ADVERTISEMENT

ന്യൂഡൽഹി ∙ ഒരു മാസം നീണ്ട പരിശ്രമങ്ങൾക്ക് ശേഷം യമുനയിലെ ഐടിഒ തടയണയുടെ കേടായ ഷട്ടറുകൾ തുറന്നു. ഡൽഹി സർക്കാരിന്റെ പ്രത്യേക അഭ്യർഥനയെ തുടർന്നാണു നാവികസേന തടയണയുടെ കേടായ 5 ഷട്ടറുകൾ തുറക്കാനുള്ള ശ്രമങ്ങൾ ജൂലൈ 14ന് ആരംഭിച്ചത്. വർഷങ്ങൾക്കു ശേഷമാണ് ഈ ഷട്ടറുകൾ തുറക്കുന്നത്. പ്രളയം രൂക്ഷമാകാൻ ഇടയാക്കിയത് ഈ ഷട്ടറുകൾ തുറക്കാൻ കഴിയാതിരുന്നതാണ്. 

 28, 29, 30, 31, 32 നമ്പർ ഷട്ടറുകളാണു ഇപ്പോൾ തുറന്നത്. നദിയുടെ അടിത്തട്ടിൽ ഷട്ടറുകളോടു ചേർന്ന് വൻതോതിൽ എക്കൽ അടിഞ്ഞുകൂടിയതാണു ഷട്ടറുകൾ തുറക്കുന്നത് പ്രയാസകരമാക്കിത്. മുങ്ങൽ വിദഗ്ധർ ദീർഘനേരം ഡ്രഡ്ജറുകൾ ഉപയോഗിച്ചാണ് എക്കൽ നീക്കം ചെയ്തത്.  ഷട്ടർ ഉയർത്താനുള്ള സംവിധാനവും കേടായിരുന്നു. ഒടുവിൽ ക്രെയിൻ ഉപയോഗിച്ചാണ് ഇവ ഉയർത്തിയത്. 24 പേരുടെ നാവികസേന സംഘമാണു ഷട്ടർ ഉയർത്താൻ പ്രയത്നിച്ചത്. ആവശ്യമായ ഉപകരണങ്ങൾ മുംബൈയിൽ നിന്നെത്തിച്ചു. 

ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ മഴ ശക്തമായതോടെ ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്നു കൂടുതൽ ജലം ഒഴുക്കിവിട്ടതാണു യമുനയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്താൻ ഇടയാക്കിയത്. 40 വർഷത്തിനുശേഷം ഏറ്റവും കൂടിയ ജലനിരപ്പുമായി യമുന നിറഞ്ഞൊഴുകിയപ്പോൾ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഐടിഒ തടയണയുടെ ഷട്ടറുകൾ തുറക്കാൻ കഴിയാതെ വന്നതോടെ വെള്ളപ്പൊക്കം സുപ്രീംകോടതിയുടെ തൊട്ടുമുന്നിൽ വരെ എത്തിയിരുന്നു.

യമുനയിലെ ജലനിരപ്പ് വീണ്ടും അപകടനിലയ്ക്ക് മുകളിലെത്തി

യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും അപകടനില കടന്നു. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും പെയ്യുന്ന കനത്ത മഴയാണ് യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണം. ഇന്നലെ വൈകിട്ടാണ് നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തിയത്. ചില താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെങ്കിലും പ്രളയ ഭീഷണിയില്ലെന്ന് ജലസേചന വകുപ്പ് അധികൃതർ വ്യക്തമാക്കി. എന്നാൽ, ഇന്നലെ രാവിലെ നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തിനു തടസ്സമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com