മലിനവായു ശ്വസിച്ച് ജനം; ഇടപെട്ട് സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിലെ അപകട വായു കാരണം ജനം വീർപ്പുമുട്ടുന്നതിനിടെ വായു മലിനീകരണം തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകാൻ ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സർക്കാരുകളോടു സുപ്രീം കോടതി നിർദേശിച്ചു. കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു തടയാൻ സ്വീകരിച്ച നടപടികളും വിശദീകരിക്കണം.
വായു മലിനീകരണം കാരണം ഡൽഹിയിൽ ഇപ്പോൾ വീടിനു പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്നു ജസ്റ്റിസുമാരായ സുധാൻശു ധുലിയ, സഞ്ജയ് കിഷൻ കൗൾ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. അയൽ സംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതാണു ഡൽഹിയിലെ വായു മലിനീകരണത്തിന് പ്രധാന കാരണമെന്നു കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് പറഞ്ഞു. വായു മലിനീകരണം ആരംഭിച്ചതു മുതൽ നിലവിലെ അവസ്ഥ വരെയുള്ള വിവരങ്ങൾ കാര്യകാരണ സഹിതം വിശദീകരിച്ച് റിപ്പോർട്ട് നൽകാൻ കമ്മിഷനോടും കോടതി നിർദേശിച്ചു. ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാന കാരണം കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു തന്നെയാണെന്നു കോടതിയും വ്യക്തമാക്കി.
കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റിനോട് വായു മലിനീകരണം തടയാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി നേരത്തേ നിർദേശിച്ചിരുന്നു. മലിനീകരണം തടയാൻ വിവിധ നടപടികൾ സ്വീകരിച്ചെന്നു കേന്ദ്ര സർക്കാർ വിശദീകരിച്ചപ്പോൾ നടപടികളെല്ലാം കടലാസിൽ മാത്രമേ ഉള്ളുവെന്നും അവസ്ഥ ഇപ്പോഴും പരിതാപകരമാണെന്നുമാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ മറുപടി നൽകിയത്.
ദശാബ്ദങ്ങൾക്കു മുൻപ് ഈ സമയത്തെ അന്തരീക്ഷം ഡൽഹിയിലെ ഏറ്റവും മികച്ച കാലാവസ്ഥയായിരുന്നു. എന്നാൽ, അടുത്ത തലമുറ അനുഭവിക്കാനിരിക്കുന്നത് അതിഭീകരമായ അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശങ്കയായി മൂടൽമഞ്ഞും
വായു മലിനീകരണം അതിരൂക്ഷമായിരിക്കുന്ന ഡൽഹിയിൽ ഇന്നലെ മുതൽ രാവിലെ മൂടൽമഞ്ഞും രൂപപ്പെട്ട് തുടങ്ങി. ഇന്നലെ രാവിലെ 10ന് ഡൽഹിയിലെ ശരാശരി വായുനിലവാര സൂചിക 350 ആണ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും ഉയർന്ന മലിനീകരണ നിരക്കാണിത്. രോഹിണിയിൽ 410, മുണ്ട്ക 433 ആയി അതീവ അപകടകരമായ വായുനിലവാരത്തിലാണ് സൂചിക.