ADVERTISEMENT

ന്യൂഡൽഹി ∙ കേരള രുചികൾക്കായി ഓരോ വർഷവും ഡൽഹി മലയാളികൾ കാത്തിരിക്കുന്നതാണു പ്രഗതി മൈതാനിലെ രാജ്യാന്തര വ്യാപാര മേള. മാർ‌ക്കറ്റ് ഫെ‍ഡിന്റെയും മത്സ്യഫെഡിന്റെയും കുടുംബശ്രീയുടെയും ഔഷധിയുടെയും സ്റ്റാളിലെ തിരക്ക് കേരളത്തിൽ നിന്നുള്ള പ്രാദേശിക ഭക്ഷ്യോൽപന്നങ്ങൾക്കുള്ള പ്രാധാന്യതിന്റെ തെളിവാണ്. 

 പക്ഷേ, 27ന് വ്യാപാര മേള അവസാനിക്കും. തനിനാടൻ രുചിക്കായി അടുത്ത വർഷം വരെയുള്ള ഡൽഹി മലയാളികളുടെ ഈ കാത്തിരിപ്പിനു സംസ്ഥാന സർക്കാർ വിചാരിച്ചാൽ പരിഹാരം കണ്ടെത്താവുന്നതെയുള്ളൂ. കേരള ഹൗസിനോട് ചേർന്നോ, ഉദ്ഘാടനം കഴിഞ്ഞ് 100 ദിവസമായിട്ടും വാതിൽ തുറക്കാത്ത ട്രാവൻകൂർ പാലസിനോടു ചേർന്നോ മലയാളി ഉൽപന്നങ്ങൾക്കായി ഒരു സ്റ്റാൾ തുടങ്ങിയാൽ മലയാളികൾ മാത്രമല്ല, ഉത്തരേന്ത്യക്കാർ കൂടി ഇടിച്ചുകയറുമെന്നാണു കേരള പവിലിയനിൽ സാധനങ്ങൾ വാങ്ങാനെത്തിയവർ സാക്ഷ്യപ്പെടുത്തുന്നത്.

താരമായി വെളിച്ചെണ്ണ
കേരള പവിലിയനിലെ മാർക്കറ്റ് ഫെ‍ഡിന്റെ കൗണ്ടറുകളിൽ 6 ദിവസം കൊണ്ടു വിറ്റഴിച്ചത് 500 ലീറ്റർ കേരജം വെളിച്ചെണ്ണയാണ്. ചെങ്ങന്നൂർ ശർക്കര, നല്ലെണ്ണ, കശുവണ്ടി, മസാലക്കൂട്ടുകൾ തുടങ്ങിയവ വാങ്ങാനും തിരക്കേറെയുണ്ട്. ‌മത്സ്യഫെഡിന്റെ സ്റ്റാളിന് മുന്നിൽ ചെമ്മീൻ ചമ്മന്തിക്കും ചെമ്മീൻ റോസ്റ്റ് ഫ്രൈക്കുമാണ് ആവശ്യക്കാർ കൂടുതൽ.

കുടുംബശ്രീയുടെ ഉൾപ്പെടെയുള്ള സ്റ്റാളുകളിൽ കായ വറുത്തതും ചക്ക വറുത്തതും ആദ്യ സ്റ്റോക്ക് തീർന്നു. കുടംപുളി, ഫാഷൻ ഫ്രൂട്ട് സ്ക്വാഷ്, നറുനീണ്ടി സ്ക്വാഷ്, ചക്ക സ്ക്വാഷ് തുടങ്ങി തനിനാടൻ വിഭവങ്ങൾക്കും ആവശ്യക്കാരേറെയുണ്ട്. കേരഫെഡിന്റെ സ്റ്റാളിലും കേര വെളിച്ചെണ്ണ തന്നെയാണ് ആകർഷണം.

മാർക്കറ്റ് ഫെഡ് ഉഷാറാക്കണം
1976 മുതൽ മാർക്കറ്റ് ഫെഡിന് ഡൽഹിയിൽ ബ്രാഞ്ചുണ്ട്. വികാസ്പുരിയിലെ ഗോഡൗണിൽ കോവിഡ് രൂക്ഷമാകുന്നതിന് മുൻപ് മൊത്തക്കച്ചവടം സജീവമായിരുന്നു. വെളിച്ചെണ്ണ, കറിക്കൂട്ടുകൾ, നല്ലെണ്ണ, തേങ്ങാപ്പൊടി, സുഗന്ധ ദ്രവ്യങ്ങളും കശുവണ്ടി എന്നിവയ്ക്ക് ഇപ്പോൾ ചില്ലറ വ്യാപാരമുണ്ട്. മുൻപ് കേരള ഹൗസുമായി ചേർന്ന് ഒരു വിൽപന കേന്ദ്രം തുറക്കുന്നതിനെപ്പറ്റി മാർക്കറ്റ് ഫെഡ് ആലോചിച്ചിരുന്നു. പിന്നീട് മുന്നോട്ടു പോയില്ല. ഡൽഹിയിൽ ഒരു ഔട്ട്​ലെറ്റ് തുടങ്ങിയാൽ കൂടുതൽ ഉൽപന്നങ്ങൾ എത്തിച്ച് വിൽപന സജീവമാക്കാൻ കഴിയുമെന്ന് മാർക്കറ്റ് ഫെഡ് ഡൽഹി ബ്രാഞ്ച് മാനേജർ എൻ.പി.അറുമുഖൻ പറഞ്ഞു.

