമ്യൂണിക്കേഷൻ വിഭാഗം പ്രിൻസിപ്പൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ അനൂജ് ദയാൽ പറഞ്ഞു.
എങ്ങനെ ?
∙ ടിക്കറ്റ് വെൻഡിങ് മെഷീനിൽ ആവശ്യമുള്ള സേവനം (ടിക്കറ്റ്, പുതിയ സ്മാർട്ട് കാർഡ്, കാർഡ് റീചാർജ്) തിരഞ്ഞെടുക്കുക.
∙ യുപിഐ പേയ്മെന്റ് ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ ടിക്കറ്റ് വെൻഡിങ് മെഷീന്റെ ഇടതുവശത്തുള്ള വലിയ സ്‌ക്രീനിൽ ക്യുആർ കോഡ് തെളിഞ്ഞുവരും.
∙ ഫോണിലെ യുപിഐ ആപ്പിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് പേയ്മെന്റ് നടത്താം
∙ പേയ്മെന്റ് നടപടികൾ പൂർത്തിയായാൽ ഉടൻ ഡിഎംആർസി ടിക്കറ്റ് വെൻഡിങ് മെഷീനിൽ നിന്നു ടിക്കറ്റ് ലഭിക്കും.
∙ പിന്നാലെ പണം സ്വീകരിച്ചതിന്റെ രസീതും ലഭിക്കും.
∙ ഇതേ മാതൃകയിൽ തന്നെ സ്മാർട്ട് കാർഡുകളും റീചാർജ് ചെയ്യാം.
അടിമുടി ഡിജിറ്റൽ
ഓൺലൈനായി ക്യുആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റെടുക്കാൻ DMRC Travel & Map Navigation എന്ന ആപ്പും ഡിഎംആർസി നേരത്തേ ഏർപ്പെടുത്തിയിരുന്നു. എയർപോർട്ട് ലൈനിൽ ഡൽഹി മെട്രോയുടെ 9650855800 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തു വാട്സാപ് വഴിയും ടിക്കറ്റെടുക്കാം.