കുടുംബശ്രീയുടെ സാധ്യത
മുപ്പതിലേറെ മലയാളി സംഘടനകളുള്ള ഡൽഹിയിൽ കുടുംബശ്രീ സംരംഭങ്ങൾക്കു വലിയ സാധ്യതയുണ്ട്. കേരളത്തിൽ വിവിധ ജില്ലകളിൽ കുടുംബശ്രീ ബസാറുകളുടെ മാതൃകയിൽ ഡൽഹിയിൽ ഒരെണ്ണം പരീക്ഷിക്കാവുന്നതാണ്. കുടുംബശ്രീ മിഷൻ വഴി തന്നെ വിവിധ യൂണിറ്റുകളുടെ കേരളത്തനിമയുള്ള ഉൽപന്നങ്ങൾ ഡൽഹിയിലെത്തിച്ചു വിൽപന നടത്താൻ കഴിയും. ഇതിനോടകം തന്നെ വെളിച്ചെണ്ണ മാത്രം 350 ലീറ്റർ വിറ്റു കഴിഞ്ഞു. 2 ആഴ്ചയ്ക്കുള്ളിൽ വിൽപന സാധ്യത ഇതാണെങ്കിൽ ഒരു സ്ഥിരം സംവിധാനം ഡൽഹിയിൽ ഉണ്ടെങ്കിൽ വിവിധ സ്ഥലങ്ങളിൽ നിന്നും മലയാളികളും മറുനാട്ടുകാരും തേടി വരും. 

വാങ്ങാന്‍ ഇഷ്ടംപോലെ ആളുണ്ട്
‘35 വർഷമായി ഡൽഹിയിൽ താമസിക്കുന്നു. എങ്കിലും ജീവിതശൈലിയും ഭക്ഷണ രീതിയും ഇനിയും പൂർണമായി ഡൽഹി രീതികളിലേക്കു മാറിയിട്ടില്ല. നാട്ടിൽ നിന്നുള്ള സാധനങ്ങൾ വാങ്ങാൻ മലയാളിക്കടകളെയാണ് സാധാരണ ആശ്രയിക്കുന്നത്. ഓരോ വർഷവും വ്യാപാര മേള ആരംഭിക്കുമ്പോഴാണ് കേരളത്തിൽ നിന്നുള്ള തനി നാടൻ ഉൽപന്നങ്ങൾ വാങ്ങുന്നത്. ഈ ഉൽപന്നങ്ങളുടെ വിൽപനയ്ക്കായി ഒരു കേന്ദ്രം സർക്കാർ തന്നെ ആരംഭിച്ചാൽ ഡൽഹിയിലെ മലയാളികൾക്ക് ഏറെ ഉപകാരമാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്തരേന്ത്യക്കാരും ഈ ഉൽപന്നങ്ങൾ വാങ്ങുമെന്നുറപ്പാണ്.’ -  ∙ മോഹന ചന്ദ്രൻ,  ലഡോ സരോയ്, ഡൽഹി

പൊലീസ് രുചിയും സംസ്കാരവും
‘മകനു ചക്ക സ്ക്വാഷ് ഭയങ്കര ഇഷ്ടമാണ്. ഇതു തിരക്കിയാണു വ്യാപാര മേളയുടെ കുടുംബശ്രീ സ്റ്റാളിലെത്തിയത്. ഡൽഹിയിൽ ഇതിവിടെ മാത്രമേ കിട്ടുകയുമുള്ളൂ. മലയാളികളുടെ രുചിയോർമകളിൽ ഗൃഹാതുരത്വമുണർത്തുന്ന നിരവധി നാടൻ ഉൽപന്നങ്ങളുണ്ട്. മിക്കവാറും കടകളിൽ ഇവ ലഭ്യവുമല്ല. ഉദാഹരണത്തിന് ചക്ക. ഉത്തരാഖണ്ഡിൽ നിന്നു വരുന്ന രുചിയും വലുപ്പവും കുറഞ്ഞ ചക്കയല്ലാതെ തനിനാടൻ ചക്ക ഡൽഹിയിൽ കിട്ടാനില്ല. മാത്രമല്ല, മലയാളിയുടെ ഭക്ഷണ ശീലങ്ങൾ സംസ്കാരത്തിന്റെ കൂടി ഭാഗമാണ്. പുതിയ തലമുറയെ ഈ സംസ്കാരത്തോട് അടുപ്പിച്ചുനിർത്താൻ ഈ ഉൽപന്നങ്ങളും രുചികളും ലഭിക്കുന്ന ഒരിടം കേരള സർക്കാർ തന്നെ മുൻകയ്യെടുത്ത് ഒരുക്കേണ്ടതാണ്. ഡൽഹിയിലെ മലയാളി സംഘടനകളെക്കൂടി പങ്കെടുപ്പിച്ച് കുടുംബശ്രീ പോലെയുള്ള സംരംഭങ്ങളുടെ ഉൽപന്നങ്ങൾക്കായി ട്രാവൻകൂർ പാലസിനോടു ചേർന്ന് ഒരു സ്ഥിരം സംവിധാനം ഒരുക്കണം.’ - ∙ ഡോ.കെ.അനിൽ,ചീഫ് മെഡിക്കൽ ഓഫിസർ,ഹോമിയോപ്പതി ഡിസ്പെൻസറി, പട്യാല ഹൗസ് കോടതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com